ഗായകനിൽ നിന്ന് നായകനിലേക്ക്..
Thursday, March 1, 2018 1:47 PM IST
തൈക്കൂടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാൻഡിലൂടെയാണ് സിദ്ധാർഥ് മേനോൻ മലയാളികൾക്കു പരിചിതനാകുന്നത്. മ്യൂസിക് മൊജോയിലെ പ്രോഗ്രാമിലൂടെ സിദ്ധാർഥിന്‍റെ "മന്ദാരച്ചെപ്പുണ്ടോ...’ എന്ന ഗാനം വൈറലായതിനൊപ്പം ഏറെ ആരാധകരെയും ഈ കലാകാരനു നേടിക്കൊടുത്തു. സിനിമയിൽ ഗായകനായും പേരെടുത്ത ശേഷമാണ് കാമറയ്ക്കു മുന്നിലേക്കു സിദ്ധാർഥിന്‍റെ നായകനായുള്ള കടന്നുവരവ്. വി.കെ പ്രകാശിന്‍റെ റോക്സ്റ്റാർ എന്ന ചിത്രത്തിലൂടെ നായകനിരയിലേക്കെത്തിയ സിദ്ധാർഥ് ഇപ്പോൾ കഥ പറഞ്ഞ കഥ എന്ന തന്‍റെ പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ്. തന്‍റെ സംഗീത പാതകളും ബാൻഡിന്‍റെ വിശേഷങ്ങളും സിനിമ പ്രതീക്ഷകളുമായി സിദ്ധാർഥ് മേനോൻ സംസാരിക്കുന്നു...



നായകനായി വീണ്ടുമെത്തുന്ന കഥ പറഞ്ഞ കഥ തിയറ്ററിലെത്തിയിരിക്കുന്നു. എന്താണ് ചിത്രത്തിനെക്കുറിച്ച് പറയാനുള്ളത്?

എന്‍റെ കഥാപാത്രത്തിന്‍റെ പേര് എബി എന്നാണ്. ഒരു ആർക്കിടെക്ടാണ്. ഞാൻ അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയും നായകനായുള്ള രണ്ടാമത്തെ ചിത്രവുമാണ് കഥ പറഞ്ഞ കഥ. സംവിധായകൻ ഡോ. സിജു ജവഹറിന്‍റെ ആദ്യ ചിത്രമാണിത്. ഒരു ഡോക്ടർ ഈ മേഖലയിലേക്കു വന്നപ്പോൾ അതിനെ സപ്പോർട്ടു ചെയ്യാമെന്നു കരുതി. ചിത്രത്തിന്‍റെ അഞ്ച് നിർമാതാക്കളിലും ഡോക്ടർമാരുണ്ട്. അവരുടെ ഒരു സൗഹൃദത്തിന്‍റെ ചിത്രമാണിത്. പത്മരാജൻ, ഭരതൻ, ലോഹിതദാസ് എന്നി പ്രഗല്ഭർക്കു സമർ പ്പിച്ചുകൊണ്ട് പാബ്ലോ പ്രൊഡക്ഷനാണ് ചിത്രം നിർമിക്കുന്നത്. ഈ ചിത്രത്തിനായി അവരെന്നെ സമീപിച്ചപ്പോൾ അവരുടെ ഡെഡിക്കേഷനും പാഷനും കണ്ട് അവരുടെ സ്വപ്നത്തിനൊപ്പം ഞാനും ചേർന്നു. പുതുമുഖം തരുഷിയാണ് നായിക. സിദ്ധിഖ് സാറിന്‍റെ മകൻ ഷെഹിൻ, രണ്‍ജി പണിക്കർ, ദിലീഷ് പോത്തൻ തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്.




തൈക്കൂടം ബ്രിഡ്ജിലൂടെയാണ് മലയാളികൾക്കു പരിചിതനാകുന്നത്. എങ്ങനെയായിരുന്നു ആ സംഗീതവഴി?

ഞാൻ മുംബൈയിലാണ് പഠിച്ചതും വളർന്നതുമൊക്കെ. ഒരു ബാൻഡിനെക്കുറിച്ചോ ലൈവ് പെർഫോമൻസിനെക്കുറിച്ചോ ആലോചിച്ചിരുന്നില്ല. മുംബൈയിൽ നിന്നു ചെന്നൈയിൽ സംഗീതം പഠിക്കാനായി പോയി. അവിടെ എന്‍റെ ചേട്ടൻ ഗോവിന്ദ് മേനോൻ ഉണ്ടായിരുന്നു. നോർത്ത് 24 കാതം, 100 ഡെയ്സ് ഓഫ് ലൗവ് തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകനും ഒപ്പം വയലിനിസ്റ്റുമാണ് ഗോവിന്ദ് മേനോൻ. എ.ആർ റഹ്മാൻ സാറിന്‍റെ ഇൻസ്റ്റിറ്റ്യൂട്ടിലാണ് എന്‍റെ പഠനം. ആ സമയത്ത് എന്നെ ഒരു പാട്ടുകാരനാക്കാൻ വേണ്ടിയിട്ടാണ് ഞാനും ഗോവിന്ദ് മേനോനും ചേർന്ന് ഒരു പാട്ടു ചെയ്യുന്നത്. ഒരു മുറിക്കുള്ളിൽ മാത്രമൊതുങ്ങുന്ന ഹോം വീഡിയോ ചെയ്തു വീണ്ടും യൂട്യൂബിലിടാം എന്നതായിരുന്നു പ്ലാൻ. അപ്പോഴാണ് ഞങ്ങളുടെ പാട്ട് ഇഷ്ടപ്പെട്ട് കപ്പ ടിവിയുടെ മ്യൂസിക് മോജോ ഞങ്ങളെ സമീപിക്കുന്നത്. അവർക്കു ഷോയിലേക്കു പന്ത്രണ്ട് പാട്ട് വേണം. അതെല്ലാം ഞാൻ തന്നെ പാടുന്നതിനെക്കാൾ പലരാകുന്നത് നല്ലതെന്നു തോന്നി. അങ്ങനെ മുംബൈയിൽ നിന്നു എന്‍റെ സുഹൃത്തുക്കളെയും ഗോവിന്ദേട്ടൻ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളെയും വിളിച്ചു. മ്യൂസിക് മോജോയിലെ പന്ത്രണ്ട് പാട്ടു പാടാൻ വേണ്ടി മാത്രം ഒന്നിച്ചു കൂടിയവരാണ് ഞങ്ങൾ. പിന്നീട് തൈക്കൂടം ബ്രിഡ്ജെന്ന ബാൻഡിനെ സ്വീകരിക്കുകയും ഇന്നത്തെ രീതിയിലേക്കു വളർത്തിയതും പ്രേക്ഷകരാണ്.




ഏറെ ശ്രദ്ധ നേടിയ തൈക്കുടം ബ്രിഡ്ജ് എന്ന പേര് ബാൻഡിനു നൽകുന്നത് എങ്ങനെയാണ്?

എന്‍റെ ഒരു സുഹൃത്ത് ഷോയുടെ ഭാഗമായി നോർത്ത് ഇന്ത്യയിൽ നിന്നു പ്രാക്ടീസിനു വേണ്ടി ആദ്യമായി കേരളത്തിലേക്കെത്തുകയാണ്. ഞാൻ എയർ പോർട്ടിൽ പോയി വിളിക്കാമെന്നു കരുതിയെങ്കിലും സ്റ്റുഡിയോയിൽ തന്നെ വർക്കുമായി നിൽക്കേണ്ടി വന്നു. അവനോട് ഞാൻ പറഞ്ഞത്, നീ ഒരു പ്രൈവറ്റ് ടാക്സി വിളിച്ചു തൈക്കുടം ബ്രിഡ്ജിലേക്കു എത്തിയാൽ മതി. അതിനടുത്ത് ഞാനുണ്ട്. അവിടെ നിന്നു സ്റ്റുഡിയോയിലേക്കു കൂട്ടിക്കൊണ്ടുപോകാം. കൊച്ചി എയർപോർട്ടല്ലാതെ അവനു ആകെ അറിയാവുന്ന ഒരു സ്ഥലമാണ് തൈക്കുടം ബ്രിഡ്ജ്.

കേരളത്തിലെ അവന്‍റെ ലക്ഷ്യം തന്നെ തൈക്കുടം ബ്രിഡ്ജിലെത്തുക എന്നതായിരിന്നു. പിന്നീട് ബാൻഡിന്‍റെ ആലോചനാസമയത്ത് അവന്‍റെ നിർബന്ധമായിരുന്നു തൈക്കുടം ബ്രിഡ്ജ് എന്ന പേരു മതിയെന്നത്. അതെല്ലാവർക്കും സ്വീകാര്യമായി. അതല്ലാതെ തൈക്കുടം ബ്രിഡ്ജുമായി മറ്റൊരു ബന്ധവുമില്ലെന്നതാണ് സത്യം.



പിന്നണി ഗായകൻ, ബാൻഡ് പ്രോഗ്രാം എന്നിങ്ങനെ മുന്നേറുന്നതിനിടയിൽ നിന്നും റോക്സ്റ്റാറിലെ നായകനായി എത്തുന്നത്?

ബാൻഡിന്‍റെ പ്രവർത്തന സമയത്തു തന്നെ സിനിമകളിലേക്കു അവസരം വന്നിരുന്നു. പക്ഷേ, ഷോയുടെ തിരക്കും പിന്നെ അഭിനയത്തിലുള്ള ആത്മവിശ്വാസക്കുറവും അതു വേണ്ടന്നുവച്ചതാണ്. അഭിനയം എന്‍റെ ചിന്തയിൽ ഇല്ലാത്തതായിരുന്നു. സിനിമയ്ക്കായി വളരെ സമയം മാറ്റിവെക്കാനും ആ സമയത്തു സാധിക്കില്ല. കാരണം സംഗീതം തന്നെയായിരുന്നു എനിക്കു മുൻഗണന. പിന്നെ വർഷങ്ങൾക്കു ശേഷം ബംഗളൂരുവിൽ ഞങ്ങളുടെ പ്രോഗ്രാം കാണാൻ വന്നതായിരുന്നു സംവിധായകൻ വി.കെ.പ്രകാശ് സാറ്. അപ്പോഴാണ് സാറ് പറയുന്നത് റോക്സ്റ്റാർ എന്നൊരു സിനിമ ചെയ്യുന്നുണ്ട്. സിദ്ധാർഥ് തന്നെ അതു ചെയ്യണമെന്ന്. അത്ര വലിയൊരു സംവിധായകൻ ഉറപ്പോടെ നമ്മളോടു വന്നു പറയുന്പോൾ അതു തള്ളിക്കളയാനും സാധിക്കില്ല. അങ്ങനെയാണ് ഒന്നു ശ്രമിച്ചു നോക്കാം എന്ന രീതിയിൽ ആദ്യ സിനിമയിലേക്കെത്തുന്നത്.



ആദ്യ സിനിമയുടെ എക്സ്പീരിയൻസ് എങ്ങനെ ഓർമിക്കുന്നു?

ആദ്യമൊക്കെ അഭിനയിക്കുന്പോൾ വലിയ നാണമായിരുന്നു. ആൾക്കാരു നോക്കിനിൽക്കുന്പോൾ അഭിനയിക്കേണ്ടി വരുന്നത് പ്രയാസമായി തോന്നി. അന്നു നമുക്കു വലിയ ധാരണ ഒന്നുമില്ലാത്തതാണ് അഭിനയം. പതുക്കെയാണ് ആ ട്രാക്കിലേക്കെത്തിയത്. പക്ഷേ ഇപ്പോൾ അങ്ങനെ കുഴപ്പമൊന്നുമില്ല. നല്ല ആത്മവിശ്വസമായി. ഇതിനിടയിൽ സോളോയിലും അഞ്ജലി മേനോന്‍റെ പൃഥ്വിരാജ് ചിത്രത്തിലും അഭിനയിച്ചിരുന്നു. വി.കെ പ്രകാശ്, ബിജോയി നന്പ്യാർ, അഞ്ജലി മേനോൻ എന്നീ മൂന്നു വലിയ സംവിധായകർക്കൊപ്പം സിനിമ ചെയ്യാൻ സാധിച്ചതു വലിയ കാര്യമാണ്. ഇപ്പോൾ മികച്ച അവസരങ്ങൾ എത്തുന്നുണ്ട്. പിന്നെ സ്ക്രിപ്റ്റ് വായിക്കുന്പോൾ അതു വിശദീകരിക്കാൻ എപ്പോഴും ഒരാളുവേണം. കാരണം ഭാഷയുടെ ചെറിയ പ്രശ്നമുണ്ട്.



അഭിനയത്തിനൊപ്പം സംഗീതവും ഇപ്പോൾ ഒന്നിച്ചു കൊണ്ടു പോകുന്നുണ്ടോ?

ഏറെ പ്രയാസകരമായ ഒരു കാര്യമാണത്. കാരണം സിനിമയ്ക്കായി വലിയൊരു സമയം നീക്കിവെക്കണം. അതുകൊണ്ട് തൈക്കുടം ബ്രിഡ്ജിൽ നിന്നു ഒരു ബ്രേക്കെടുത്തിരിക്കുകയാണ് ഞാനിപ്പോൾ. ഒഴിവുള്ള സമയത്തു സിദ്ധാർഥ് മേനോൻ ലൈവ് എന്ന പ്രോഗ്രാം ചെയ്യുന്നുണ്ട്. എനിക്കു സമയമുള്ളപ്പോൾ മാത്രമാണത്. കാരണം ഷൂട്ടിന്‍റെ ഇടയിൽ ഷോസ് ചെയ്യാൻ പറ്റില്ല. ഇപ്പോൾ അഭിനയത്തിലേക്കു കൂടുതൽ ശ്രദ്ധ കൊടുക്കാമെന്നാണ് കരുതുന്നത്. സിദ്ധാർഥ് മേനോൻ ലൈവ് പ്രോഗ്രാം ഒരു സൈഡിൽ കൂടി കൊണ്ടുപോകുന്നു. തൃശൂരിലായിരുന്നു ആദ്യഷോ. ഇപ്പോൾ പലയിടങ്ങളിൽ ചെയ്യുന്നുണ്ട്.



എന്താണ് സിദ്ധാർഥ് മേനോൻ ലൈവ് പ്രോഗ്രാം?

ഈ പ്രോഗ്രാമിൽ ഹിന്ദി, മലയാളം തമിഴ് തുടങ്ങിയ ഭാഷകളിലുള്ള പാട്ടുകളുണ്ട്. ബീറ്റ്ബോക്സ് പോലുള്ള പുതുമയാണ് മറ്റൊരു പ്രത്യേകത. തൃശൂരിൽ ആദ്യ ഷോ ചെയ്യുന്പോൾ പലർക്കും അറിയില്ലായിരുന്നു എന്താണ് ബീറ്റ്ബോക്സെന്ന്. എന്‍റെ കൂടെയുള്ളയാൾ ഇന്ത്യയിലെ തന്നെ മികച്ച ബീറ്റ്ബോക്സറാണ്. ഇൻസ്ട്രമെൻസ് ഒന്നുമില്ലാതെ ഒരാൾക്കു തന്‍റെ വായ് കൊണ്ടു അത്തരം ശബ്ദങ്ങൾ ഉണ്ടാക്കാമെന്ന അറിവ് പലർക്കുമറിയില്ലായിരുന്നു. അങ്ങനെയാണ് അതു ലൈവ് പ്രോഗ്രാമിലേക്കു കൊണ്ടു വന്നത്. ഒരു ഫീമെയിൽ സിംഗറും മെയിൽ സിംഗറും എനിക്കൊപ്പമുണ്ട്. ഞങ്ങൾ മൂന്നു സിംഗേഴ്സിനൊപ്പം ഒരു ബീറ്റ് ബോക്സറും ഒരു റാപ്പറുമുള്ള കോന്പിനേഷനാണ്.



തൈക്കുടം ബ്രിഡ്ജിനോട് ചേർന്നുള്ളതാണോ സിദ്ധാർഥ് മേനോൻ ലൈവ് ?

സിദ്ധാർഥ് മേനോൻ ലൈവ് അതിനോടു ചേർന്നുള്ളതല്ല. തൈക്കുടം ബ്രിഡ്ജ് ഒരു ബ്രാൻഡായി മാറിക്കഴിഞ്ഞു. അതിൽ നിന്നു മാറി ഇതു കുറച്ചുകൂടി കൊമേഴ്സ്യലി ഫണ്‍ മൂഡാണ്. പിന്നെ ബീറ്റ് ബോക്സിഗുമൊക്കെയായി യുവജനങ്ങൾക്കിടയിൽ പുതുമ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

കുടുംബപരമായുള്ള കലാ പശ്ചാത്തലമെങ്ങനെയാണ്?

ചെറുപ്പം മുതൽ സ്റ്റേജിൽ കയറാൻ തുടങ്ങിയ ആളാണ് ഞാൻ. ചേട്ടനും പാടുന്നതാണ്. ഗോവിന്ദ് മേനോൻ എന്‍റെ ഫസ്റ്റ് കസിനാണ്. ചെറിയച്ഛനാണ് തൈക്കുടം ബ്രിഡ്ജിലെ അപ്പോഴെ പറഞ്ഞില്ലെ എന്ന പാട്ട് പാടുന്നത്. ചേച്ചിയാണ് ഫിഷ് റോക്സ് എഴുതിയത്. കുടുംബത്തിൽ കലാപരമായി പശ്ചാത്തലം ഏറെയുണ്ടായിരുന്നു. സോളോ ചിത്രത്തിൽ സംഭാഷണം എഴുതിയിരിക്കുന്നത് ചേച്ചി ധന്യ സുരേഷാണ്.



മലയാളിയെങ്കിലും കേരളത്തിനു വെളിയിൽ നിന്നുമാണല്ലോ ഇവിടേക്കെത്തുന്നത്?

മുംബൈയിലാണ് കുടുംബമായി സെറ്റിലായിരിക്കുന്നത്. ഷോസിനും സിനിമയ്ക്കും വേണ്ടിയാണ് കേരളത്തിലെത്തുന്നത്. അച്ഛൻ എയർലൈൻസിലാണ് ജോലി ചെയ്തിരുന്നത്. ഇപ്പോൾ റിട്ടയേർഡായി. അമ്മ ഇൻകംടാക്സ് ഡിപ്പാർട്ടുമെന്‍റിലാണ്. അങ്ങനെയാണ് മുബൈയിൽ താമസമാകുന്നത്. കേരളത്തിൽ വെക്കേഷനിൽ മാത്രമാണ് എത്തിയിരുന്നത്. വൈക്കത്ത് അമ്മച്ചിയുടെ വീട്ടിൽ വന്നു കുറച്ചു ദിവസം താമസിക്കുമായിരുന്നു.



മുംബൈയിലാണെങ്കിലും മലയാളത്തിലെ പഴയ പാട്ടുകൾ ശ്രദ്ധിക്കുമായിരുന്നോ?

ഇല്ലെന്നതാണ് സത്യം. ചെറുപ്പം മുതൽ ഹിന്ദി പാട്ടുകളിലായിരുന്നു ശ്രദ്ധ. മുഹമ്മദ് റാഫി, കിഷോർ കുമാർ, മന്നാഡെ തുടങ്ങിയവരുടെ പാട്ടാണ് കേട്ടിരുന്നത്. കേരളത്തിലേക്കു വന്നതിനു ശേഷമാണ് മലയാളം പാട്ട് കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങുന്നത്. എന്നെ കൂടുതൽ അറിയുന്നത് മലയാളികളാണ്. ഹിന്ദിയിൽ ഒരു റിയാലിറ്റി ഷോയിലൂടെയാണ് കരിയർ തുടങ്ങുന്നത്. സഞ്ജയ് ലീല ബൻസാലിയുടെ ഒരു ചിത്രത്തിൽ പാടിയിരുന്നു. പിന്നീടാണ് തൈക്കുടം ബ്രിഡ്ജ്. മലയാളത്തിൽ നോർത്ത് 24 കാതത്തിലാണ് ആദ്യമായി പാടുന്നത്. പിന്നെ ബാംഗ്ലൂർ ഡെയ്സ്, ഞാൻ സ്റ്റീവ് ലോപസ് തുടങ്ങി ഇപ്പോൾ എന്‍റെ ചിത്രം കഥ പറഞ്ഞ കഥയിലും കല്യാണം എന്ന ചിത്രത്തിലും പാടിയിട്ടുണ്ട്.



കുടുംബ വിശേഷം?

അച്ഛനും അമ്മയും ചേട്ടനും ഞാനുമടങ്ങുന്നതാണ് കുടുംബം. പഠിച്ചതൊക്കെ മുംബൈയിൽ തന്നെയാണ്. സൗത്തിന്ത്യൻ സ്കൂളിലാണ് ഞാൻ പഠിച്ചത്. അവിടെ നിന്നുമാണ് മലയാളം എഴുതാനും വായിക്കാനും പഠിക്കുന്നത്.

ഗായകൻ, അഭിനേതാവ് എന്നതിനു ശേഷം സംഗീതസംവിധാനത്തിലേക്കും പ്രതീക്ഷിക്കാമോ?

പാട്ടു പാടുന്നതിനപ്പുറം അതു മറ്റൊരു മേഖലയാണ്. അത്രത്തോളം ക്ഷമയെനിക്കുണ്ടോ എന്നതിൽ സംശയമാണ്. പിന്നെ അഭിനയവും പാട്ടും ഒന്നിച്ചുകൊണ്ടുപോകാൻ മാത്രമാണ് ഇപ്പോൾ ശ്രമിക്കുന്നത്.

ലിജിൻ കെ. ഈപ്പൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.