പ്രണയ മഴയായി "ആമി'
Friday, February 9, 2018 6:13 PM IST
കൈവെള്ളയിൽ ഒതുങ്ങുന്ന പൂവിനെ തലോടാനല്ല, മറിച്ച് കൈവെള്ളയിൽ ഒതുങ്ങാത്ത പൂമരത്തിന്‍റെ അരികിൽ ചേർന്നു നിൽക്കാനാണ് കമൽ "ആമി'യിലൂടെ ശ്രമിച്ചിരിക്കുന്നത്. കഥയിലൂടെയും കവിതകളിലൂടെയും മനസുകളിൽ നിന്നും മനസുകളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന മാധവിക്കുട്ടിയെന്ന എഴുത്തുകാരിയെ ബിഗ്സ്ക്രീനിലേക്ക് പറിച്ച് നടാൻ കമൽ ആവോളം പണിപ്പെട്ടിട്ടുണ്ട്. വിവാദങ്ങൾ പിന്നാലെയുണ്ടെന്ന് മനസിലാക്കിയിട്ടും എടുത്ത തീരുമാനത്തിൽ ഉറച്ചുനിന്ന മാധവിക്കുട്ടിയുടെ ശീലം കമലിനെയും പിടികൂടിയപ്പോഴാണ് ആമി പലവർണങ്ങളുള്ള പൂവായി ബിഗ്സക്രീനിൽ വിരിഞ്ഞത്. ആമിയായി മാധവിക്കുട്ടിയായി കമലാദാസായി കമലാസുരയ്യയായി ഒറ്റ ജീവിതത്തിലെ പല നാമങ്ങളായി ഒരു വ്യക്തി മാറിയതിന്‍റെ കഥ ഒഴുക്കോടെ പറയാൻ കമൽ ശ്രദ്ധിച്ചിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ പല ദിക്കിൽ നിന്നും തലപൊക്കിയേക്കാം പക്ഷേ, ആ അഭിപ്രായങ്ങളിലത്രയും കമലാ സുരയ്യയെന്ന എഴുത്തുകാരിയോടുള്ള സ്നേഹം തളംകെട്ടി നിൽപ്പുണ്ടെന്നു മാത്രം.



ചുറ്റുപാടുകളെ പ്രണയിച്ച ആമി

ആശുപത്രി കിടക്കയിൽ നിന്നും തുടങ്ങി പതിയെ പഴയകാലത്തിന്‍റെ ഓർമകളിലേക്കാണ് ആമി പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നത്. കുഞ്ഞുനാൾ മുതൽ ചുറ്റുപാടുകളെ പ്രണയിച്ച് തുടങ്ങിയ ആമിയാണ് പിന്നീട് അക്ഷരങ്ങളെ പ്രണയിക്കാൻ തുടങ്ങിയത്. വീട്ടുമുറ്റത്തെ നീർമാതളത്തേയും കാവിനെയും പിന്നെ വീട്ടുജോലിക്കാരെ വരെയും സ്നേഹത്തിന്‍റെ കണ്ണുകൊണ്ട് നോക്കാനായിരുന്നു അവൾക്കിഷ്ടം. കമല സുരയ്യയുടെ ചെറുപ്പക്കാലം മഴയിൽ പെയ്തിറങ്ങിയ ചിരിപോലെ ആഞ്ജലീന എബ്രഹാം അവതരിപ്പിച്ചട്ടുണ്ട്. ആ ചിരിയും കണ്ണുകളും പല കഥകൾ നമ്മോടു സംവദിക്കും. ഒരു നൂറ് കഥകൾ കണ്ണിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് തോന്നി പോകും കുട്ടി ആമിയുടെ പ്രകടനം കാണുന്പോൾ.

നീലാഞ്ജനയിൽ കൗമാരം ഭദ്ര

കൗമാരത്തിന്‍റെ പിടിയിലേക്ക് വന്നു വീണത് മുതൽ അങ്ങോട്ട് നീലാഞ്ജനയെന്ന മിടുക്കിയാണ് കമലാ സുരയ്യയുടെ വേഷം കെട്ടിയാടിയത്. അവിടെയും സംവിധായകൻ മിഴികൾകൊണ്ട് കഥപറയാൻ പറ്റുന്നൊരു നടിയെ തന്നെയാണ് കണ്ടെത്തിയത്. സാക്ഷാൽ കൃഷ്ണനെ പ്രണയിക്കുന്ന രാധയായി കമല മാറുന്നത് നീലാഞ്ജന കൈയടക്കത്തോടെ ചെയ്തിട്ടുണ്ട്. എത്രതരം ഭാവങ്ങളാണ് ആ മുഖത്ത് കളിയാടിയത്. പ്രണയവും കാമവും പിന്നെ സ്നേഹവുമെല്ലാം അതിരുവിടാതെ തന്നെ വിരിഞ്ഞു. മാധവദാസിലേക്ക് മാത്രമായി ഒതുങ്ങേണ്ട ലോകത്തു നിന്നാണ് എഴുത്തുകാരിയായി കമല ഉയരുന്നത്. അക്ഷരങ്ങളെ പ്രണയിച്ചവളെ അക്ഷരങ്ങൾ തിരിച്ച് പ്രണയിക്കാൻ തുടങ്ങിയ കാലം. സ്വതന്ത്രമായ ലോകത്തേയ്ക്ക് അക്ഷരങ്ങളെ കയറൂരി വിട്ടാൽ അവ മനസിൽ തറയുന്ന വാചകങ്ങളായും വാക്കുകളായും കഥകളായും കവിതകളായുമെല്ലാം രൂപാന്തരം പ്രാപിക്കും. കമലയുടെ സ്വതന്ത്രമായ ലോകത്തും അതു തന്നെയാണ് സംഭവിച്ചത്.



മാധവദാസില്ലെങ്കിൽ കമലാദാസില്ല

ഒരു മനുഷ്യനുണ്ടായേക്കാവുന്ന കുറവുകളെ മാധവദാസിനും ഉണ്ടായിരുന്നുള്ളു. കമലയുടെ പേരിനൊപ്പം ദാസും കൂടി ചേർന്നതോടെ ആ കുറവുകളെല്ലാം എങ്ങോ പോയി മറഞ്ഞു. ആമിയിൽ മാധവദാസായി പകർന്നാടിയിരിക്കുന്നത് മുരളി ഗോപിയാണ്. പ്രോത്സാഹനം എന്നു പറഞ്ഞാൽ ഇങ്ങനെയാവണം. ഒരാളെ എഴുത്തിന്‍റെ ലോകത്തേക്ക് പൂർണമായി തള്ളിയിടുക. അവരെ ആ ലോകത്തിൽ വിഹരിക്കാൻ അനുവദിക്കുക. ഇതെല്ലാം മാധവദാസ് ചെയ്തിട്ടുണ്ട്. ആ ചെയ്തികളെ പൂർണാർഥത്തിൽ പകർന്നാടാൻ മുരളി ഗോപിക്ക് കഴിഞ്ഞട്ടുണ്ട്. കമലാ സുരയ്യയുടെ മനസിൽ എപ്പോഴുമുള്ള കൃഷ്ണന് ടൊവിനോയുടെ മുഖമാണ് സംവിധായകൻ നൽകിയിരിക്കുന്നത്. ടൊവിനോ നിറഞ്ഞ ചിരിയോടെ ഇടമുറിയാത്ത സംഭാഷണങ്ങളിലൂടെ ആമിയിൽ അങ്ങോളം ഇങ്ങോളം വന്നു പോകുന്നുണ്ട്.

മഞ്ജു വാര്യരുടെ ഭാഗ്യം

കമല സുരയ്യയെന്ന എഴുത്തുകാരിയുടെ സഞ്ചാര പഥങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ മഞ്ജു വാര്യരിലെ നടിക്ക് കഴിഞ്ഞട്ടുണ്ട്. വൈകാരികമായ നിമിഷങ്ങളാകട്ടെ... ഏകാന്തതയുടെ നിമിഷങ്ങളാകട്ടെ എല്ലാം ഒന്നിനൊന്ന് ഇണങ്ങും വിധമാണ് മഞ്ജു കൈകാര്യം ചെയ്തിരിക്കുന്നത്. കമല സുരയ്യയെ അനശ്വരമാക്കിയ നടിയെന്ന ലേബലിലാവും ഇനിയങ്ങോട്ട് മഞ്ജുവിനെ പ്രേക്ഷക സമൂഹം അടയാളപ്പെടുത്തുക.



മധു നീലകണ്ഠന്‍റെ കാമറ കണ്ണുകളെ കുറിച്ച് വർണിച്ചാലും വർണിച്ചാലും മതിവരില്ല. കണ്ണിലുടക്കിയ ഒരുപാട് ഫ്രെയിമുകൾ മനസിൽ നിന്നും ഇറങ്ങി പോകുന്നില്ല. ദൃശ്യങ്ങൾ കവിത പോലെ സുന്ദരമായപ്പോൾ ചിത്രത്തിലെ പശ്ചാത്തല സംഗീതവും പാട്ടുകളും പലരുടെ ഉള്ളിലും ഉറങ്ങി കിടന്ന വിരഹത്തെയും പ്രണയങ്ങളെയും ഉണർത്തി. പ്രണയത്തെ കുറിച്ച് സ്നേഹത്തെ കുറിച്ച് ഇത്രയേറെ വാചാലയായ ഒരാളെ ഒന്നോ രണ്ടോ മൂന്നോ മണിക്കൂറിൽ ഒതുക്കുക പ്രയാസമാണ്. പക്ഷേ, ഒന്നുറപ്പാണ് അക്ഷരങ്ങളെ പ്രണയിക്കുന്ന ഏതൊരാൾക്കും ആമി നല്ലൊരു അനുഭവമായിരിക്കും.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.