കുരുത്തംകെട്ട പയ്യന്മാർ...!
Saturday, October 28, 2017 6:52 AM IST
ഇതൊരു ശ്രമമാണ്. സിനിമയ്ക്കായുള്ള ഒരു ഭേദപ്പെട്ട ശ്രമം. അങ്ങനെ നോക്കി കണ്ടാൽ ഒരുവട്ട കാഴ്ചയ്ക്കുള്ള വകയെല്ലാം "വിശ്വ വിഖ്യാതരായ പയ്യന്മാർ' എന്ന ചിത്രത്തിലുണ്ട്. പതിവ് ചേരുവകളുടെ അകന്പടിയോടെയാണ് പയ്യന്മാരുടെയും വരവ്. പ്രേമം, ചതി, നാടുവിടൽ ഇങ്ങനെയെല്ലുള്ള സ്ഥിരം നന്പറുകളെല്ലാം ചിത്രത്തിലുണ്ട്. വി.ദിലീപിന്‍റെ കഥയ്ക്ക് തിരക്കഥാഭാഷ്യം രചിച്ചിരിക്കുന്നത് സംവിധായകൻ കൂടിയായ രാജേഷ് കണ്ണങ്കരയാണ്. പയ്യന്മാരായി സ്ക്രീനിൽ നിറയുന്നത് ദീപക് പരന്പോൾ, അജു വർഗീസ്, സുധി കോപ്പാ, ഭഗത് മാനുവൽ എന്നിവരാണ്. ഈ പയ്യന്മാരുടെ ലീലാവിലാസങ്ങളിൽ ഉൗന്നിയാണ് കഥയുടെ പോക്കും വരവുമെല്ലാം. ഒപ്പം കൂടുന്ന മറ്റ് കഥകളാകട്ടെ ട്വിസ്റ്റുകളും സംഭവങ്ങളും തിരുകി കയറ്റാനുള്ള സംവിധായകന്‍റെ വിഫലശ്രമമായും അവശേഷിച്ചു.

ചിരിച്ച് തള്ളി കളയുക എന്ന ഉദ്ദേശത്തോടുകൂടി തിയറ്ററിൽ കയറിയാൽ അജു വർഗീസും സംഘവും അതിനായി പരമാവധി ശ്രമിച്ചതിന്‍റെ കഠിന പ്രയത്നങ്ങൾ കാണാൻ സാധിക്കും. ആദ്യം ഒരു സംഭവം കാണിക്കുക പിന്നീട് അതിനെ കൂട്ടിയിണക്കാൻ ശ്രമിക്കുക, ഇതാണ് സംവിധായകൻ ചെയ്തിരിക്കുന്നത്. ഈ ആദ്യം കാണിച്ച സംഗതി പിന്നീട് കഥയിലേക്കെത്താൻ ഇത്തരി വൈകി പോയില്ലേയെന്ന് ഒരു സംശയം. ഈ ഒരു സംഭവത്തിന് ശേഷം സ്ക്രീനിൽ തെളിയുന്നത് ഒരു യാത്രയ്ക്കുള്ള ഒരുക്കമാണ്.



കെഎസ്ആർടിസി ബസിലെ യാത്രയ്ക്കൊപ്പം കഥയും പതിയെ മുന്നോട്ടുനീങ്ങി തുടങ്ങും. അജു വർഗീസിന്‍റെ ചില രസകരമായ നന്പറുകൾ ബസിനുള്ളിൽ കാണാൻ സാധിക്കും. ഇതോടെ പതിയെ കഥ ഫ്ലാഷ് ബാക്കിലേക്ക് നീങ്ങുകയാണ്. പിന്നെ പതിയെ തിരികെ വരുകയും ഓരോരുത്തരുടെ കഥ പറയാനായി ഫ്ലാഷ് ബാക്കിനെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. ദീപക്ക് പരന്പോളാണ് ചിത്രത്തിലെ നായകൻ. പുള്ളി ഒരു നിഷ്കളങ്കനാണ്. അതെല്ലാം പുള്ളിയുടെ കഥ വിവരിക്കുന്നതിലൂടെ പതിയെ മനസിലായി തുടങ്ങും.

എറണാകുളത്തുള്ള സുഹൃത്തിനെ കാണാനുള്ള ഇവരുടെ രണ്ടുപേരുടെയും പോക്ക് എന്തിനാണെന്ന് വെളിവാകുന്നതോടെ ചിത്രം പതിയെ സീരിയസ് മൂഡിലേക്ക് കടക്കും. പിന്നെ മൊത്തം വില്ലനെ തേടിയുള്ള അലച്ചിലാണ്. എറണാകുളം പട്ടണത്തിന്‍റെ മുക്കും മൂലയും അരിച്ച് പെറുക്കുന്നതിനിടയിൽ ഒരു പ്രണയം നായകനെ തേടിയെത്തുന്നതോടെ കഥ റൊമാൻസിലേക്കും സങ്കീർണകളിലേക്കും കടക്കുന്നു.



പതിവ് പോലെ തമാശയിൽ പൊതിഞ്ഞ സംഭാഷണ ശകലങ്ങൾകൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കാൻ ഹരീഷ് കണാരൻ മറന്നിട്ടില്ല. ഗ്രാമീണ കാഴ്ചകളും നഗരകാഴ്ചകളും ഒപ്പിയെടുത്ത് ചിത്രത്തിന് തെളിമയാർന്ന ഫ്രെയിമുകൾ ഛായാഗ്രാഹകൻ സമ്മാനിച്ചിട്ടുണ്ട്. നാട്ടിൻപുറം കാഴ്ചകളുമെല്ലാം പഴയകാല ഓർമകളിലേക്ക് പലരേയും കൊണ്ടുപോയെന്നിരിക്കും. അമിളികൾ നിറഞ്ഞ കൗമാരകാലഘട്ടത്തിലൂടെ കടന്നുപോയെ ഏതൊരാൾക്കും ഈ പയ്യന്മാരെ ഇഷ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.