ദിവാൻജിമൂല... വെറൈറ്റി പേരിൽ മാത്രം..!
Friday, January 5, 2018 5:20 PM IST
നോർത്ത് 24 കാതം, സപ്തമശ്രീ തസ്കരഃ, ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടി... പേരുകളുടെ ഈ വെറൈറ്റി നിലനിർത്തി തന്നെയാണ് അനിൽ രാധാകൃഷ്ണമേനോൻ നാലാമതും എത്തുന്നത്. ഇത്തവണ സ്ക്രീനിൽ "ദിവാൻജിമൂല ഗ്രാൻപ്രിക്സ്'. ആദ്യം തന്നെ പറഞ്ഞേക്കാം, പേരിൽ‌ മാത്രമേ സംവിധായകൻ വ്യത്യസ്ഥത നിലനിർത്തിയിട്ടുള്ളൂ. എങ്കിലും അപ്രതീക്ഷിതമായ ട്വിസ്റ്റോ സസ്പെൻസോ ഇല്ലാതെ ഒരു കൊച്ചുകഥയിലേക്ക് രണ്ടുമണിക്കൂർ പ്രേക്ഷകരെ കൊണ്ടുവരാനുള്ള സൂത്രവിദ്യ സംവിധായകൻ ചിത്രത്തിൽ ഒരുക്കിവച്ചിട്ടുണ്ട്. റേസ് ട്രാക്കിൽ നിന്നു തുടങ്ങി ട്രാക്കിൽ തന്നെ അവസാനിക്കുന്ന കൊച്ചുകഥയാണ് ദിവാൻജിമൂല ഗ്രാൻപ്രിക്സ്.



ഇത് മ്മടെ തൃശൂരാട്ടോ..!

കുറച്ചുകാലമായി മലയാളസിനിമ തൃശൂർ റൗണ്ടിൽ കിടന്ന് കറങ്ങുകയാണ്. തൃശ്ശിവപേരൂർ ക്ലിപ്തത്തിനും പുണ്യാളനും ശേഷം ദിവാൻജിമൂലയിൽ എത്തുമ്പോഴും പൂരം പോലെതന്നെ തൃശൂർ മടുപ്പിക്കുന്നില്ല. സംഭവം സിംപിളാണ്. തൃ​ശൂ​രിലെ സാ​ധാ​ര​ണ​ക്കാ​ർ താ​മ​സി​ക്കു​ന്ന ഒ​രു കോ​ള​നി​യാ​യി​രു​ന്നു ദി​വാ​ൻ​ജി​മൂ​ല. പ്രദേശത്തെ ഒരു പാലംപണി വന്നപ്പോൾ പല സ്ഥലങ്ങളിലേക്ക് അവർ ചിതറിപ്പോയി. ഇതുവഴി നഷ്ടമായ ദിവാൻജിമൂലയുടെ ഐക്യം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് ചിത്രം പറയുന്നത്. അതിന് ചുക്കാൻ പിടിക്കുന്നത് ജില്ലാകളക്ടർ സാജൻ ജോസഫും (കുഞ്ചാക്കോ ബോബൻ).

തൃശൂർ പൂരത്തിന് വെടിക്കെട്ട് നടത്താൻ അനുമതി ലഭിക്കാതെ വരുമ്പോഴാണ് പകരം റേസിംഗ് എന്ന ആശയം കളക്ടർ മുന്നോട്ടുവയ്ക്കുന്നത്. റേസിംഗിനെ ജീവനുതുല്യം സ്നേഹിക്കുന്ന ദിവാൻജിമൂലക്കാർക്ക് അത് ആഹ്ലാദനിമിഷമായിരുന്നു. ഒരുകാലത്ത് ദിവാൻജിമൂലക്കാരുടെ ഹീറോയായിരുന്നു റേസർ ജിതേന്ദ്രൻ (സിദ്ദിഖ്). ട്രാക്കിൽ എതിരാളിയുടെ ചതിയിൽപെട്ട് ശരീരം തളർന്നുപോയ ജിതേന്ദ്രന് പഴയ എതിരാളിയോട് കണക്കുതീർക്കാനുള്ള അവസരം കൂടിയായിരുന്നു ദിവാൻജിമൂല ഗ്രാൻപ്രിക്സ്. മകൾ എഫ്ഫിയും (നൈല ഉഷ) അദ്ദേഹത്തിനു ശക്തമായ പിന്തുണയുമായി എത്തുന്നു. ഇതാണ് അടിത്തറ... ബാക്കി സ്ക്രീനിൽ കാണാം.




കഥാപാത്രങ്ങൾ ഒരു രക്ഷയുമില്ലാട്ടാ..!

മികച്ച കാസ്റ്റിംഗ് തന്നെയാണ് ദിവാൻജിമൂലയുടെ പ്ലസ് പോയിന്‍റ്. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായെന്നു പറയുന്നതുപോലെ, വന്നവരെല്ലാം അരങ്ങുതകർത്താണ് പോകുന്നത്. തിരക്കഥാ രചനയിൽ കളക്ടർ ബ്രോ പ്രശാന്ത് നായർ കൂടിയുള്ളതുകൊണ്ടാണോ എന്തോ, സാജൻ ജോസഫ് തൃശൂരുകാരുടെ സ്വന്തം കളക്ടർ ബ്രോയായി അരങ്ങുതകർത്തു. സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന് പൊതുപ്രശ്നങ്ങളിൽ ഇടപെടുന്ന നന്മനിറഞ്ഞ കളക്ടർ. പ​തി​വു​ള്ള ഹ്യൂ​മ​ർ മാനറിസങ്ങളിൽ നി​ന്നൊ​ക്കെ മാ​റി കു​റേ​ക്കൂ​ടി ലോ​ക​പ​രി​ച​യ​മു​ള്ള ജെ​ന്‍റി​ൽ​മാ​നായാണ് ചാക്കോച്ചൻ ചിത്രത്തിലെത്തുന്നത്.



പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിൽ രഞ്ജിത്ത് ശങ്കർ "കൊന്നുകളഞ്ഞ' നൈല ഉഷയ്ക്ക് വീണ്ടും തൃശൂർകാരിയാകാൻ അവസരം കിട്ടിയ ചിത്രമാണ് ദിവാൻജിമൂല. ദോഷം പറയരുതല്ലോ.. നൈല തകർത്തഭിനയിച്ചു. സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടുന്ന, തന്‍റേടമുള്ള എഫ്ഫി എന്ന മുനിസിപ്പൽ കൗൺസിലറായി നൈല ജീവിക്കുകയായിരുന്നു. നായകൻ എന്ന റോളിന് ചിത്രത്തിൽ വലിയ പ്രാധാന്യമില്ലെങ്കിലും നായിക നൈല തന്നെയാണെന്നുള്ളതിൽ സംശയം ലവലേശം വേണ്ട. ആദ്യപകുതി മുഴുവൻ കൈയടി വാങ്ങിയത് എഫ്ഫി എന്ന "ആൺകുട്ടി'യായിരുന്നു.



അതേപോലെ തന്നെ എഫ്ഫിയുടെ അച്ഛൻ ജിതേന്ദ്രന്‍റെ വേഷം സിദ്ദിഖിൽ ഭദ്രമായിരുന്നു. ശരീരം തളർന്നിട്ടും മനസു തളരാത്ത ജിതേന്ദ്രന്‍റെ പോരാട്ടം തന്നെയാണ് ചിത്രം. അനിൽ രാധാകൃഷ്ണമേനോൻ ചിത്രങ്ങളിലെ അനിഷേധ്യസാന്നിധ്യമായ നെടുമുടി വേണു ഇത്തവണ മെക്കാനിക്കായി എത്തി പ്രേക്ഷക മനസ് കവരുന്നുണ്ട്.

ഹരീഷ് കണാരൻ, നിർമൽ, വിനായകൻ എന്നിവവർക്കാണ് ചിരി പടർത്താനുള്ള നിയോഗം ലഭിച്ചത്. അവർ അത് ഭംഗിയായി ചെയ്യുകയും ചെയ്തിട്ടുണ്ട്. രണ്ടാം പകുതിയിൽ താരം വിനായകനാണ്. പാസ്റ്റർ വറീത് എന്ന മുൻകാല റേസറുടെ വേഷത്തിൽ നിറഞ്ഞാടിയ വിനായകന്‍റെ ഓരോ ഡയലോഗിനും കൈയടിയുടെ പൂരമായിരുന്നു. അവസാനം വരെ ആ എനർജി നിലനിർത്താനും നടനു കഴിഞ്ഞു.



ജ​യ​രാ​ജിന്‍റെ വീ​ര​ത്തി​ൽ കണ്ട മറാത്തി നടി കേ​ത​കി നാ​രാ​യ​ണ​ൻ കു​ൽ​ക്ക​ർ​ണി ചിത്രത്തിലുണ്ടായിരുന്നുവെങ്കിലും നായികയുടെ നിഴലാകാനായിരുന്നു വിധി. എന്നാൽ പുതുമുഖതാരം രാ​ഹു​ൽ രാ​ജ​ശേ​ഖ​ര​ന് പിടിപ്പതു പണിയാണ് സംവിധായകൻ കൊടുത്തത്. നായകനോളം പോന്ന സത്തൻ എന്ന കഥാപാത്രത്തെ രാഹുൽ തരക്കേടില്ലാതെ ചെയ്തു. സ​പ്ത​മ​ശ്രീ​ തസ്കരഃയി​ലെ ലീ​ഫ് വാ​സു (സു​ധീ​ർ ക​ര​മ​ന), തൂ​വാ​ന​ത്തു​മ്പി​ക​ളി​ലെ ഋ​ഷി (അ​ശോ​ക​ൻ), പ്രാ​ഞ്ചി​യേ​ട്ട​നി​ലെ ​സു​ബ്രൻ (ടി​നി ടോം) എ​ന്നീ ക​ഥാ​പാ​ത്രങ്ങളും സി​നി​മ​യു​ടെ ക​ഥ​പ​റ​ച്ചി​ലി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു​ണ്ട്.



തൃശൂർ പൂരവും കുടമാറ്റവുമെല്ലാം ചിത്രത്തിന്‍റെ പശ്ചാത്തലത്തിലുണ്ടെങ്കിലും ആദ്യാന്തം ദിവാൻജിമൂലക്കാരുടെ ഗ്രാൻപ്രിക്സിനു തന്നെയാണ് പ്രാധാന്യം. അദ്ഭുതങ്ങൾ ഏതുമില്ലാതെ, ആർക്കും ഊഹിച്ചെടുക്കാവുന്ന അവസാനമാണ് സംവിധായകൻ പ്രേക്ഷകന് സമ്മാനിക്കുന്നത്. എന്തായാലും ഒന്നു പറയാം, അമിതപ്രതീക്ഷകളില്ലാതെ ഈ ഗ്രാൻപ്രിക്സിന് ടിക്കറ്റെടുത്താൽ കളിയും കാണാം, ചുളുവിൽ ഒരു കിടിലൻ കഥയും കേൾക്കാം.

(വിനായകൻ ഗഡീ, ങ്ങൾ ശരിക്കുമൊരു സംഭവാട്ടാ...!)

ഡെന്നിസ് ജേക്കബ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.