"വൈ' ഹ്രസ്വചിത്രമാക്കിയാൽ പോരായിരുന്നോ...?
Saturday, November 18, 2017 7:42 AM IST
"വൈ'... അതെ അതു തന്നെയാണ് ചോദിക്കാനുള്ളത്. എന്തിനായിരുന്നു ഇങ്ങനെ ഒരു ചിത്രം. ഒരു ഹ്രസ്വചിത്രത്തിന് പാകമായ വിഷയത്തെ വലിച്ചുനീട്ടി രണ്ടു മണിക്കൂറിനടുത്തെത്തിക്കാൻ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട് സംവിധായകൻ. ചാപ്റ്റേഴ്സ്, അരികിൽ ഒരാൾ എന്നീ സിനിമകൾക്ക് ശേഷം ഒരു സസ്പെൻസ് ത്രില്ലറുമായി സുനിൽ ഇബ്രാഹിം എത്തുന്പോൾ കുറച്ചല്ല, ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരുന്നു. സംഭാഷണങ്ങളുടെയും ദുരൂഹതകളുടെയും ഇടയിലേക്ക് പ്രേക്ഷകരെ കടത്തിവിടാനൊക്കെ ശ്രമിച്ചെങ്കിലും സംഭവം ഏറ്റില്ല. സസ്പെൻസ് ഉണ്ടെങ്കിലും അതിലേക്ക് എത്താനുള്ള വഴികൾ നിറയെ കല്ലുകടികൾ നിറഞ്ഞവയായിരുന്നു. പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുകയാണ് സംവിധായകൻ ചെയ്തിരിക്കുന്നത്. പുതുമുഖങ്ങളെ മുൻ നിർത്തി ഒരുക്കിയ ചിത്രമായത് കൊണ്ടാണോ എന്തോ അടുക്കും ചിട്ടയുമില്ലാത്ത പോക്കായിരുന്നു ചിത്രത്തിന്‍റേത്. എന്തൊക്കയോ ചെയ്യണമെന്നുണ്ട്, പക്ഷേ അതങ്ങോട്ട് ഒക്കാത്ത അവസ്ഥ.

ഒരു സ്ട്രീറ്റിൽ നടക്കുന്ന ചില സംഭവങ്ങളുടെ ആകെ തുകയാണ് വൈ. പലരുടെയും കണ്‍മുന്നിൽ വച്ച് ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും പിന്നീട് ആ പെണ്‍കുട്ടിയെ അന്വേഷിച്ചുള്ള പാച്ചിലുമാണ് ചിത്രം പറയുന്നത്. എന്തിനായിരുന്നു ആ തട്ടി കൊണ്ടുപോകൽ, എന്തു കാര്യത്തിന്... ആരാണ് അതു ചെയ്തത് ഇത്തരം സംഭവങ്ങളുടെ ചുരുളഴിച്ചെടുക്കാൻ ഒരുപിടി ഉപകഥകൾ കൂടി സംവിധായകൻ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, അതൊന്നും ഏശിയില്ലെന്ന് മാത്രം.ഒരാളെ തട്ടിക്കൊണ്ടുപോയത് അറിഞ്ഞ് പോലീസ് ആ പരിസരത്ത് വന്നു കാണിക്കുന്ന കാട്ടായങ്ങൾ കണ്ടാൽ കഷ്ടം തോന്നും. അത്രയ്ക്കും ദുർബലമായിരുന്നു ചിത്രത്തിന്‍റെ തിരക്കഥ. ലോജിക്കില്ലാത്ത ഇത്തരം ഒരുപാട് രംഗങ്ങൾ ചിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കെട്ടുറപ്പില്ലാത്ത തിരക്കഥയ്ക്ക് മുന്നിൽ പുതുമുഖങ്ങൾ എത്ര നല്ല പ്രകടനം നടത്തിയിട്ടും കാര്യമില്ലായെന്നതിന് ഉത്തമ ഉദാഹരണമാണ് വൈ. ഒരു ഫ്ലാറ്റും പിന്നെ കുറെ സംഭാഷണങ്ങളും നിറയെ അഭിനേതക്കാളെയും കുത്തിനിറച്ചാൽ അതൊരിക്കലും സസ്പെൻസ് ത്രില്ലർ ആകില്ലല്ലോ.

ആദ്യമൊക്കെ ഇനി അടുത്തത് എന്തു സംഭവിക്കും എന്നുള്ള ഒരു ആകാംക്ഷ ഉണ്ടായെങ്കിലും ഇടയ്ക്ക് വച്ച് കഥ മറ്റേതോ വഴിക്ക് പോയി. പ്രേക്ഷകരുടെ ചിന്തകളെ കടത്തിവെട്ടി അവരെ രണ്ടു മണിക്കൂറിനടുത്ത് പിടിച്ചിരുത്താനാണ് സംവിധായകൻ ശ്രമിച്ചത്. പക്ഷേ, അതിന് വേണ്ടിയുള്ള ട്രിക്കുകളൊന്നും സംവിധായകന്‍റെ പക്കലില്ലായിരുന്നുവെന്നു മാത്രം. സസ്പെൻസിനായിട്ടാണ് ഇവർ ഇതെല്ലാം ചെയ്ത് കൂട്ടുന്നത് എന്നുള്ള തോന്നൽ വരുന്നതിനിടയിൽ അനാവശ്യമായ ഒരു സംഘട്ടനം രംഗം ഒരുക്കി ചിത്രത്തിന്‍റെ ഉള്ള ബാലൻസിംഗ് കൂടി കളഞ്ഞുകുളിക്കുകയും ചെയ്തു.പശ്ചാത്തല സംഗീതം ഒക്കെ അദ്യം എറിച്ചു നിന്നെങ്കിലും ചിത്രം തണുത്ത അന്തരീക്ഷത്തിലേക്ക് പോയതോടെ അതും ഡിമ്മായി. അലൻസിയർ തന്നാലാവും വിധമെല്ലാം പോലീസുകാരന്‍റെ വേഷം ഭംഗിയാക്കാൻ ശ്രമിച്ചട്ടുണ്ട്. പക്ഷേ, ആ ഒരു കഥാപാത്രത്തിന്‍റെ ശോഭപോലും ഒടുവിൽ മങ്ങിപോയി. ചിത്രത്തിലെ കഥാപാത്രങ്ങൾക്കെല്ലാം ദുരൂഹതകൾ കുത്തിനിറയ്ക്കാനാണ് സംവിധായകൻ ശ്രമിച്ചത്.

ജയേഷ് മോഹന്‍റെ കാമറ കണ്ണുകൾ ഭേദപ്പെട്ട കാഴ്ചകളാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ജിൻസ് ഭാസ്കർ, ആനന്ദ് മന്മഥൻ എന്നിവരുടെ പ്രകടനമാണ് "തമ്മിൽ ഭേദം തൊമ്മൻ' എന്ന നിലയിൽ വേറിട്ട് നിന്നത്.

(ഇനിയും ഇതുപോലുള്ള ത്രില്ലറുമായി ഈ വഴി വരുമോ എന്തോ...)

വി.ശ്രീകാന്ത്