"ഓവർ ടേക്ക്' ഇത്തിരി ഓവറാണ്
Saturday, November 4, 2017 8:23 AM IST
റോഡ് മൂവി വിഭാഗത്തിൽപ്പെടുന്ന ചിത്രങ്ങൾ മലയാളത്തിൽ പൊതുവേ കുറവാണ്. ആ നിരയിലേക്ക് ഹോളിവുഡ് ടച്ചോടെ ഒരു ചിത്രം സമ്മാനിക്കാനായിരുന്നു ജോൺ ജോസഫ് എന്ന സംവിധായകൻ "ഓവർ ടേക്ക്' എന്ന ചിത്രത്തിലൂടെ ശ്രമിച്ചത്. ഇതുവരയെുള്ള പരീക്ഷണങ്ങളെ കവച്ചുവെക്കാനുള്ള കെൽപ്പൊന്നും ഓവർ ടേക്കിന് ഇല്ല. രണ്ടു മണിക്കൂറിലേക്ക് ചിത്രത്തെ വലിച്ചു നീട്ടാൻ സംവിധായകൻ നന്നേ പാടുപ്പെടുന്നുണ്ട്. അതിനായി കാട്ടിക്കൂട്ടിയ രംഗങ്ങൾ അത്രയും ഇഴഞ്ഞിഴഞ്ഞാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിൽ ത്രില്ലും സംഭവങ്ങളും ഒക്കെയുണ്ട്. പക്ഷേ, അത് കടന്നു വന്നപ്പോഴേക്കും പ്രേക്ഷകൻ മടുപ്പിന്‍റെ പിടിയിൽ വീണു പോയിരുന്നു.

1971-ൽ പുറത്തിറങ്ങിയ "ഡ്യുവൽ' എന്ന ഹോളിവുഡ് ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഓവർ ടേക്ക് ചെയ്തിരിക്കുന്നത്. പക്ഷേ, ഡ്യൂവൽ സമ്മാനിച്ച ത്രില്ലൊന്നും നൽകാൻ 2017-ൽ ഇറങ്ങിയ ഓവർ ടേക്കിന് സാധിച്ചിട്ടില്ല. "അതു വേ, ഇതു റേ' എന്ന മട്ടിൽ മാത്രം ഓവർ ടേക്കിനെ സമീപിച്ചാൽ മതി. മടുപ്പിക്കുന്ന സംഭാഷണങ്ങളോടെയാണ് ചിത്രത്തിന്‍റെ തുടക്കം. സിനിമ ചെയ്യണം എന്നുണ്ട് പക്ഷേ, എങ്ങനെ സംഭാഷണം എഴുതണമെന്ന് അറിയാത്ത വിധത്തിലുള്ള പടച്ചുവിടൽ. റോഡ് മൂവി, ത്രില്ലർ എന്നീ രണ്ടു ഗണത്തിലേക്കും ഈ ചിത്രം ചെക്കേറുന്നുണ്ട്. പക്ഷേ, തികവുറ്റ ത്രല്ലറെന്നോ റോഡ് മൂവിയെന്നോ പറയാൻ പറ്റില്ലായെന്നു മാത്രം.



വിജയ് ബാബു, പാർവതി നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. പിന്നെ ഒരു ട്രക്കും. റോഡ് മൂവിയാണെന്നു പറഞ്ഞിട്ട് എന്തേ യാത്ര പുറപ്പെടാൻ അമാന്തം എന്ന് ചിത്രത്തിന്‍റെ തുടക്കത്തിൽ പ്രേക്ഷകർക്ക് സ്വഭാവികമായി തോന്നി പോകും. കഥ മെനഞ്ഞെടുക്കാനായി ആദ്യ പകുതിയിൽ കാട്ടിയതെല്ലാം പതിഞ്ഞ താളത്തിലാണ് പോകുന്നത്. വല്ലാത്ത മടുപ്പിക്കലിലേക്ക് ആദ്യമേ തന്നെ സംവിധായകൻ പ്രേക്ഷകരെ എത്തിക്കുന്നുണ്ട്. ബിസിനസുകാരനായ കഥാ നായകൻ ഭാര്യയുമൊത്ത് ബംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് കാറിൽ യാത്ര തിരിക്കുന്നതോടെയാണ് കഥയുടെ മട്ടും ഭാവവും മാറുന്നത്.

അവിചാരിതമായി ഒരു ട്രക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നതും അതിനെ ഓവർ ടേക്ക് ചെയ്യാനുള്ള ശ്രമവുമാണ് ചിത്രത്തെ ത്രില്ലിംഗ് മൂഡിലേക്ക് കൊണ്ടുവരുന്നത്. അങ്ങോട്ടും ഇങ്ങോട്ടും വിട്ടുകൊടുക്കാൻ രണ്ടു കൂട്ടരും തയാറാകാതെ വരുന്നതോടെ കാർ-ട്രക്ക് ചെയ്സ് തന്നെ ചിത്രത്തിൽ കാണാനാവും. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്പാണ് ഇത്തരം രംഗങ്ങൾ കടന്നു വരുന്നതെന്നു മാത്രം. രണ്ടാം പകുതിയിൽ ചിത്രം കുറച്ചു കൂടി സീരിയസാകുന്നതോടെ സ്ക്രീനിൽ നിന്നു കണ്ണെടുക്കാൻ പറ്റാത്ത വിധം സംവിധായകൻ പ്രേക്ഷകരെ പിടിച്ചിരിത്തുന്നുണ്ട്.



ട്രക്ക് ഡ്രൈവറെ കാണാമറയത്ത് നിർത്തി ക്ലൈമാക്സ് വരെ സസ്പെൻസ് നിലനിർത്താൻ സംവിധായകന് കഴിഞ്ഞട്ടുണ്ട്. വെറുമൊരു ഓവർ ടേക്കിംഗിന് അപ്പുറത്ത് രംഗം വഷളാകുന്നിടത്താണ് ചിത്രത്തിന്‍റെ ത്രില്ല് കൂടുന്നത്. ട്രക്കിന്‍റെ വേഗം കൂടുന്പോഴുള്ള ഇരന്പലും കാമറ ട്രിക്കിലൂടെയുള്ള ഞെട്ടിക്കലുമെല്ലാം കൃത്യമായ അളവിൽ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. ട്രക്ക് എന്തിന് നായകനേയും നായികയേയും പിന്തുടരുന്നു, അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് അറിയാനുള്ള ആകാംക്ഷ രണ്ടാം പകുതിയിൽ പൂർണമായി നിലനിർത്താൻ സംവിധായകന് കഴിഞ്ഞട്ടുണ്ട്.



എഡിറ്റിംഗിലെ പോരായ്മകളും കാമറ ട്രിക്കുകളിലെ പാളിച്ചകളും ഇടയ്ക്കിടെ ചിത്രത്തെ പിന്നോട്ടടിക്കുന്നുണ്ട്. വിജയ് ബാബുവും പാർവതി നായരും ഭേദപ്പെട്ട പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. കിടിലൻ എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും, റോഡ് മൂവി വിഭാഗത്തിൽ ഇത്തരമൊരു അനുഭവം മലയാളത്തിൽ ആദ്യമാണ്. രണ്ടാം പകുതിക്കായി ഒന്നാം പകുതിയെ സഹിച്ചാൽ ചിത്രം നിങ്ങൾക്ക് ത്രിൽ സമ്മാനിക്കും.

(ത്രില്ലൊക്കെയുണ്ട്. പക്ഷേ, സ്ക്രീനിലേക്കെത്താൻ വൈകിയെന്നു മാത്രം.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.