"പോക്കിരി സൈമണ്‍' തനി കൂറ
Friday, September 22, 2017 4:45 AM IST
അയ്യയ്യോ... ദാരിദ്യ്രമെന്നു പറഞ്ഞാൽ കട്ട ദാരിദ്യ്രം... "പോക്കിരി സൈമൺ' എന്ന ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാവും ഉചിതം. ഇളയ ദളപതിയുടെ പേര് പറഞ്ഞ് സണ്ണി വെയ്ൻ എന്ന നായകനെ ചുളുവിൽ സൂപ്പർസ്റ്റാർ ലെവലിലേക്ക് ഉയർത്താനുള്ള സംവിധായകന്‍റെ ശ്രമം ഇത്തരി കടുത്തു പോയി. ഇമ്മാതിരി വേഷം കെട്ടലുകളെല്ലാം തമിഴിൽ പേരെടുത്ത നടന്‍റെ പേരിലാകുന്പോൾ ആളുകയറുമെന്നുള്ള വിശ്വാസത്തിലൂന്നി സംവിധായകൻ ജിജോ പടച്ചുണ്ടാക്കിയ ചിത്രമാണ് പോക്കിരി സൈമണ്‍.

ചിത്രത്തിന്‍റെ തുടക്കം മുതൽ വേണ്ടിടത്തും വേണ്ടാത്തയിടത്തും വിജയ് എന്ന നടന്‍റെ ഫ്ലക്സുകളും ഫോട്ടോയും വച്ച് നിറച്ചതോടെ തിയറ്ററിനകത്ത് പലരുടെയും മുഖത്ത് ആദ്യം കണ്ട പ്രസന്നത താനെ മങ്ങി. "എന്തോന്നടെ ആരാധന എന്നെല്ലാം പറഞ്ഞാൽ ഇങ്ങനെയുണ്ടോ ആരാധന' ഒരുമാതരി കട്ട വെറുപ്പിക്കൽ... ഈ കാട്ടിക്കൂട്ടൽ കണ്ടാൽ സാക്ഷാൽ വിജയ് വരെ ചിലപ്പോൾ നെഞ്ചത്തടിച്ച് കരഞ്ഞെന്നിരിക്കും.




തുടക്കം ഉഷാറാക്കി പക്ഷേ...

വിജയ് ഫാൻസിനെ തൃപ്തിപ്പെടുത്തും വിധത്തിലുള്ള തുടക്കം. തിരുവനന്തപുരത്തെ വിജയ്‌യുടെ ആരാധകരെ പരിചയപ്പെടുത്തലും പുള്ളിക്കാരന്‍റെ മാസ് ഡയലോഗുകളുടെ കെട്ടഴിച്ച് വിടലുമെല്ലാം ആരാധകരെ വേണ്ടുവോളം തൃപ്തിപ്പെടുത്തും. പക്ഷേ, പിന്നീട് അങ്ങോട്ട് സംഭവിച്ചതെല്ലാം സംവിധായകന്‍റെയും തിരക്കഥാകൃത്തിന്‍റെയും പേക്കൂത്തുകളായിരുന്നു. തലയും വാലും ഇല്ലാത്ത എന്തൊക്കയോ ഉൗളത്തരങ്ങളാണ് പിന്നീട് തെളിഞ്ഞുവരുന്നത്. "ഛോട്ടാ മുംബൈ' പോലുള്ള രസികൻ പടങ്ങൾ വേണ്ടുവോളം സംവിധായകനെ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തം. പക്ഷേ, അത്തരം ചേരുവകൾ പോക്കിരി സൈമണിൽ തുന്നി ചേർക്കാൻ നോക്കിയപ്പോൾ അത്രയ്ക്ക് അങ്ങോട്ട് ഏശിയില്ലാന്നു മാത്രം.



ആരാധനയാണത്രേ ആരാധന

തിരുവനന്തപുരംകാരനായ പോക്കിരി സൈമണിന്‍റെയും കൂട്ടുകാരുടെയും വിജയ് ആരാധനയെ കുറിച്ചുള്ള കഥയാണ് സംവിധായകന് കാട്ടിത്തരാനുണ്ടായിരുന്നത്. അപ്പാനി ശരത്, സൈജു കുറിപ്പ്, ജേക്കബ് ഗ്രിഗറി എന്നിവർ കൂടി സണ്ണിവെയ്നൊപ്പം ചേർന്നപ്പോൾ യൂത്ത് മൊത്തം അങ്ങ് തിയറ്ററിൽ കയറിക്കോളുമെന്നായിരിക്കും പോക്കിരി സൈമണ്‍ ടീം കരുതിയത്. ഒരു മയത്തിനൊക്കെ ആരാധന കാണിച്ചിരുന്നേൽ പിന്നെയും സഹിച്ചിരിക്കാമായിരുന്നു. ആരാധകരെ പരിചയപ്പെടുത്തിയ ശേഷം കഥയിലേക്ക് പ്രവേശിക്കുന്നതോടെ ക്ലീഷേകളുടെ കെട്ട് താനേ അഴിഞ്ഞുവീഴുകയായിരുന്നു. സിനിമയിൽ കഥയില്ലേ എന്നു ചോദിച്ചാൽ ഉണ്ട്. ഒട്ടും പുതുമയില്ലാന്നു മാത്രം.



വല്ലാത്തൊരു പ്രണയം

പലതരത്തിലുള്ള പ്രണയം കണ്ടിട്ടുണ്ട് പക്ഷേ, ഇമ്മാതിരിയൊന്ന് ഇത് ആദ്യമാണ്. പ്രയാഗ മാർട്ടിന് നായിക പട്ടം കൊടുത്ത് ചിത്രത്തിന് ഒരു ഗുമ്മൊക്കെ വരുത്തിയിട്ടുണ്ട്. പക്ഷേ എന്തിനോ വേണ്ടി തിളച്ച സാന്പാറിലെ വെണ്ടയ്ക്ക പോലെ നായിക പ്രണയ പരവശയായി എങ്ങോട്ടെന്നില്ലാതെ ഒഴുകി നടക്കുകയാണ്. അവസാനം നായിക എവിടെയെന്ന ചോദ്യം വരും മുന്പ് പിടിച്ചുവലിച്ച് കഥയിലേക്കിട്ട് സംവിധായകൻ ഒരുവിധത്തിൽ തടിതപ്പി. എത്രയോ സിനിമകളിൽ കണ്ടു പരിചയിച്ച പ്രണയാവിഷ്കരണത്തെ ഒട്ടും മാറ്റമില്ലാതെ ഈ ചിത്രത്തിലും കുത്തി തിരുകി കയറ്റുക മാത്രമാണ് സംവിധായകൻ ചെയ്തിട്ടുള്ളത്. തട്ടിക്കൂട്ട് പ്രണയം എന്നുവേണമെങ്കിൽ പറയാം.



സണ്ണിവെയ്ൻ പെട്ടുപോയി

നല്ല വേഷങ്ങളുടെ തോഴൻ എന്നൊരു പേര് സണ്ണിവെയ്ൻ ഇക്കാലത്തിനിടയ്ക്ക് സന്പാദിച്ചുവച്ചിരുന്നു. എന്നാൽ ഈ ഒറ്റ ചിത്രത്തിൽ തലവച്ചതോടെ ആ പേര് മാറികിട്ടും. വിജയ്‌യുടെ മാസ് ഡയലോഗുകൾ കാണാതെ പഠിച്ചുകൊണ്ടുള്ള സണ്ണിയുടെ പ്രകടനം ഹോ കാണേണ്ടത് തന്നെയാണ്. അടിത്തറയില്ലാത്ത തിരക്കഥയ്ക്ക് മേൽ എത്ര മാസ് ഡയലോഗ് അടിച്ചിട്ടും കാര്യമില്ലെന്ന് സണ്ണി വെയ്നിലൂടെ തെളിഞ്ഞു. കോമഡി ലൈനിലും സീരിയസായും എല്ലാം സണ്ണി ഡയലോഗുകൾ വാരി വിതറിയെങ്കിലും സംഭവം അങ്ങോട്ട് ഒത്തില്ലാന്നു മാത്രം.



സെന്‍റിമെൻസില്ലാതെ പറ്റില്ലാല്ലോ

കഥയിൽ കുറച്ച് സെന്‍റിമെൻസില്ലെങ്കിൽ എങ്ങനെയാണ് ശരിയാകുക. കഥയുടെ അവസാന ഭാഗത്തേക്ക് കടക്കുന്പോഴാണ് സെന്‍റിമെൻസ് സടകുടഞ്ഞ് എഴുന്നേൽക്കുന്നത്. പിന്നീട് അങ്ങോട്ട് ഫുൾ സെന്‍റിമെൻസാണ്. കൂട്ടിന് സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയം കൂടിയാകുന്പോൾ ഉഷാറായില്ലേ. അയ്യോ ഒന്നു മറന്നു പോയി "ട്വിസ്റ്റ്' ലോ ലവനും ഈ ചിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. എന്തിനാണോ എന്തോ...?

ഒൻപത് വർഷം മുൻപ് ഒരു ജൂൺ മാസത്തിൽ കൃത്യമായി പറഞ്ഞാൽ 2008-ൽ പൃഥ്വിരാജിനെ മമ്മൂട്ടി ആരാധകനാക്കി ബിബിൻ പ്രഭാകർ എന്ന സംവിധായകൻ ഒരുക്കിയ "വൺവേ ടിക്കറ്റ്' എന്നൊരു ചിത്രം ഓർമയുണ്ടോ... തീയറ്ററിൽ പരാജയപ്പെട്ട ആ ചിത്രത്തിന്‍റെ ഗണത്തിലേക്ക് പോക്കിരി സൈമണും വീണേക്കാം...

(ആരാധന ഓവറായാൽ ഇതും ഇതിനപ്പുറവും കാണേണ്ടി വരും.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.