നിവിൻ പോളിയെ ഞെട്ടിച്ച് അപ്രതീക്ഷിത അതിഥികൾ
Saturday, November 25, 2017 11:41 PM IST
നിവിൻ പോളി നായകനാകുന്ന റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണം കാസർഗോട്ട് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് സെറ്റിലേക്ക് രണ്ടു അപ്രതീക്ഷിത അതിഥികൾ എത്തിച്ചേർന്നത്. തമിഴകത്തിന്‍റെ സൂപ്പർതാരം സൂര്യയും ഭാര്യ ജ്യോതികയുമാണ് താരപരിവേഷങ്ങൾ മാറ്റിവച്ച് നിവിനെ കാണാൻ ലൊക്കേഷനിൽ എത്തിയത്.

കാസർഗോട്ടെ കേരള- കർണാടക അതിർത്തിയായ രാമാടി എന്ന ചെറുഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ആശംസകൾ അർപ്പിക്കുന്നതിനോടൊപ്പം കേക്ക് മുറിച്ച് ലൊക്കേഷനിൽ ഏറെ നേരം ചിലവഴിച്ചാണ് താരദമ്പതികൾ മടങ്ങിയത്.ബിഗ് ബജറ്റിലൊരുങ്ങുന്ന കായംകുളം കൊച്ചുണ്ണിയുടെ പ്രധാന സവിശേഷത നിവിൻ പോളിയുടെ കിടിലൻ മേക്കോവർ തന്നെയായിരിക്കും. പറ്റെവെട്ടിയ മുടിയും പിരിച്ച കൊമ്പൻ മീശയും കഴുത്തിലും കൈയിലും ചരടുകളും തോളിൽ തോക്കും തിരകളും അരയിൽ വീതിയേറിയ ബൽറ്റും അണിഞ്ഞ് നിൽക്കുന്ന ‘കൊച്ചുണ്ണിക്ക്’ വൻ വരവേൽപ്പാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. ചിത്രത്തിൽ നിവിന്‍റെ നായികയായി എത്തുന്നത് അമല പോളാണ്. ഉഡുപ്പി, മംഗലാപുരം, ശ്രീലങ്കയിലെ കാൻഡി എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നടക്കുക. പഴയകാലത്തെ കായംകുളവും പരിസര പ്രദേശങ്ങളും ശ്രീലങ്കയിൽ പുനഃസൃഷ്‌ടിച്ചായിരിക്കും ചിത്രീകരണം. ഗോകുലം ഗോപാലൻ നിർമിക്കുന്ന കായംകുളം കൊച്ചുണ്ണി അടുത്ത വർഷം മാർച്ചോടെ തീയറ്ററുകളിൽ എത്തും.

രംഗ് ദേ ബസന്തി, ഭാഗ് മിൽഖാ ഭാഗ്‌, ദേവദാസ് തുടങ്ങിയ വമ്പൻ ബോളിവുഡ് ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ചിട്ടുള്ള ബിനോദ്‌ പ്രധാനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഏഴോളം സംഘട്ടനരംഗങ്ങൾ ഉള്ള ചിത്രത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള ആക്ഷൻ കോറിയോഗ്രാഫേഴ്സാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യാൻ എത്തുന്നത്.

ചിത്രങ്ങൾ കാണാം: