വേറിട്ടൊരു യാത്രയാണ് ആഭാസം...!
Saturday, May 5, 2018 2:59 PM IST
സമൂഹത്തിൽ നടക്കുന്ന കൊള്ളരുതായ്മകളെ തുറന്നുകാട്ടാനുള്ള ശ്രമമാണ് നവാഗതനായ ജുബിത് നമ്രടത്ത് ആഭാസത്തിലൂടെ നടത്തിയിരിക്കുന്നത്. സെൻസർ ബോർഡിന്‍റെ ഇടപെടലും ചിത്രത്തിന്‍റെ പേരും റിലീസിന് മുൻപേ തന്നെ പ്രേക്ഷകരുടെ ഇടയിൽ ആഭാസത്തിന് സ്ഥാനം നേടിക്കൊടുത്തിരുന്നു.

ഗാന്ധി ബസിലെ ഡ്രൈവറും കിളിയും പിന്നെ യാത്രക്കാരുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. നായകൻ-നായികയെന്ന ലേബലിൽ നിന്നും മാറി ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യം നൽകികൊണ്ട് കഥപറഞ്ഞു പോകുന്ന രീതിയാണ് ചിത്രത്തിൽ സ്വീകിരിച്ചിരിക്കുന്നത്.

ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ബസിലെ ഓരോ യാത്രക്കാരുടെയും തനിനിറം സംവിധായകൻ തുറന്നു കാട്ടുകയാണ് ആഭാസത്തിൽ. എല്ലാത്തരം ആൾക്കാരും ഈ ബസിലുണ്ട്. അവരുടെ കാഴ്ചപ്പാടുകൾ പല കോണിലേക്കും പ്രേക്ഷകരെ യാത്ര ചെയ്യിക്കും, പല ചിന്തകളിലേക്കും തള്ളിയിട്ടെന്നുമിരിക്കും. ഇതൊരു വേറിട്ട യാത്രയാണ്, മലയാള സിനിമ ഇതുവരെ പരീക്ഷിക്കാത്ത തരത്തിലുള്ള യാത്ര.



ഗാന്ധി ബസിലേക്ക് യാത്രക്കാർ കടന്നുവരുന്നതോടെയാണ് ചിത്രം ട്രാക്കിലാകുന്നത്. ബസിലെ കിളിയായി സുരാജ് വെഞ്ഞാറമൂട് വേറിട്ട പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സംഭാഷണങ്ങളിലൂടെ പെരുമാറ്റത്തിലൂടെ സമീപനത്തിലൂടെ ഇവിടെ ഓരോരുത്തരും വിലയിരുത്തപ്പെടുകയാണ്. ന്യൂജൻ പിളേളർ മുതൽ തലമുതിർന്നവർ വരെ ബസിലുണ്ട്. ഇവർക്കിടയിലേക്ക് ആക്ഷേപഹാസ്യത്തിന്‍റെ വിത്ത് പാകുകയാണ് സംവിധായകൻ ചെയ്തിരിക്കുന്നത്. സംഭവം അത്രയ്ക്കങ്ങ് ഏശിയില്ലെങ്കിലും തരക്കേടില്ലെന്ന് പറയാം.

രണ്ടെണ്ണം അടിച്ചാൽ മാത്രം പുറത്തു ചാടുന്ന ചിലരുടെ ആഭാസത്തരങ്ങൾ സംവിധായകൻ കൃത്യമായി വരച്ചിടുന്നുണ്ട്. പെണ്ണിനെ ശരീരമായി മാത്രം കാണുന്നവരുടെ പ്രതിനിധിയും ബസിലുണ്ട്. അവരുടെ കണ്ണുകളിൽ നിന്നും പെരുമാറ്റത്തിൽ നിന്നും രക്ഷനേടേണ്ടി വരുന്ന പെണ്ണിന്‍റെ അവസ്ഥ തന്‍റേടത്തോടെ കാട്ടിത്തരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.



റിമ കല്ലിങ്കൽ ന്യൂജനറേഷൻ പെണ്‍കുട്ടിയുടെ ചിന്താഗതികളോടെ കടന്നു പോകുന്പോൾ ആണുങ്ങളുടെ കുത്തക അവകാശമെന്ന് സിനിമാക്കാർ വാഴ്ത്തി പാടിയ ചില സംഗതികൾ ആഭാസത്തിൽ പൊളിച്ചെഴുതുന്നുണ്ട്. പല ചിന്താഗതിക്കാർ ഒരു ബസിൽ കയറിക്കൂടുന്പോൾ ഉണ്ടായേക്കാവുന്ന ബോറടി തന്നെ ചിത്രത്തെയും പലഘട്ടങ്ങളിൽ പിടികൂടിയിട്ടുണ്ട്. യാത്രക്കാരുടെ ജോലിക്കാര്യങ്ങളും മറ്റും ഫോണ്‍ സംഭാഷണങ്ങളിലൂടെ പുറത്തുവരുന്പോൾ അതിൽ രാഷ്ട്രീയം കലർത്താനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.

ഡ്രൈവറായി എത്തിയ അലൻസിയർ സ്വഭാവിക അഭിനയത്തിലൂടെ ജിയോ സിം സമൂഹത്തിലുണ്ടാക്കിയ മാറ്റം കൃത്യമായി കാട്ടിത്തരുന്നുണ്ട്. സൗജന്യങ്ങളോട് മലയാളിക്കുള്ള ആർത്തിയെയും സംവിധായകൻ നന്നായി പരിഹസിക്കുന്നുണ്ട്. പശ്ചാത്തല സംഗീതമോ ചിത്രത്തിൽ ഉൾപ്പെടുത്തിയ പാട്ടുകളോ ആഭാസത്തിന്‍റെ മാറ്റ് കൂട്ടിയില്ല. പ്രേക്ഷകരെ ചിരിപ്പിച്ചേ അടങ്ങൂയെന്ന വാശിയോടെ കയറ്റിവിട്ട കോമഡി രംഗങ്ങളും ചിത്രത്തിന് കല്ലുകടിയാണ്.



തന്‍റേതായ തീരുമാനമുള്ള ജിലു ജോസഫും രോഗിയായ ഇന്ദ്രൻസുമെല്ലാം ജീവിതത്തിന്‍റെ പല തലങ്ങൾ ചിത്രത്തിൽ കാട്ടിത്തരുന്നുണ്ട്. പല സിനിമകളിലും പെയിന്‍റടിക്കുന്ന രംഗം കണ്ടിട്ടുണ്ടെങ്കിലും അതൊരു അത്ഭുതമായി തോന്നിയത് ആഭാസത്തിൽ ഇന്ദ്രൻസ് പെയിന്‍റടിക്കുന്നത് കണ്ടപ്പോളാണ്. ആദ്യ മണിക്കൂറിൽ വലിയ വഴിത്തിരിവുകളോ സംഭവങ്ങളോ ഒന്നും ചിത്രത്തിൽ സ്ഥാനം പിടിച്ചിട്ടില്ല. രണ്ടാം പകുതിയിൽ സുരാജ് തന്‍റെ ലീലാവിലാസങ്ങൾ ഓരോന്ന് പുറത്തെടുത്ത് തുടങ്ങിയതോടെ ചിത്രത്തിന്‍റെ വേഗം കൂടുകയായിരുന്നു.

ഒന്നുമില്ലായ്മയിൽ നിന്നും എന്തൊക്കയോ പൊന്തിവന്നു തുടങ്ങിയപ്പോൾ ചിത്രത്തിന്‍റെ ലെവൽ മാറുകയാണെന്ന് തോന്നുമെങ്കിലും ആഭാസം ശരാശരി നിലവാരത്തിൽ മാത്രമേ എത്തിയുള്ളൂ. രണ്ടാം പകുതിയിൽ ഒരുപാട് സംഗതികൾ ചിത്രത്തിൽ കയറിക്കൂടുന്നുണ്ട്. പക്ഷേ, അതൊന്നും യാത്ര സുഗമമാക്കാൻ പര്യാപ്തമായില്ല. ആഭാസം പലതും പറയാൻ ശ്രമിക്കുന്നുണ്ട്. ചിലതൊക്കെ കാട്ടിത്തരുന്നുമുണ്ട്. പക്ഷേ, പൂർണതയിൽ എത്തിയില്ലായെന്ന് മാത്രം.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.