ഭ​യാ​ന​കം ഞെ​ട്ടി​ച്ചു..!
Saturday, July 21, 2018 10:13 AM IST
സ്നേഹം നിറഞ്ഞ പോസ്റ്റുമാൻ...

ചില കാര്യങ്ങൾ അറിയിക്കാനാണ് ഈ കത്തെഴുതുന്നത്. "ഭയാനകം' കണ്ടശേഷമാണ് നിങ്ങളോട് ബഹുമാനം തോന്നിയത് എന്നതാണ് അതിൽ പ്രധാനം. ഇ​തു​വ​രെ "പോ​സ്റ്റുമാൻ' എ​ന്നു പ​റ​ഞ്ഞാ​ൽ ക​ത്തു കൊണ്ടുവരുന്നയാൾ മാത്രമായിരുന്നു. അതിവിടെ തീരുകയാണ്. ഇനി താങ്കളെ അങ്ങനെ കാണാൻ ആർക്കും കഴിയില്ല...

ന്യൂജനറേഷൻ കാലത്ത് ഇ​ങ്ങ​നെയൊരു ക​ഥ പ​റ​ഞ്ഞാ​ൽ എ​ത്ര​പേ​ർ ഉ​ൾ​ക്കൊ​ള്ളു​മെ​ന്ന് അ​റി​യി​ല്ല. ര​ണ്ടാം ലോ​കമ​ഹാ​യു​ദ്ധ കാ​ല​ത്തെ പോ​സ്റ്റുമാന്‍റെ അ​വ​സ്ഥ മാ​ലോ​ക​ർ അ​റി​ഞ്ഞി​രി​ക്കേ​ണ്ടതു ത​ന്നെ​യാ​ണ്.​ ജ​യ​രാ​ജ്, താ​ങ്ക​ൾ ആ ​ദൗ​ത്യം വ​ള​രെ ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്.

ഭ​യം മനസിൽ ഇപ്പോഴും തളംകെട്ടി നിൽക്കുകയാണ്. ഭ​യാ​ന​കം എ​ന്നു പേ​രു​കേ​ട്ട​പ്പോ​ൾ ഇ​ത്ര​ത്തോ​ളം ഭ​യ​പ്പാ​ട് ​ചി​ത്ര​ത്തി​ൽ കാ​ണു​മെ​ന്ന് ക​രു​തി​യി​ല്ല. ത​ക​ഴി​യു​ടെ "ക​യ​റി'​ലെ ര​ണ്ട് അ​ധ്യാ​യ​ങ്ങ​ൾ​ക്ക് ജ​യ​രാ​ജ് ച​ല​ച്ചി​ത്രഭാ​ഷ്യം ര​ചി​ച്ച​പ്പോ​ൾ അ​തി​ന്‍റെ അ​ന്തഃ​സ​ത്ത ഒ​രി​റ്റു പോ​ലും ചോ​ർ​ന്നുപോ​യി​ല്ല എന്നത് അഭിനന്ദനാർഹമാണ്.



ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധത്തിന്​ ശേ​ഷ​മു​ള്ള കു​ട്ട​നാ​ടും ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ കാ​ല​ത്തെ കു​ട്ട​നാ​ടു​മാ​ണ് ചി​ത്ര​ത്തി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ര​ണ്‍​ജി പ​ണി​ക്ക​ർ പോ​സ്റ്റുമാനായി വേ​ഷ​മി​ട്ട് ഭ​യാ​ന​ക​ത്തി​ന്‍റെ നെ​ടും​തൂ​ണാ​യി നി​ന്ന​പ്പോ​ൾ ഒ​ഴു​കി​യെ​ത്തി​യ ഫ്രെ​യി​മു​ക​ള​ത്ര​യും പ്രേ​ക്ഷ​ക​രോ​ട് ക​ഥ പ​റ​ഞ്ഞുകൊ​ണ്ടേ​യി​രു​ന്നു.

ഭ​യാ​ന​കം എ​ന്നാ​ൽ ശ​ബ്ദ​വി​ന്യാ​സം കൊ​ണ്ടു​ള്ള മാ​യാ​ജാ​ലം മാ​ത്ര​മ​ല്ല, മ​നു​ഷ്യ​ന്‍റെ അ​വ​സ്ഥ​ക​ളു​ടെ ഇ​ട​യി​ൽ പെ​ട്ടു​കി​ട​ക്കു​ന്ന ഒ​രുത​രം മ​ര​വി​പ്പ് കൂ​ടി​യാ​ണ്. അ​ത് തി​രി​ച്ച​റി​ഞ്ഞ ക​ഥാ​കാ​ര​നാ​യി​രു​ന്നു ത​ക​ഴി. ആ മ​ന​സ് തി​രി​ച്ച​റി​ഞ്ഞാവും സംവിധായകൻ ചിത്രത്തിന് ഭയാനകം എന്ന പേര് നൽകിയതും.



ര​ണ്‍​ജി പ​ണി​ക്ക​ർ, താ​ങ്ക​ളു​ടെ സി​നി​മാ ജീ​വി​തം എ​ന്നെ​ന്നും ഓ​ർ​ത്തി​രി​ക്കാ​ൻ ഈ ക​ഥാ​പാ​ത്രം ധാ​രാ​ളം. ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​ൽ നി​ന്നു ക​ഷ്ടി​ച്ച് രക്ഷപെട്ട താങ്കളുടെ പേരില്ലാ കഥാപാത്രത്തിന്‍റെ മുഖത്ത് ഭയം തളംകെട്ടി നിന്നിരുന്നു. പ​ട്ടാ​ള​ത്തി​ലേ​ക്ക് പോ​കു​ക​യെ​ന്നാ​ൽ മരണത്തിലേക്കുള്ള യാത്രയെന്ന് താങ്കളുടെ കഥാപാത്രം കണ്ണുകൾകൊണ്ട് പറഞ്ഞു. എന്നാൽ രണ്ടാം പകുതിയിൽ ആ കണ്ണുകളിൽ തെളിഞ്ഞ ഭയം ഉറച്ച ശബ്ദമായി പുറത്തുവരികയും ചെയ്തു. ​പക്ഷേ ആ​രു കേ​ൾ​ക്കാ​ൻ... വിശപ്പി​ന്‍റെ വി​ളി​ക്ക‌ു മു​ന്നി​ൽ ഗ്രാ​മ​ങ്ങ​ളി​ലെ ചെ​റു​പ്പ​ക്കാ​രെ​ല്ലാം പ​ട്ടാ​ള​ത്തി​ലേ​ക്ക് ഒ​ഴു​കിക്കൊണ്ടേ​യി​രു​ന്നു.



ഒ​രു പോ​സ്റ്റുമാന്‍റെ ക​ണ്ണു​ക​ളി​ലൂ​ടെ യു​ദ്ധ​ത്തി​ന്‍റെ ഭീ​ക​ര​ത​യെ വിളിച്ചറിയിക്കുകയായിരുന്നു സംവിധായകൻ ജയരാജ്. പ​ട്ടാ​ള​ത്തി​ൽ പോ​യ മ​ക്ക​ളു​ടെ മ​ണി ഓ​ർ​ഡ​റി​നും ക​ത്തി​നു​മാ​യി കാ​ത്തി​രി​ക്കു​ന്ന നി​ര​വ​ധി അ​ന​വ​ധി കു​ടും​ബ​ങ്ങ​ളെ ചി​ത്ര​ത്തി​ൽ കാണിച്ചുതന്നു. സ​ന്തോ​ഷ​ത്തി​ന്‍റെ നി​ഴ​ലാ​ട്ടം ഒ​ന്നാം പ​കു​തി​യി​ൽ നി​റ​യു​ന്പോ​ഴും വ​രാ​ൻ പോ​കു​ന്ന നാ​ളു​ക​ളി​ലെ ഭയം പോസ്റ്റുമാന്‍റെ കണ്ണിൽ നിറഞ്ഞിരുന്നു. പ​ട്ടാ​ള​ത്തി​ൽ പോ​യ ര​ണ്ടു മ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന അ​മ്മ​മാ​രു​ടെ കൂ​ട്ട​ത്തി​ൽ ആ​ശാ ശ​ര​ത്തു​മു​ണ്ടാ​യി​രു​ന്നു. മ​ക്ക​ൾ വീ​രന്മാരാ​ണെ​ന്നും യു​ദ്ധം ജ​യി​ച്ച് അ​വ​ർ തി​രി​ച്ചെ​ത്തു​മെ​ന്നും അ​വ​ർ പ​റ​യു​ന്പോ​ൾ മു​ഖ​ത്ത് വി​രി​ഞ്ഞ "വീ​ര​ഭാ​വം' കാ​ണേ​ണ്ട​ത് ത​ന്നെ​യാ​ണ്.



യു​ദ്ധ​ത്തെ തൊ​ട്ട​റി​ഞ്ഞ പോ​സ്റ്റുമാന്‍റെ ര​ണ്ടു അ​വ​സ്ഥ​ക​ളാ​ണ് ചി​ത്ര​ത്തി​ൽ നി​ഴ​ലി​ക്കു​ന്ന​ത്. യു​ദ്ധ​മി​ല്ലാ​ത്ത കാ​ല​ത്ത് മ​ണി​ ഓ​ർ​ഡ​റി​നാ​യി കാ​ത്തി​രി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് പോസ്റ്റുമാൻ ക​യ​റിച്ചെന്ന​പ്പോ​ൾ അയാൾ ഐ​ശ്വ​ര്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി​രു​ന്നു. ഇതേ പോസ്റ്റുമാൻ യുദ്ധകാലത്ത് വീട്ടിലെത്തുമ്പോൾ ദുശകുനമായി മാറുകയാണ്. ഈ ​ര​ണ്ട് അ​വ​സ്ഥ​ക​ളെ​യും രൺജി പണിക്കരിലെ നടൻ ഭാവവ്യത്യാസങ്ങളോടെ ഉൾക്കൊള്ളുകയായിരുന്നു.

ഗ്രാ​മ​ത്തി​ന്‍റെ ഭം​ഗി​ ആ​വോ​ളം ഒ​പ്പി​യെ​ടു​ത്ത് ഫ്രെ​യി​മു​ക​ളി​ൽ നി​റ​യ്ക്കാ​ൻ ഛായാ​ഗ്രാ​ഹ​ക​ൻ നി​ഖി​ൽ എ​സ്. പ്ര​വീ​ണ്‍ ശ്രമിച്ചിട്ടുണ്ട്. ഇ​ട​യ്ക്കി​ടെ എ​ത്തിയ ഗാനങ്ങൾ ക​ഥ​യു​ടെ ഗ​തിക്കൊ​പ്പം ത​ന്നെ​യാ​ണ് നീ​ങ്ങി​യ​ത്.



ര​ണ്‍​ജി പ​ണി​ക്ക​ർ, നി​ങ്ങ​ൾ ​പോ​സ്റ്റുമാനായി ജീ​വി​ക്കു​ക​യാ​യി​രു​ന്നു... നി​ങ്ങ​ളു​ടെ മു​ഖ​ത്തെ ചി​രി​യും ഭ​യ​പ്പാ​ടും ഉ​ത്ക​ണ്ഠ​യു​മെ​ല്ലാം പ്രേ​ക്ഷ​ക​ ഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. ര​ണ്ടാം പ​കു​തി തു​ട​ങ്ങു​ന്പോ​ൾ മു​ത​ൽ ആ മനസിൽ ആളത്തുടങ്ങിയ ഭ​യം ക​ത്തു​ക​ളെ ക​ളി​വ​ഞ്ചി​യാ​ക്കി കാ​യ​ലി​ൽ ഒഴുക്കും വ​രെ മ​ന​സി​ൽ നി​ന്നു.

എ​ത്ര ഇ​ട​ങ്ങ​ളി​ലാ​ണ് നി​ങ്ങ​ൾ മ​ര​ണം അ​റി​യി​ക്കാൻ ചെ​ന്ന​ത്. ആട്ടും തുപ്പും ആവോളം കിട്ടി. എ​ത്ര​യോ പേ​ർ നി​ങ്ങ​ളെ കണ്ട് ഓ​ടി​യൊ​ളി​ച്ചു. എ​ന്നി​ട്ടും അനിഷ്ടമൊന്നും കാട്ടാതെ നി​ങ്ങ​ൾ ക​ത്തു​ക​ൾ ന​ൽ​കിക്കൊണ്ടേ​യി​രു​ന്നു. അതാണല്ലോ നിങ്ങളുടെ തൊഴിൽ...

ഒ​ടു​വി​ൽ മ​ര​ണ​വാ​ർ​ത്ത​ക​ൾ ആരെയും അറിയിക്കാതെ, പ​ല കു​ടും​ബ​ങ്ങ​ളു​ടെ​യും പ്ര​തീ​ക്ഷാനാളം അ​ണ​യ്ക്കാ​തെ നി​ങ്ങ​ൾ വ​ഞ്ചി തു​ഴ​ഞ്ഞുപോ​യ​പ്പോ​ൾ പ്രേ​ക്ഷ​ക​ മനസിലും ആ​ശ്വാ​സം നി​ഴ​ലി​ച്ചു. ആ ​ആ​ശ്വാ​സമാണ് ഭ​യാ​ന​ക​ത്തി​ന്‍റെ വി​ജ​യം.

(ര​ണ്‍​ജി പ​ണി​ക്ക​രും പ്ര​കൃ​തി​യു​മാ​ണ് ഭ​യാ​ന​ക​ത്തി​ന്‍റെ പ്ല​സ് പോ​യി​ന്‍റു​ക​ൾ.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.