വളച്ചൊടിച്ചവർക്ക് സമർപ്പിതം, കമ്മാര സംഭവം ഫസ്റ്റ് ലുക്ക്
Thursday, January 4, 2018 10:39 AM IST
ദിലീപ് നായകനാകുന്ന പുതിയ ചിത്രമായ കമ്മാരസംഭവത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദിലീപ് തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തിറക്കിയത്. കട്ടിയുള്ള താടിയുമായി പരുക്കൻ മുഖഭാവത്തിലാണ് താരം പോസ്റ്ററിലെത്തുന്നത്. ഒരു കുറിപ്പും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചു.

പ്രതിസന്ധിയിൽ ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ദിലീപ് പോസ്റ്റ് തുടങ്ങുന്നത്. ചരിത്രം ചമച്ചവർക്കും വളച്ചവർക്കും ഒടിച്ചവർക്കും വളച്ചൊടിച്ചവർക്കും ഫസ്റ്റ് ലുക്ക് പോസ്റ്റർ സമർപ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആറുമാസങ്ങൾക്ക് ശേഷം ഇതാദ്യമായാണ് സ്വന്തം പേജിൽ ദിലീപ് ഒരു പോസ്റ്റ് കുറിക്കുന്നത്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. തമിഴ് നടൻ സിദ്ധാർഥും ദിലീപിനൊപ്പം മറ്റൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. മുരളി ഗോപിയും സിനിമയിൽ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. ഗോകുലം മൂവീസ് നിർമിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്.

ദിലീപിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.