പ്രേക്ഷകരെ തേച്ച കാമുകി...!
Saturday, May 12, 2018 4:50 PM IST
"ഇതിഹാസ' ഹിറ്റ്, "സ്റ്റൈൽ' സ്റ്റൈലിഷ് എന്നും പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞതാണ്. വലിയ കോലാഹലമില്ലാതെ എത്തിയ രണ്ടു സിനിമകൾക്ക് ശേഷം സംവിധായകൻ ബിനു. എസ് "കാമുകി'യുമായി എത്തുന്പോൾ വളർച്ച താഴോട്ടാണ്.

കാമുകി ഒറ്റവാക്കിൽ പറഞ്ഞാൽ "ദുരന്തമാണ്'. സ്ക്രീനിൽ നിറഞ്ഞ അമിതാഭിനയം കണ്ട് പ്രേക്ഷകൻ തളർന്നുപോകും. "എന്നാലും എന്‍റെ കാമുകി, ഇതൊരു വല്ലാത്ത ചെയ്ത്തായി പോയി' എന്ന് തീയറ്റർ വിട്ടിറങ്ങുന്നവർ പറഞ്ഞാൽ കുറ്റം പറയാൻ കഴിയില്ല.

നായകനും നായികയും നന്മയുടെ നിറകുടങ്ങളാകണം, അവരുടെ പ്രവൃത്തികൾ ആരുടെയും കരളലിയിപ്പിക്കണം എന്നുള്ള ചിന്തകളിൽ നിന്നാണ് സംവിധായകൻ കാമുകി സൃഷ്ടിച്ചിരിക്കുന്നത്. കണ്ടുമറന്ന കാന്പസ് ചിത്രങ്ങളിലെ കാഴ്ചകൾ ഒക്കെ കാമുകിയിലും നിറച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ 17 മിനിറ്റിൽ ഇത്തിരിയൊക്കെ ചിരിപ്പിച്ച് ഒത്തിരിയേറെ വെറുപ്പിച്ച് കാമുകി കടന്നു പോകുന്പോൾ ആർക്കായാലും നിരാശ തോന്നും. അമ്മാതിരി തേപ്പാണ് കാമുകി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.



അയ്യോ, ഇങ്ങനെ അഭിനയിച്ച് കൊല്ലല്ലേ

കാമുകിയിൽ അമിതാഭിനയവുമായി മുന്നിൽ നിൽക്കുന്നത് നായിക അച്ചാമ്മ (അപർണ ബാലമുരളി) യാണ്. ഗട്ടറിൽ വീണ് പ്രസവിക്കുന്ന സ്ത്രീയെ കാണിച്ചുകൊണ്ടാണ് ചിത്രത്തിന്‍റെ തുടക്കം. റോഡിന്‍റെ ശോച്യാവസ്ഥയെ ഇതിലും ഭംഗിയായി ട്രോളാൻ കഴിയില്ലായെന്ന് ആ രംഗം കാണുന്പോൾ തോന്നിപ്പോകും.

പക്ഷേ, പിന്നീട് അങ്ങോട്ടുള്ള കഥയുടെ പോക്കിൽ അഭിനേതാക്കളെല്ലാം എന്തൊക്കയോ കാട്ടിക്കൂട്ടുകയാണ്. കൂട്ടത്തിൽ ഭേദമെന്നു പറയുന്നത് നടൻ ബൈജുവിന്‍റെ പ്രകടനം മാത്രമാണ്. അച്ചാമയുടെ അപ്പനായി ബൈജു മിന്നി നിന്നു. പക്ഷേ, എന്തു കാര്യം. കുറുന്പിയായ അച്ചാമ്മ കോളജിൽ എംഎസ്ഡബ്ല്യുവിന് ചേരുന്നതോടെ കഥയാകെ മാറി. പിന്നെയാണ് കാമുകിയിൽ "അഭിനയ ദുരന്തം' പൊട്ടിപ്പുറപ്പെട്ടത്.



അന്ധനായ നായകൻ പ്രേക്ഷകരെ "കരയിക്കും'

അന്ധനായ പഠിപ്പിസ്റ്റ് നായകൻ ഹരിയെയാണ് (അസ്കർ അലി) സംവിധായകൻ കാമുകിയിൽ കൊണ്ടുവരുന്നത്. പിജി വിദ്യാർഥിയായ ഹരി കോളജിലെ കണ്ണിലുണ്ണിയാണ്. കണ്ണുകാണാൻ പറ്റില്ലെങ്കിലും അവൻ നേടിയെടുത്ത വിജയങ്ങളുടെ ലിസ്റ്റ് വലുതാണ്. നായകനെയും നായികയെയും പരിചയപ്പെടുത്തി കഴിഞ്ഞാൽ പിന്നെ, അവരെ പ്രേമത്തിലേക്ക് തള്ളിയിടുക എന്നതാണല്ലോ ദൗത്യം. നായകന്‍റെ പെരുമാറ്റം, പഠിത്തത്തിലുള്ള മികവ്, പിന്നെ അന്ധനാണെങ്കിലും അതൊന്നും കൂസാതെയുള്ള നടപ്പെല്ലാം നായികയെ നായകനിലേക്ക് അടുപ്പിക്കുകയാണ്. ഇത്തരം പതിവ് ഗിമ്മിക്കുകളെല്ലാം സ്ക്രീനിൽ നിറയുന്പോൾ പ്രേക്ഷകർ അറിയാതെ കരഞ്ഞുപോകും.

വളിപ്പടി നിറഞ്ഞ കാന്പസ്

കാന്പസിൽ വളിപ്പടിയുണ്ടാവുക സ്വഭാവികം. എങ്കിലും, ഇത്രത്തോളം വരുമോ. വരുന്നവനും പോകുന്നവനുമെല്ലാം കോമഡി വെച്ചുകാച്ചുകയാണ്. പിന്നെ പതിവ് പോലെ റാഗിംഗും റൊമാൻസും എല്ലാം കുത്തിനിറച്ചിട്ടുണ്ട്. ഇതൊക്കെ കണ്ട് വശംകെട്ട് പോകുന്നവർക്ക് അതിനേക്കാൾ ഇരുട്ടടി സമ്മാനിക്കുന്ന ഇന്‍റർവെൽ പഞ്ചും നൽകിയാണ് അദ്യപകുതി കടന്നുപോകുന്നത്.

രണ്ടാം പകുതി ഭേദമായിരിക്കുമെന്ന് വിചാരിക്കേണ്ട, വെറുതെയാണ്. അടിച്ചു പൊളിക്കാൻ കാന്പസിലെത്തിയ അച്ചാമ്മയെ നായകൻ ഒറ്റ നിമിഷംകൊണ്ട് മാറ്റാൻ ശ്രമിക്കുകയാണ്. നായിക മാറാൻ തുടങ്ങിയതോടെ മാറ്റത്തോട് മാറ്റവും. എംഎസ്ഡബ്യു വിദ്യാർഥികളിൽ ഏറ്റവും മിടുക്കിയെന്ന പേരും നായിക രണ്ടാം പകുതിയിൽ നേടിയെടുക്കുന്നുണ്ട്. ഇതൊക്കെ കണ്ട് മടുത്തിരിക്കുന്പോഴാണ് "അതിഗംഭീര' ക്ലൈമാക്സ് വരുന്നത്.



ഇങ്ങനെ ത്രില്ലടിപ്പിക്കല്ലേ

സകലരും ആകാംക്ഷയോടെ നോക്കിയിരിക്കുന്പോഴാണ് ക്ലൈമാക്സ് ത്രിൽ എത്തുന്നത്. ഇങ്ങനെ ത്രിൽ തരല്ലേ എന്ന് ഏവരും പറഞ്ഞുപോകുന്ന അവസ്ഥ. അതിനൊത്ത പശ്ചാത്തല സംഗീതം കൂടിയായപ്പോൾ ഒരു ദുരന്ത കഥയ്ക്ക് പരിസമാപ്തിയായി. പശ്ചാത്തല സംഗീതം വെറുപ്പിക്കുമെങ്കിലും ചിത്രത്തിൽ ഗോപിസുന്ദർ ഒരുക്കിയ പാട്ടുകൾ പ്രേക്ഷക പ്രീതി നേടുന്നുണ്ട്. ഛായാഗ്രഹകനാകട്ടെ കളർഫുൾ ഫ്രെയിമുകളാൽ സിനിമയെ കുളിപ്പിച്ചെടുത്തിട്ടുണ്ട്.

പക്ഷേ, എന്തു കാര്യം. വാടിത്തളർന്ന തിരക്കഥയ്ക്കുമേൽ നിന്ന് എന്തു ആവിഷ്കരിച്ചെടുത്താലും ഏച്ചുകെട്ടിയപോലെയിരിക്കും. അതാണ് കാമുകിക്ക് സംഭവിച്ചത്.

(ഒരു പ്രത്യേകതരം കാമുകി ഇറങ്ങിയിട്ടുണ്ട്. മാറി നടന്നോണം)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.