എന്തിന് ഇങ്ങനെയൊരു കല്യാണം!
Friday, February 23, 2018 6:18 PM IST
"കല്യാണം' ക്ലീഷേ പ്രണയകഥയാണെന്ന് മുൻകൂർ ജാമ്യമെടുത്ത് പ്രേക്ഷകരെ എങ്ങനെയെല്ലാം വെറുപ്പിക്കാമെന്ന് പരിശോധിക്കുകയാണ് സംവിധായകൻ രാജേഷ് നായർ. (ചിത്രത്തിന്‍റെ ടാഗ് ലൈൻ "ക്ലീഷേ ലവ് സ്റ്റോറി' എന്നാണ്) ചിത്രത്തിലുള്ളതെല്ലാം വെറും കാട്ടിക്കൂട്ടലുകളാണ്.. കഥയും തിരക്കഥയുമെല്ലാം ഇഴഞ്ഞുനീങ്ങുന്പോൾ കാഴ്ചക്കാരന് സങ്കടം തോന്നിപ്പോകും. ജീവനില്ലാത്ത കഥയും അതിനോട് ചേർന്നു നിൽക്കുന്ന തിരക്കഥയും അതിൽ നിന്നും പ്രവഹിക്കുന്ന സംഭാഷണങ്ങളുമാണ് ചിത്രത്തിലെ വില്ലന്മാർ.

കല്യാണം അല്ലേ, അപ്പോൾ കാരണവന്മാർ തന്നെ മേൽനോട്ടം വഹിക്കണമല്ലോയെന്ന മട്ടിൽ മുകേഷിനെയും ശ്രീനിവാസനേയുമെല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മോശം പറയരുതല്ലോ, അവർ അവരുടെ കഥാപാത്രങ്ങളെ തരക്കേടില്ലാത്തവിധം അവതരിപ്പിച്ചിട്ടുണ്ട്. പക്ഷേ, ചിത്രത്തിലെ നായകനും (ശ്രാവണ്‍ മുകേഷ്) നായികയും (വർഷ) രംഗങ്ങൾ ഓരോന്നും എങ്ങനെ അഭിനയിച്ച് ഫലിപ്പിക്കണമെന്നുള്ള ആശങ്കയിൽ പെട്ട് വാടിത്തളർന്ന് പോയപ്പോൾ സംഗതി മൊത്തം കൈവിട്ടുപോയി.



ഹരീഷ് കണാരാ നിങ്ങളാണ് ആശ്വാസം..!

കല്യാണത്തിന് വേണ്ടി സംവിധായകൻ പഴയകാലത്തെ ഒരു പ്രണയകഥ പൊടിതട്ടിയെടുക്കുകയായിരുന്നു. അതായത് വാട്സ്‌ആപ്പും ഫേസ്ബുക്കും ഒന്നും ഇല്ലാത്ത കാലത്തെ പ്രണയം. അന്ന് പ്രണയം തുറന്നു പറയാൻ വിഷമിച്ച പലർക്കുമായി ചിത്രം സമർപ്പിക്കാനും മറന്നിട്ടില്ല. പക്ഷേ, ഈ സമർപ്പിക്കലിനും പൊടിതട്ടിയെടുക്കലിലും ഒന്നും വേണ്ടത്ര ആത്മാർഥതയില്ലാതെ വന്നതോടെ ചിത്രത്തിന്‍റെ ലെവൽ ശരാശരിക്കും താഴേക്ക് പോയി.

തുടക്കം മുതൽ നായകനും നായികയും വെറുപ്പിച്ച് മുന്നേറിയപ്പോൾ ചിരിപ്പിച്ച് മുന്നേറാനായിരുന്നു ഹരീഷ് കണാരന് ഉത്സാഹം. കക്ഷി അങ്ങനെയാണ്. ചില സിനിമകളിൽ വണ്‍മാൻഷോ നടത്തി അങ്ങ് നിറഞ്ഞ് നിൽക്കും. കഥ മുന്നോട്ടു കൊണ്ടുപോകേണ്ട നായികയുടെ മുഖത്ത് എപ്പോഴും ചിരിയാണ്. പക്ഷേ, ആ ചിരി സിനിമയ്ക്ക് ഗുണം ചെയ്തുമില്ല. നായകന് അഭിനയിച്ച് തകർക്കണം എന്നൊക്കെയുണ്ടെന്ന് തോന്നുന്നു. പക്ഷേ, കാന്പില്ലാത്ത കഥ പിന്നോട്ട് വലിച്ചപ്പോൾ പുള്ളിയും നിർവികാരനായി.



തുടക്കം പാളി ശ്രാവൺ

നടൻ മുകേഷിന്‍റെ മകൻ ശ്രാവണിന്‍റെ മലയാള സിനിമയിലേക്കുള്ള ചുവടുവയ്പ്പ് പാളിപ്പോയി. കക്ഷിക്ക് എന്തെങ്കിലുമൊക്കെ ചെയ്ത് ഫലിപ്പിക്കാനുള്ള വകുപ്പ് ഈ ചിത്രത്തിൽ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. താങ്ങായി ശ്രീനിവാസനും തണലായി മുകേഷും ചിത്രത്തിലുണ്ടായിട്ടും ശ്രാവണ്‍ വേണ്ടത്ര ശോഭിച്ചില്ല. നായകൻ നായികയുടെ പിന്നാലെ നടക്കുന്ന പതിവ് കല്യാണത്തിലും തുടരുന്നുണ്ട്. നായികയാകട്ടെ നായകന്‍റെ പിറകെ നടത്തം മനസിലാക്കുന്നുണ്ടെങ്കിലും (അതു പക്ഷേ, പ്രേക്ഷകർക്ക് മനസിലാകിലാകാത്ത വിധം ഒളിപ്പിച്ച് വച്ച്) ഗൗനിക്കാത്ത മട്ടിലൊരു പോക്കാണ്. അമ്മാവനായ ആവേശിനും (ഹരീഷ് കണാരൻ) സുഹൃത്തിനും ഒപ്പമാണ് നായകന്‍റെ സഞ്ചാരം. പ്രണയം തുറന്ന് പറയാനുള്ള വഴികളും ആലോചനകളുമെല്ലാമായാണ് ഒന്നാം പകുതി കടന്നു പോകുന്നത്. ഇതിനിടയിൽ കോമഡിക്കായി തിരുകിക്കയറ്റിയ രംഗങ്ങളും ധാരളമുണ്ട് ചിത്രത്തിൽ.



മനസിൽ കയറിക്കൂടാത്ത കഥാപാത്രങ്ങൾ

ഒന്നാം പകുതിയിൽ നായകനെ നായികയുടെ പുറകെ നടത്തിച്ചല്ലോ, അപ്പോൾ ഇനി അവനെ വൈകാരിക നിമിഷങ്ങളിലേക്ക് തള്ളിയിടാനുള്ള സമയമായെന്ന് തോന്നിപ്പിക്കുംവിധം ചില രംഗങ്ങൾ രണ്ടാം പകുതിയിൽ കടന്നുവരുന്നുണ്ട്. ഹോ... ആ രംഗങ്ങളൊന്നും ഒരു പ്രേക്ഷകനും സഹിക്കില്ല. പ്രണയരംഗങ്ങൾ ആവിഷ്കരിക്കുന്നതിൽ സംവിധായകൻ അന്പേ പരാജയപ്പെട്ടു. മാല പാർവതിയും ഇന്ദ്രൻസും പിന്നെ പ്രദീപ് കോട്ടയവുമെല്ലാം ചിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കിലും മനസിൽ കയറാതെ ഇറങ്ങിപ്പോവുകയായിരുന്നു. ഇന്ദ്രൻസിന്‍റെ സെന്‍റിമെന്‍റൽ കഥാപാത്രത്തിന് ജീവനുണ്ടെങ്കിലും സിനിമയുമായി ചേർന്നു നിൽക്കാൻ നന്നേ പ്രയാസപ്പെടുന്നുണ്ട്.



വല്ലാത്തൊരു ട്വിസ്റ്റായിപ്പോയി

പ്രണയസിനിമയ്ക്ക് ഇണങ്ങുംവിധമുള്ള ഗാനങ്ങൾ ഒരുക്കാൻ സംഗീത സംവിധായകൻ പ്രകാശ് അലക്സിന് കഴിഞ്ഞിട്ടുണ്ട്. ഒന്നാം പകുതിയെ തട്ടിയും മുട്ടിയും കൊണ്ടുപോയി രണ്ടാം പകുതിയിൽ ട്വിസ്റ്റിട്ട് ഞെട്ടിക്കാനായിരുന്നു സംവിധായകന്‍റെ ശ്രമം. പക്ഷേ, നാടകീയത കുത്തിനിറച്ചപ്പോൾ ട്വിസ്റ്റെല്ലാം കുളമായി. പഞ്ചില്ലാത്ത കഥയിൽ ഒട്ടും ലോജിക്കില്ലാത്ത കല്യാണവും ഒടുവിൽ സ്ഥാനംപിടിക്കുന്നുണ്ട്. ഹോ... മറന്നുപോയി കല്യാണം എന്നാണല്ലോ ചിത്രത്തിന്‍റെ പേര്, അപ്പോൾ പിന്നെ ലോജിക്കില്ലെങ്കിലും ഒരു കല്യാണം വേണമല്ലോ അല്ലേ. പ്രേക്ഷകർ ഇതുവരെ കാണാത്ത കല്യാണമാണ് സംവിധായകൻ ഉദ്ദേശിച്ചത്. പക്ഷേ, ആ കല്യാണം ശരിയായി നടത്താൻ പുള്ളിക്കാരന് കഴിഞ്ഞില്ല.

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.