അരവിന്ദന്‍റെ ചിരിപ്പിക്കുന്ന അതിഥികൾ...!
Saturday, April 28, 2018 1:08 PM IST
ഒറ്റനോട്ടത്തിൽ ക്ലീഷേയെന്നു തോന്നാവുന്ന കഥാബിന്ദുവിനെ കഥാപശ്ചാത്തലം കൊണ്ട് മനോഹരമാക്കിയിരിക്കുകയാണ് "അരവിന്ദന്‍റെ അതിഥികൾ എന്ന ചിത്രത്തിൽ സംവിധായകൻ എം.മോഹനൻ. അമ്മ മകനെ ഉപേക്ഷിച്ച് പോകുക... പിന്നെ തേടി കണ്ടെത്താൻ ഇറങ്ങുക... പലകുറി പലരീതിയിൽ മലയാള സിനിമയിൽ ആവിഷ്കരിച്ച് കണ്ടിട്ടുള്ളതാണ് വിഷയം. വീണ്ടും ഇതേ കഥ പറഞ്ഞപ്പോൾ മൂകാംബിക ക്ഷേത്ര അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന പോസിറ്റീവ് എനർജി അരവിന്ദന്‍റെ അതിഥികൾക്ക് പുതുജീവൻ നൽകുകയായിരുന്നു.

രണ്ടു മണിക്കൂറിൽ കഥ പറഞ്ഞ് തീരുമ്പോൾ ഇത്തിരിയും കൂടിയൊക്കെ ഉണ്ടായിരുന്നെങ്കിലെന്ന് തോന്നി പോകുക സ്വഭാവികം. അത്രമേൽ സുഖസുന്ദരമായാണ് ഈ കഥ ക്ഷേത്ര പരിസരത്ത് കൂടെ ഒഴുകി നീങ്ങിയത്. കോൾമയിർ കൊള്ളിക്കുന്ന കഥയോ സംഭവങ്ങളോ ഒന്നും അരവിന്ദന്‍റെ അതിഥികളിൽ ഇല്ല. പേരിലെ നിഷ്കളങ്കത കൈവിടാത്ത ഒരു കൊച്ചു ചിത്രമാണ് അരവിന്ദന്‍റെ അതിഥികൾ.



നിഷ്കളങ്കനായ അരവിന്ദൻ

അതിഥികൾക്ക് ഒട്ടും കുറവില്ലാത്ത സ്ഥലമാണ് മൂകാംബിക. ക്ഷേത്ര ദർശനം മാത്രമല്ല, കുടജാദ്രിയിലേക്കുള്ള യാത്രയും ഇങ്ങോട്ടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. അരവിന്ദന് (വിനീത് ശ്രീനിവാസൻ) തന്‍റെ ലോഡ്ജിലേക്ക് അതിഥികളെ കിട്ടണമെങ്കിൽ കാൻവാസ് ചെയ്തേ മതിയാവു. ആ ചിരിയും... നിഷ്കളങ്കമായ വാചകമടിയും... അഡ്ജസ്റ്റ്മെന്‍റിന് റെഡിയാണെന്ന ഭാവവും കണ്ടാൽ ഇവിടെ എത്തുന്നവർ അറിയാതെ അരവിന്ദന്‍റെ ലോഡ്ജിലേക്ക് മന്ദം മന്ദം അനുഗമിക്കും.

ഫ്ലാഷ് ബാക്ക് കാട്ടിയാണ് ചിത്രത്തിന്‍റെ തുടക്കം. അരവിന്ദന്‍റെ ഒറ്റപ്പെടലും മാധവന്‍റെ (ശ്രീനിവാസൻ) സംരക്ഷണവുമെല്ലാം നന്നായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. അരവിന്ദന്‍റെ വളർച്ച കാട്ടി ചിത്രം മുന്നോട്ടു നീങ്ങുന്പോൾ നിരവധി അതിഥികൾ സിനിമയിൽ സ്ഥാനം പിടിക്കുന്നുണ്ട്. ഇവരെയെല്ലാം കളങ്കമില്ലാത്ത ചിരിയിൽ മയക്കി അരവിന്ദൻ ആവോളം സന്തോഷിപ്പിക്കുന്നുണ്ട്.



അതിഥികൾ ഒരു രക്ഷയുമില്ല

ഇത്തിരി നേരമേയുള്ളുവെങ്കിലും പ്രേക്ഷകരെ തുടക്കത്തിലെ പിടിച്ചിരുത്തുന്നത് നടൻ ബൈജുവാണ്. ഭാര്യയുമൊത്ത് ക്ഷേത്ര ദർശനം നടത്താൻ എത്തിയ കക്ഷിയുടെ പ്രകടനം അഭിനന്ദനം അർഹിക്കുന്നുണ്ട്. ചില നോട്ടങ്ങൾ സംഭാഷണങ്ങൾ എല്ലാം ബൈജുവിൽ ഭദ്രമായിരുന്നു.

അരവിന്ദന്‍റെ ലോഡ്ജിലേക്ക് ഉർവശിയും കുടുംബവും എത്തുന്നതോടെയാണ് കഥയുടെ സഞ്ചാരം തുടങ്ങുന്നത്. ഉർവശി എപ്പോളെല്ലാം വാ തുറന്നോ അപ്പോഴെല്ലാ തീയറ്ററിൽ കൂട്ടച്ചിരിയുണർന്നു. കൗണ്ടറുകൾ വാതോരാതെ പറയുന്ന ഉർവശി തന്നെയാണ് ചിത്രത്തിലെ താരം. വരദ(നിഖില വിമൽ)യാണ് ചിത്രത്തിലെ നായിക. ഉർവശിയുടെ മകളായി എത്തിയ നിഖില തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.



പ്രണയമുണ്ട് പക്ഷേ...

പ്രണയം ഒളിഞ്ഞും തെളിഞ്ഞും ചിത്രത്തിൽ കയറിക്കൂടിയിട്ടുണ്ട്. പക്ഷേ, എപ്പോഴത്തേയും പോലെ പൈങ്കിളിയാക്കി കുളമാക്കുന്ന പരിപാടി ഇവിടെ കാട്ടിയിട്ടില്ല. കണ്ടു ശീലിച്ച മാതൃകകൾ വീണ്ടും കാണേണ്ടി വരുന്നില്ലല്ലോ എന്ന് പ്രേക്ഷകർക്കും ആശ്വസിക്കാം. അജു വർഗീസും ബിജുക്കുട്ടനും കോട്ടയം നസീറുമെല്ലാം കോമഡിക്ക് ഒട്ടും കുറവ് വരത്താത്ത വിധം ചിത്രത്തിൽ തങ്ങളുടെ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ആദ്യ പകുതി ചിരിയും മേളവുമായി കടന്നു പോകുന്പോൾ രണ്ടാം പകുതിയിലാണ് സംവിധായകൻ സെന്‍റിമെൻസിനെ ചിത്രത്തിലേക്ക് കടത്തിവിടുന്നത്. വിനീത് ശ്രീനിവാസൻ തന്‍റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് കേന്ദ്ര കഥാപാത്രത്തിന് വേണ്ടുവോളം ജീവൻ നൽകിയിട്ടുണ്ട്.



നായികയിലൂടെ രണ്ടാം പകുതി

നായകനേക്കാൾ നായികയ്ക്കാണ് രണ്ടാം പകുതിയിൽ ഉത്തരവാദിത്തം. അരവിന്ദന്‍റെ അമ്മയ്ക്കായുള്ള അന്വേഷണവും കാര്യങ്ങളുമായി മുന്നോട്ടുപോകുന്പോൾ കഥ കൈവിട്ടു പോയോ എന്ന തോന്നലുണ്ടാവുമെങ്കിലും വലിച്ചു നീട്ടലുകളില്ലാതെ കഥയെ വരുതിയിൽ നിർത്താൻ സംവിധായകന് കഴിയുന്നുണ്ട്. ഷാൻ റഹ്മാന്‍റെ പശ്ചാത്തല സംഗീതം ചിത്രത്തെ ഒരുപാട് ഇടങ്ങളിൽ താങ്ങി നിർത്തുന്നുണ്ട്. സംഗീതമയമായ ചിത്രം കണ്ടിറങ്ങുന്പോൾ സംഗതി ഫീൽ ഗുഡാണെന്ന് സമ്മതിച്ച് കൊടുക്കേണ്ടി വരും.



സ്വരൂപ് ഫിലിപ്പിന്‍റെ കാമറ കണ്ണുകൾ കുടജാദ്രിയുടെയും മൂകാംബിക ക്ഷേത്രത്തിന്‍റെയുമെല്ലാം ഭംഗി ഒപ്പിയെടുത്തപ്പോൾ കാണാൻ നല്ല ചന്തമുണ്ടായിരുന്നു. സൗപർണികയുടെ തീരത്തും ക്ഷേത്ര പരിസരത്തും കാമറ ഓടി നടന്നപ്പോൾ അതിൽ പതിഞ്ഞ കാഴ്ചകൾക്കും പ്രത്യേക ഭംഗിയായിരുന്നു.

കുടുകുടാ ചിരിപ്പിച്ച്... ഇത്തിരിയൊക്കെ കണ്ണുനനയിച്ച് ... കഥ കടന്നു പോകുമ്പോൾ... അമ്മയുടെ സ്നേഹം ഓരോരുത്തരിലും എത്രമേൽ ആഴത്തിലാണ് സ്പർശിച്ചിട്ടുള്ളതെന്ന് മനസിലാക്കി തരാൻ ചിത്രത്തിന് കഴിയുന്നുണ്ട്. കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ ഇതിൽ കൂടുതൽ ഇനി എന്തുവേണം... അപ്പോൾ എങ്ങനാ, അരവിന്ദന്‍റെ അതിഥികളെ കാണാൻ ടിക്കറ്റെടുക്കുവല്ലേ.

(ഉർവശിയുടെ ചിരി നന്പരുകൾ വീണ്ടും ആസ്വദിക്കാം)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.