"പ്രേമ'ബാധയേറ്റ തൊബാമ...!
Saturday, April 28, 2018 5:35 PM IST
സൗഹൃദവും നിരാശയും പിന്നെ ആഗ്രഹങ്ങളും സമ്മാനിച്ചാണ് "തൊബാമ' മുന്നിലൂടെ കടന്നുപോയത്. പതിഞ്ഞ താളത്തിൽ ഒഴുകി, 2006-2007 കാലഘട്ടത്തിലൊക്കെ അത്രയൊക്കെയേ വേഗം കാണൂ എന്ന് ഓർമിപ്പിച്ചാണ് ഷറഫുദീനും കൃഷ്ണ ശങ്കറും സിജു വിൽസണും ബിഗ്സ്ക്രീനിൽ ചലിക്കുന്നത്. ഫ്രെയിമുകളിലെങ്ങും ഒരു "പ്രേമം' ടച്ച് ചിത്രത്തിൽ തെളിഞ്ഞു കിടപ്പുണ്ട്. വർഷങ്ങൾക്ക് മുൻപേ അൽഫോൻസ് പുത്രന്‍റെ കൂടെക്കൂടിയ മൊഹ്സിൻ കാസിം സ്വതന്ത്ര സംവിധായകനാകുന്പോൾ അങ്ങനെയൊരു ചായ്‌വ് സ്വഭാവികം.

എന്താണ് ഈ തൊബാമ എന്നാലോചിച്ച് തല പുകയ്ക്കണ്ട. കേന്ദ്ര കഥാപാത്രങ്ങളുടെ പേരുകളുടെ ആദ്യത്തെ അക്ഷരം മുറിച്ചെടുത്താൽ തൊബാമയായി (തൊമ്മി, ബാലു, മനാഫ്). ഇവരുടെ സൗഹൃദത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന നല്ല സൗഹൃദങ്ങളെ അടയാളപ്പെടുത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. പക്ഷേ, ചിത്രത്തിൽ പ്രണയം കടത്തിവിട്ടപ്പോൾ എന്തോ ചേർന്നു നിന്നില്ല. അതൊരു വലിയ പോരായ്മയായി അവശേഷിച്ചു.



ആലുവയിലായിരുന്നല്ലോ പ്രേമത്തിന്‍റെ പ്രധാന ലൊക്കേഷൻ. തൊബാമയിലും ഇക്കാര്യത്തിന് മാറ്റമൊന്നുമില്ല. വ്യത്യസ്ത മതത്തിൽ പെട്ട മൂന്നുപേരുടെ സൗഹൃദം എത്രമേൽ ദൃഢമാണെന്ന് കാണിക്കാൻ ആദ്യം തന്നെ സംവിധായകന് കഴിഞ്ഞു. കാശുണ്ടാക്കാൻ വ്യഗ്രത കാട്ടുന്ന തൊമ്മി (ഷറഫുദീൻ) ബാലുവിനേയും(സിജു) മനാഫിനേയും(കൃഷ്ണ ശങ്കർ) അതിനുള്ള വഴികൾ കാണിച്ചു കൊടുക്കുന്നിടത്താണ് കഥ തുടങ്ങുന്നത്.

റിയലിസ്റ്റിക്കായി ചിത്രീകരിക്കാൻ ശ്രമിച്ചതുകൊണ്ടു തൊബാമയ്ക്ക് അല്പം വേഗക്കുറവുണ്ട്. മണി ചെയിനും ലോട്ടറി തട്ടിപ്പും മണൽ വാരലും തുടങ്ങി പല സംഗതികളും ചിത്രത്തിൽ കടന്നുവരുന്നുണ്ട്. ഇതെല്ലാം തന്നെ റിസ്ക്കുള്ളതാണെങ്കിലും വേഗത്തിൽ പണം നേടാൻ ആളുകൾ കണ്ടെത്തുന്ന മാർഗമാണല്ലോ.



ഷറഫുദീൻ ഓരോ സിനിമ കഴിയും തോറും മെച്ചപ്പെടുകയാണ്. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തൊബാമയിലെ തൊമ്മി. ഇത്തിരി മെലിഞ്ഞ് അവതരണത്തിൽ ആലസ്യം കാട്ടി... എന്നാൽ നിക്കേണ്ടയിടത്ത് കൃത്യമായി നിന്ന് തന്‍റെ കഥാപാത്രത്തെ ഷറഫുദീൻ മികവുറ്റതാക്കിയിട്ടുണ്ട്. സെക്കന്‍റ് ഷോയിലെ പോലെ മണൽകടത്തും അതിന്‍റെ റിസ്ക്കുമെല്ലാം തൊബാമയിലും വ്യക്തമായി കാട്ടിത്തരുന്നുണ്ട്. എംകോമിന് പഠിക്കുന്ന ബാലു മാത്രമാണ് പഠന വഴിയെ പോകുന്ന ഒരുവൻ. ബിസിനസ് തുടങ്ങാൻ വെന്പൽ കൊണ്ടുനടക്കുന്ന തൊമ്മിയുടെ മുന്നിൽ മണിചെയിനും സംഗതികളുമെല്ലാം തലപൊക്കുന്നുണ്ടെങ്കിലും അധികമൊന്നും അതിലേക്ക് കടക്കാതെ സംവിധായകൻ ശ്രദ്ധിക്കുന്നുണ്ട്.



സിനിമ മോഹവുമായി നടക്കുന്ന മനാഫിന്‍റെ പ്രകടനമാണ് ചിത്രത്തിൽ ചിരിയുണർത്തുന്നത്. പക്ഷേ, ഇവിടെ കക്ഷി റിയലിസ്റ്റിക്കാകാനുള്ള ശ്രമത്തിനിടെ ഇടയ്ക്കിടെ പിടിവിട്ട് പോകുന്നുണ്ട്. കഥ പറച്ചിലിൽ തുടക്കം മുതൽ കയറിക്കൂടിയ ഇഴച്ചിൽ ഒടുക്കം വരെ പിടിവിടാതെ കൂടെയുണ്ട്. ഈ കഥയ്ക്ക് ഇത്ര ഇഴച്ചിൽ ആവശ്യമുണ്ടോ എന്ന കാര്യവും ചോദ്യചിഹ്നമാണ്.



രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ ലോട്ടറി തട്ടിപ്പിന്‍റെ പിന്നാലെയാണ് കഥയുടെ പോക്ക്. അതിനിടയ്ക്ക് കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാൾക്ക് പ്രണയമുണ്ടാകുന്നതോടെ കഥ ഏത് വഴിക്കെന്ന് ഒരുപിടിയും കിട്ടില്ല. പുണ്യ എലിസബത്താണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പൈങ്കിളി നായികയായി പുണ്യ ചിത്രത്തിൽ ഒതുങ്ങി പോകുന്നുണ്ട്. ആവിഷ്കരണത്തിൽ മൊത്തത്തിൽ പ്രേമം ടച്ച് നൽകാൻ ശ്രമിച്ചതും കല്ലുകടിയാണ്. സംഗീത വിഭാഗം ശരാശരിയിൽ ഒതുങ്ങി പോകുന്നുണ്ടെങ്കിലും കാമറകൊണ്ട് വിരുന്നൊരുക്കാൻ ഛായാഗ്രഹകൻ സുനോജ് വേലായുധന് സാധിച്ചിട്ടുണ്ട്.



ഏടാകൂടങ്ങളിൽ പെടുന്പോഴുണ്ടാകുന്ന തിരിച്ചറിവുകളും നല്ല സൗഹൃദങ്ങളുടെ നിലനിൽപ്പുമെല്ലാം ചിത്രത്തിൽ നിഴലിക്കുന്പോൾ വേഗത്തിലോടുന്ന കാലം സഡൻ ബ്രേക്കിടും. എന്നിട്ട് ഇങ്ങനെയും ഒരു കാലഘട്ടം പലർക്കുമുണ്ടാകുമെന്ന് ഓർമിപ്പിച്ച് വീണ്ടും വേഗത്തിൽ കടന്നുപോകും. വേഗം കുറഞ്ഞ സൗഹൃദനാൾ വഴികളും നോക്കിയ ഫോണിലെ കളികളും പിന്നെ സ്പ്ലെണ്ടർ ബൈക്കിന്‍റെ പ്രതാപകാലവുമെല്ലാം ചിത്രത്തിൽ കൃത്യമായി സംവിധായകൻ അടയാളപ്പെടുത്തിയിട്ടുണ്ട്. പഴയകാല ഓർമകളിലേക്കൊക്കെ ചുമ്മാ ഒന്നു തിരിഞ്ഞു നോക്കണമെന്ന് ആഗ്രഹമുള്ളവർക്ക് തീർച്ചയായും തൊബാമയ്ക്ക് ടിക്കറ്റെടുക്കാം.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.