ദൈവമേ... ചിരിയോട് ചിരി...!
Friday, January 12, 2018 6:32 PM IST
സന്തോഷത്തിനും ദുഖത്തിനുമിടയിൽ ഇടയ്ക്കിടെ കയറി വരാറുള്ള വാചകം - "ദൈവമേ കാത്തോണേ'. ആ ഒരു വാചകത്തിന് സമൂഹത്തിലുള്ള പ്രസക്തി കീറിമുറിച്ച് പരിശോധിക്കുകയാണ് സലിം കുമാറും സംഘവും "ദൈവമേ കൈതൊഴാം കെ. കുമാറാകണം' എന്ന ചിത്രത്തിലൂടെ.

ചിരിയിലൂടെ ചിന്തിപ്പിക്കുകയെന്ന ഒറ്റ ഉദ്ദേശത്തിലൂടെ നീങ്ങുന്ന ചിത്രത്തിൽ ലോജിക്കില്ലായ്മകൾ ഫാന്‍റസിയുടെ രൂപത്തിൽ സ്ഥാനം പിടിക്കുന്നുണ്ട്. സമകാലിക വിഷയങ്ങളെ കണക്കിന് പരിഹസിച്ചു കൊണ്ടുള്ള മുന്നേറ്റത്തിനിടയിൽ ഇടയ്ക്കെപ്പഴോ കുടുംബങ്ങളിൽ നിന്ന് അകന്നു പോയ ജയറാം വീണ്ടും അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന കാഴ്ചയും കാണാനാവും.



സലിം കുമാറിന്‍റെ ഈ ചിരി മരുന്ന് സൂക്ഷിച്ചും കണ്ടും മാത്രം കഴിച്ചാൽ മതി. എന്തെന്നാൽ വായിലേക്കിട്ടിട്ട് കഴിക്കാനോ തുപ്പാനോ പറ്റാത്ത അവസ്ഥ ഉണ്ടാകരുതല്ലോ, അതുകൊണ്ട് പറഞ്ഞതാ. ആർത്തുല്ലസിച്ച് ചിരിച്ചിട്ട് ഒന്നു ചിന്തിക്കുന്പോളായിരിക്കും നിങ്ങൾക്ക് തോന്നുക സലിം കുമാർ താങ്ങിയത് തനിക്കിട്ട് തന്നെയല്ലേയെന്ന്. ചാനലുകാർക്കും രാഷ്ട്രീയകാർക്കും പിന്നെ തനി നാട്ടിൻപുറത്തുകാർക്കുമെല്ലാം ചിരികലർന്ന പ്രഹരം നല്ലവണ്ണം കൊടുക്കുന്നുണ്ട് സംവിധായകൻ ചിത്രത്തിൽ.

ദൈവം നാട്ടിൻപുറത്തുകാർക്കിടയിലേക്ക് ഇറങ്ങി ചെന്നാൽ എന്തായിരിക്കും സംഭവിക്കുക. അതാണ് സലിം കുമാർ ഇവിടെ കാട്ടിത്തരുന്നത്. തുടക്കത്തിൽ നാടക ഡയലോഗ് കാണാപാഠം പഠിച്ച പോലെയുള്ള അവതരണം അരോചകമായി തോന്നുമെങ്കിലും കെ.കുമാറിന്‍റെ (ജയറാം) വീട്ടിലേക്ക് ദൈവം എത്തുന്നതോടെ സംഗതി കോമഡി ട്രാക്കിലൂടെ ഓടി തുടങ്ങും. ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തെ നന്നായി ഉൾക്കൊണ്ടുകൊണ്ട് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ സംവിധായകൻ രൂപപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെത്തിയ ദൈവം ബംഗാളിയോട് മലയാളി എവിടെയെന്ന് ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരം സക്രീനിൽ തെളിയുന്പോൾ തിയറ്ററിൽ മുഴങ്ങിയ കൈയടി ഓരോ മുഴുക്കുടിയനുമുള്ള ചെകിട്ടത്തടി കൂടിയായിരുന്നു.




സന്തോഷവും ദുഖവുമെല്ലാം ദൈവത്തിന്‍റെ നാമത്തിൽ ഇറക്കിവെക്കുന്ന മലയാളികളെ യാഥാർഥ്യത്തിന്‍റെ മുഖം കാട്ടികൊടുക്കാൻ ചിത്രം ശ്രമിക്കുന്നുണ്ട്. കോമഡിക്കായി ചില സീനുകൾ തിരുകി കയറ്റി ഇടയ്ക്കൊക്കെ ചിത്രം വെറുപ്പിക്കുന്നുമുണ്ട്. ജയറാം-അനുശ്രീ കൂട്ടുകെട്ട് "വെറുതെ അല്ല ഭാര്യ' എന്ന ചിത്രത്തിലെ ജയറാം-ഗോപിക കൂട്ടുകെട്ടിനെ ഇടയ്ക്കിടെ ഓർമിപ്പിക്കുന്നുണ്ട്. അനുശ്രീ ജയറാമിനോടൊത്ത് മത്സരാഭിനയം തന്നെയാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. സ്ത്രീകൾ ഇന്നു നേരിടുന്ന പ്രശ്നങ്ങളെ തുറന്നുകാട്ടി സത്രീ സ്വാതന്ത്ര്യത്തിന് വേണ്ടി ഇപ്പോഴും കലഹിച്ച് കൊണ്ടിരിക്കുകയാണെന്ന് ചിത്രം ഓർമിപ്പിക്കുന്നു.

പ്രമുഖ വ്യവസായിയെ ഓർമിപ്പിക്കും വിധം ചിത്രത്തിലെത്തി സലിം കുമാർ നന്നേ രസിപ്പിച്ചു. മാലിന്യസംസ്കരണത്തിന്‍റെ പുത്തൻ ട്രിക്ക് കൂടി പരിചയപ്പെടുത്തുന്നുണ്ട് താരം ചിത്രത്തിൽ. ചിത്രത്തിലെ ഗാനം ശരാശരി നിലവാരത്തിൽ ഒതുങ്ങിയപ്പോൾ പശ്ചാത്തല സംഗീതം തരക്കേടില്ലാത്ത വിധം ഒരുക്കാൻ സംഗീത സംവിധായകന് കഴിഞ്ഞിട്ടുണ്ട്.




ആദ്യ പകുതിയിൽ കോമഡിവിട്ടൊരു കളിക്ക് സംവിധായകൻ ഒരുങ്ങിയിട്ടില്ല. കോട്ടയം പ്രദീപും സുരഭിയും അഞ്ജലി അനീഷ് ഉപാസനയും ഹരിശ്രീ അശോകനുമെല്ലാം കൃത്യമായ ഇടങ്ങളിലെത്തി തങ്ങളുടെ വേഷങ്ങൾ വേണ്ട വിധത്തിൽ കൈകാര്യം ചെയ്തു. ബന്ധപ്പെടുക എന്ന വാക്ക് ചിത്രത്തിൽ സംവിധായകൻ ഇടയ്ക്കിടെ ഓർമപ്പെടുത്തി കൊണ്ടിരുന്നത് ഇത്തിരി കൂടി പോയില്ലേയെന്ന് പ്രേക്ഷകർക്ക് തോന്നിയാൽ തെറ്റു പറയാൻ പറ്റില്ല.

ആദ്യ പകുതിയിലെ ചിരി രണ്ടാം പകുതിക്ക് ഇടയ്ക്ക് വച്ച് എവിടെയോ കൈമോശം വരുന്നുണ്ട്. പിന്നീട് ഇങ്ങോട്ട് ചിത്രം സീരിയസ് മൂഡിലാണ് സഞ്ചരിക്കുന്നത്. ഇതോടെ കോമഡി കാട്ടണോ സെന്‍റിമെൻസ് കാട്ടണോയെന്നുള്ള സംശയം സംവിധായകനെ അലട്ടുന്നുണ്ട്. ദൈവം വീട്ടിൽ വന്നു പണി തരുന്ന കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണ്. കുഞ്ഞുകളിക്കുള്ളതല്ല ദൈവം... പുള്ളിക്കാരന് ഇടപെടാൻ പറ്റുന്ന കാര്യങ്ങൾക്കും പരിധിയുണ്ടെന്നാണ് സംവിധായകൻ ഓർമിപ്പിക്കുന്നത്. എന്തിനും ഏതിനും ദൈവത്തെ വിളിക്കുന്നതിന് പകരം അവനവൻ ചെയ്യേണ്ട കാര്യങ്ങൾ സ്വയം ചെയ്യണമെന്ന് പല കാഴ്ചകളിലൂടെ സലിം കുമാർ കാട്ടിത്തരുന്നുണ്ട്.

സ്വപ്നങ്ങൾ കണ്ടു ശീലിച്ച പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു പുതിയ ലോകം തുറന്നിടുകയാണ് ഇവിടെ. പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ കേന്ദ്രമെന്നോ സംസ്ഥാനമെന്നോ വേർതിരിവില്ലാതെ വിമർശിക്കാൻ സംവിധായകൻ ധൈര്യം കാട്ടിയിട്ടുണ്ട്. അതൊക്കെ ആക്ഷേപഹാസ്യ രൂപേണ ബിഗ് സ്ക്രീനിലെത്തിയപ്പോൾ ഒരുവട്ടം കാണാനുള്ള കാഴ്ചകളൊക്കെ ചിത്രത്തിൽ നിറഞ്ഞിട്ടുണ്ട്.

(ചിരിക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല... മാറ്റ് ഇത്തിരി കൂടിയിട്ടേയുള്ളു.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.