"വിമാന'ത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ അന്ന് അവസാനിച്ചിരുന്നു: പൃഥ്വിരാജ്
Sunday, November 5, 2017 3:31 AM IST
പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് എം. നായർ ഒരുക്കിയ വിമാനം റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാഴ്ത്തി തന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദീപ് എം നായര്‍ക്കൊപ്പം പൃഥ്വിരാജ് വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന് "മീറ്റർ ഗേജ് 1904'എന്നാണ് പേരിട്ടിരിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് സന്തോഷ വാര്‍ത്ത ആരാധകരോട് താരം പങ്കുവയ്ക്കുന്നത്.വിമാനം തന്‍റെ സ്വപ്ന പദ്ധതിയാണെന്നും താരം പറയുന്നു. 2014 മുതൽ പ്രദീപും താനും ഈ ചിത്രത്തിന്‍റെ ചർച്ചകളിലായിരുന്നു. ഒരുഘട്ടത്തിൽ ഈ ചിത്രം നടക്കുമെന്ന പ്രതീക്ഷകള്‍ വരെ അവസാനിച്ചിരുന്നു. എന്നാല്‍ ഒരുദിവസം, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ വിമാനത്തിന്‍റെ തിരക്കഥ കേട്ടു. അതാണ് കാര്യങ്ങള്‍ മാറ്റിമറിച്ചതെന്നും പൃഥ്വിരാജ് തുറന്നുപറയുന്നു. വിമാനത്തിന്‍റെ ജോലികൾ കഴിഞ്ഞുവെന്നും തങ്ങളുടെ പുതിയ ചിത്രം പ്രഖ്യാപിക്കുന്നതിന് ഇതിനേക്കാള്‍ നല്ല ദിവസമില്ലെന്നും അദ്ദേഹം പറഞ്ഞു. താനും പ്രദീപും പങ്കുവച്ച സ്വപ്നമാണിതെന്നും എന്നാൽ, അത് എപ്പോഴാണെന്നൊന്നും തന്നോട് ചോദിക്കരുതെന്നും പൃഥ്വി പറയുന്നു.

ഒരുപാട് ഗവേഷണവും തയാറെടുപ്പും ഈ ചിത്രം ആവശ്യപ്പെടുന്നുണ്ട്. ചരിത്രം, ഭാവന, പ്രേമം, നന്മ എന്നിവ സമന്വയിക്കുന്ന ചിത്രമാണ് മീറ്റര്‍ ഗേജെന്നും സ്നേഹത്തിന് വേണ്ടി അസാധ്യമായതിനെ സാധ്യമാക്കി തീര്‍ത്ത എൻജിനിയര്‍ കുരുവിളയുടെ കഥയാണിതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.