വിരസകുമാരൻ...!
Friday, March 30, 2018 3:10 PM IST
ഹോ എന്തൊരു കഷ്ടപ്പാടായിരുന്നു സംവിധായകൻ ബോബൻ സാമുവലിനും തിരക്കഥാകൃത്ത് വൈ.വി.രാജേഷിനും. ട്വിസ്റ്റുകൾ ഉണ്ടാക്കണം... പിന്നെ ത്രില്ലർ മൂഡിൽ കഥ പറയണം... ഇടയിൽ ചെറിയൊരു പ്രണയം വേണം... പിന്നെ കുറെ കോമഡി വേണം... ഇതൊക്കെ ഉണ്ടെങ്കിലും ചിത്രത്തിന്‍റെ ഗൗരവ സ്വഭാവം നഷ്ടപ്പെടാൻ പാടില്ല...

ഈ പറഞ്ഞ കാര്യങ്ങളെല്ലാം എഴുതി ഉണ്ടാക്കിയിട്ടുണ്ടാവാം. പക്ഷേ ദൃശ്യവത്കരിച്ചപ്പോൾ പാളിപ്പോയെന്ന് മാത്രം. കേഡി വക്കീലായി വേഷമിട്ട ബൈജു എന്ന നടന്‍റെ സാന്നിധ്യം മാത്രമാണ് ചിത്രത്തിൽ ചിരിയുണർത്തുന്നത്. സിനിമയിൽ കോടതി മുറി എങ്ങനെയും ആകാം എന്നാണല്ലോ... ആ പോളിസി തന്നെയാണ് സംവിധായകൻ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. മജിസ്ട്രേറ്റാകട്ടെ വക്കീലാകട്ടെ, ചിരിക്കാനുളള വകയുണ്ടാക്കുക എന്നതു മാത്രമാണ് ലക്ഷ്യം.



ആ കോമഡി കാട്ടലിനിടയിൽ ചിത്രത്തിന്‍റെ ഗൗരവ സ്വഭാവം പാടെ നഷ്ടപ്പെട്ടു. ഇടയ്ക്കിടെ ഗൗരവം വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൂടിചേരാൻ മടിച്ചു നിന്ന പല സംഗതികളും ചേർന്ന് കഥയുടെ പിടിവള്ളി സംവിധായകന്‍റെ കൈയിൽ നിന്നും തട്ടിക്കളഞ്ഞു. സംവിധായകൻ ഉദ്ദേശിച്ചത് ഒരു കിടിലൻ ത്രില്ലറാണ്. പക്ഷേ, സംഗതി ചെയ്ത് വന്നപ്പോൾ "വികടകുമാരൻ' വൻ ട്രാജഡിയായി മാറിപ്പോയെന്ന് മാത്രം.

തുടക്കത്തിൽ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തണമെന്നായിരുന്നു സംവിധായകന്‍റെ ഉദ്ദേശം. തമിഴ്നാട്ടിൽ നടക്കുന്ന ഒരു ക്രൈം കാട്ടിക്കൊണ്ടാണ് ചിത്രം തുടങ്ങിയത്. പിന്നീട് പതുക്കെ കേരളത്തിലേക്ക് കഥയെത്തുകയാണ്. അപ്പോൾ ദാ ഇവിടെയും നടക്കുന്നു ഒരു ക്രൈം... കേരളക്കരയിൽ നടന്ന ക്രൈമിന്‍റെ അന്വേഷണവും സംഭവങ്ങളും ചൂടുപിടിക്കുന്നതോടെയാണ് ചിത്രത്തിന് ഇത്തിരി ഉഷാറൊക്കെ വരുന്നത്. അതുവരെ കോടതിയിൽ കോമോളിത്തരങ്ങൾ മാത്രം കാട്ടിക്കൊണ്ടിരുന്ന കഥാനായകൻ (വിഷ്ണു ഉണ്ണികൃഷ്ണൻ) അല്പം സീരിയസാവുകയാണ്. ഇടയ്ക്കൊക്കെ മുൻകാലത്ത് കണ്ട ചില "ത്രില്ലർ വക്കീൽ' ചിത്രങ്ങൾ വികടകുമാരൻ ഓർമിപ്പിക്കുന്നുണ്ട്.



നായകനാവുന്പോൾ ഒരു പ്രണയം ഉണ്ടായിരിക്കണമല്ലോ എന്നുള്ള ഒറ്റ ഉദ്ദേശത്തിലാണ് ചിത്രത്തിൽ നായികയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രാധാന്യവുമില്ലാതെ ചുമ്മാ ഒരു നായികയായി മാനസ രാധാകൃഷ്ണൻ ചിത്രത്തിൽ ഒതുങ്ങിപ്പോയി. കോമഡി രംഗങ്ങൾ നായകന് വഴങ്ങുമെങ്കിലും സീരിയസ് രംഗങ്ങളിൽ എന്തോ ഒരു ചേർച്ചക്കുറവ് കാഴ്ചക്കാരന് തോന്നാം. ഗുമസ്തനായി വേഷമിട്ട ധർമജൻ ബോൾഗാട്ടി മുറയ്ക്ക് കോമഡി അട‌ിക്കുന്നുണ്ടെങ്കിലും പഞ്ചില്ലാത്തതിനാൽ ചീറ്റിപ്പോയി. മജിസ്ട്രേറ്റ് ആയി ചിത്രത്തിൽ എത്തിയ സംവിധായകൻ റാഫി തെറ്റില്ലാത്ത പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

കെട്ടുറപ്പില്ലാത്ത തിരക്കഥ തന്നെയാണ് ചിത്രത്തിലെ പ്രധാന വില്ലൻ. രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ എന്തൊക്കയോ കാട്ടിക്കൂട്ടിയ ചിത്രത്തെ രണ്ടു മണിക്കൂറും പതിനൊന്ന് മിനിറ്റിലേക്കും സംവിധായകൻ വലിച്ചു നീട്ടുകയായിരുന്നു. ഇന്ദ്രൻസ് വളരെ കുറച്ച് രംഗങ്ങളിലെത്തി മികച്ച പ്രകടനം നടത്തി കടന്നുപോകുന്നുണ്ട്. ഒന്നാം പകുതി അല്ലറ ചില്ലറ കോമഡിയും പിന്നെ ചില വലിച്ച് നീട്ടലുകളുമായി പോയി ഒരു പഞ്ചില്ലാ ട്വിസ്റ്റ് കാട്ടിയാണ് സംവിധായകൻ അവസാനിപ്പിക്കുന്നത്. രണ്ടാം പകുതിയിൽ പിന്നെ, നായകന്‍റെ കേസ് തെളിയിക്കാനുള്ള പരക്കം പാച്ചിലാണ് കാണാൻ കഴിയുക.



നായകന്‍റെ നന്മനിറഞ്ഞ മനസ് പൊലിപ്പിച്ച് കാട്ടാനാണ് രണ്ടാം പകുതിയിൽ സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. കാന്പില്ലാത്തത് കൊണ്ടുതന്നെ ആ നന്മയൊന്നും വേണ്ടത്ര തീവ്രതയോടെ സ്ക്രീനിൽ തെളിഞ്ഞില്ല. പിന്നീട് വരുന്ന കഥാഗതികളെല്ലാം ഉൗഹിക്കാമെങ്കിലും തുടക്കത്തിൽ കാണിക്കുന്ന കേസുമായി കഥയെ ബന്ധിപ്പിക്കുന്പോഴാണ് ഇതൊരു ത്രില്ലറാണെന്ന തോന്നലുണ്ടാകുന്നത്. ലോജിക്കില്ലായ്മയുടെ പുറത്തുള്ള ഓട്ടമാണെങ്കിലും ചിത്രത്തിലെ വില്ലൻ തന്‍റെ വേഷം വെടിപ്പായി കൈകാര്യം ചെയ്തിട്ടുണ്ട്. വില്ലന്‍റെ പേര് പറഞ്ഞ് ചിത്രത്തിന് ആകെയുള്ള ഇത്തിരി ത്രില്ല് കളയുന്നില്ല. അതെല്ലാം നിങ്ങൾ തീയറ്റിൽ പോയി കണ്ട് ആസ്വദിക്കുക.

(എന്തിനോ വേണ്ടിയൊരു ത്രില്ലർ...)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.