ക്ലീഷേ "കറുപ്പൻ'
Saturday, October 14, 2017 5:04 AM IST
പ്രതികാരവും പകപോക്കലും സർവസാധാരണമായി ഒരുപാട് സിനിമകളിൽ സ്ഥാനം പിടിച്ചിട്ടുള്ള കഥാബിന്ദുക്കളാണ്. കറുപ്പനും അതേ വഴിയിലൂടെ തന്നെയാണ് യാത്ര ചെയ്യുന്നത്. ജെല്ലിക്കെട്ടും വിജയ് സേതുപതിയുടെ വ്യത്യസ്ത ഗെറ്റപ്പുമെല്ലാം കാട്ടി എന്തോ വലിയ സംഭവം കറുപ്പനിൽ ഒളിഞ്ഞിരിപ്പുണ്ടെന്നുള്ള പ്രതീതി ഉണ്ടാക്കാൻ സംവിധായകൻ ആർ.പന്നീർ സെൽവത്തിന് ചിത്രം ഇറങ്ങും മുൻപേ കഴിഞ്ഞു. പക്ഷേ, അതൊക്കെ ചുമ്മ ബിൽഡപ്പ് മാത്രമായിരുന്നു. അടി, ഇടി, വിരട്ടൽ തുടങ്ങിയ പതിവ് ചേരുവകളെല്ലാം കറുപ്പനിലും കടന്നു കൂടിയിട്ടുണ്ട്. സംഭവം കുറച്ചു കൂടി കളർഫുള്ളാക്കാൻ ഒന്നാന്തരമൊരു കുടുംബപശ്ചാത്തലം കൂടി നൽകിയപ്പോൾ മൊത്തത്തിലൊരു ചന്തമൊക്കെ കറുപ്പന് വന്നിട്ടുണ്ട്.

ഏതു വേഷം നൽകിയാലും തന്‍റേതായ രീതിയിൽ അതിന് ഒരു അഡ്രസുണ്ടാക്കി കൊടുക്കാൻ കഴിവുള്ള നടനാണ് വിജയ് സേതുപതി. കറുപ്പനിലും ടൈറ്റിൽ വേഷത്തിലെത്തി താരം ആ വിശ്വാസം കാത്തു. എത്രയോ വട്ടം പറഞ്ഞു പഴകിയ പ്രതികാര കഥയ്ക്ക് പുതിയൊരു മാനം ഉണ്ടാകുന്നതും കറുപ്പന്‍റെ അഭിനയ മികവ് കൊണ്ടുതന്നെയാണ്. നായകനുമായി തണ്ടിയ്ക്ക് തണ്ടി നിൽക്കുന്ന നായികയെ കൂടി നൽകിയപ്പോൾ കാര്യങ്ങൾ സംവിധായകന്‍റെ വഴിയെ യാത്ര ചെയ്ത് തുടങ്ങി. തൻവിയാണ് ചിത്രത്തിലെ നായിക.ജെല്ലിക്കെട്ടും മറ്റും കാട്ടി വീറോടെ തന്നെയാണ് ചിത്രത്തിന്‍റെ തുടക്കം. പിന്നീട് പതിയെ ചിത്രം കുടുംബപശ്ചാത്തലത്തിന്‍റെ മറപറ്റി മുന്നോട്ട് പോകാൻ തുടങ്ങും. അൻപും (തൻവി) കറുപ്പനും തമ്മിലുള്ള കല്യാണം കഴിയുന്നതോടെ ചിത്രം പകയുടെയും പ്രതികാരത്തിന്‍റെയും വഴിയെ തിരിയും. തൻവി തന്‍റേടിയും സാധാരണ പെണ്ണായും മാറുന്ന സാഹചര്യങ്ങൾ വെടിപ്പോടെ ചിത്രത്തിൽ കൈകാര്യം ചെയ്തിട്ടുണ്ട്. പശുപതിയും ബോബി സിംഹയും(കതിർ) പ്രധാന വേഷങ്ങളിലെത്തി ചിത്രത്തിന്‍റെ ബാലൻസിംഗ് തെറ്റാതെ മുന്നോട്ട് കൊണ്ട് പോകുന്നുണ്ട്.

ഗ്രാമാന്തരീക്ഷവും അവിടുത്തെ രീതികളുമെല്ലാം ഏച്ചുകെട്ടുകളില്ലാതെ ആവിഷ്കരിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വില്ലനെ തുടക്കം മുതൽ കാട്ടിത്തന്ന് അവന്‍റെ മാനറിസങ്ങളെ നല്ലവണ്ണം പകർത്തി ചിത്രത്തിൽ ഹൈലൈറ്റ് ചെയ്ത് നിർത്തുന്നുണ്ട്. ഉൗഹിക്കാവുന്ന കഥാഗതിയെ ആവിഷ്കരണത്തിലൂടെ വ്യത്യസ്തമാക്കാനാണ് കറുപ്പനിൽ ശ്രമിച്ചിരിക്കുന്നത്. അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. എത്ര തന്നെ മാറ്റങ്ങൾ കൊണ്ടുവന്നാലും കണ്ടു പഴകിയ പ്രതികാര കഥ ക്ലീഷേ സ്വഭാവം കൈവരിക്കുന്നതോടെ പ്രേക്ഷകരിൽ മുഷിപ്പ് തലപൊക്കും.ജെല്ലിക്കെട്ടും സംഭവങ്ങളും തുടക്കത്തിലും ഒടുക്കത്തിലും മാത്രം കാട്ടി ശരിക്കും പ്രേക്ഷകരെ സംവിധായകൻ പറ്റിക്കുന്നുണ്ട്. പക്ഷേ, ഉള്ള ഭാഗം അത്രയും ജെല്ലിക്കെട്ട് നല്ല രീതിയിൽ ചിത്രീകരിക്കാൻ ഛായാഗ്രാഹകന് കെ.എ.ശക്തിവേലിന് കഴിഞ്ഞു. പാട്ടുകൾ മുറ തെറ്റാതെ എത്തുന്നുണ്ടെങ്കിലും ഡി. ഇമ്മന്‍റെ സംഗീതത്തിന് പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള കെൽപ്പുണ്ടായിരുന്നില്ല. പക്ഷേ, പശ്ചാത്തല സംഗീതം ചിത്രത്തോട് ചേർത്ത് നിർത്തി കഥയുടെ ഒഴുക്കിന്‍റെ വേഗം കൂട്ടാൻ ഇമ്മന് സാധിച്ചു.

പക ആളി കത്തിക്കാൻ പാകത്തിനുള്ള കഥാപാത്രങ്ങളെ വേണ്ടുവോളം അണിനിരത്താൻ സംവിധായകൻ മറന്നിട്ടില്ല. വില്ലന്മാരും ആവോളം ചിത്രത്തിലുണ്ട്. ഇതൊക്കെ പക്ഷേ, എത്രയോ വട്ടം കണ്ടുപഴകിയ കാര്യങ്ങളാണെന്ന് സംവിധായകൻ മറന്നുപോയെന്നു മാത്രം. മികച്ച താരനിരയെ അണിനിരത്താനും എറിച്ച് നിൽക്കുന്ന പേരു നൽകാനും സംവിധായകന് സാധിച്ചു. ചുമ്മാ കണ്ടിരുന്ന് വിജയ് സേതുപതി എഫക്ട് ആസ്വദിച്ച് പോകാമെന്നല്ലാതെ ഓർത്തിരിക്കാൻ പാകത്തിനുള്ളതൊന്നും ചിത്രം സമ്മാനിക്കുന്നില്ല.

(വലിയ സെറ്റപ്പൊന്നുമില്ല... കറുപ്പനെ ചുമ്മാ കണ്ടിരിക്കാം.)

വി.ശ്രീകാന്ത്