അശോകേട്ടന്‍റെയും അപ്പുക്കുട്ടന്‍റെയും "യോദ്ധ'
Wednesday, May 17, 2017 4:03 AM IST
നേപ്പാളിന്‍റെ പുണ്യമായ മലനിരകളിൽ ലോകസമാധാന സന്ദേശവുമായി പുതിയ ലാമയെ വാഴിക്കുകയാണ്. ആ പുണ്യ ഭൂമിയിലേക്കു ചെകുത്താന്‍റെ വാഹകരുടെ കുളന്പടി ശബ്ദം ഉയർന്നുവരുന്നു. പുതിയ ലാമ റിംപോച്ചയെ ബലികൊടുത്ത് ലോകത്തിന്‍റെ അധികാരം നേടിയെടുക്കാനായി ദുർമന്ത്രവാദി എത്തിയിരിക്കുകയാണ്. വാൾ മുനയാൽ പല ജീവനറുത്ത് അവർ റിപോച്ചയെ തട്ടിക്കൊണ്ടുപോകുന്നു. ഇങ്ങനെയാണ് "യോദ്ധ' തുടങ്ങുന്നത്.

നൻമയുടെ സമാധാനത്തിന്‍റെ പ്രതിരൂപമായ ലാമയെ രക്ഷിക്കാൻ ഒരാൾ വരുമെന്ന് ബുദ്ധിസന്യാസിമാർക്ക് ബോധ്യമാകുന്നു. മറ്റൊരിടത്തു നിന്നുമല്ല, കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്നുമാണ് രക്ഷകൻ വരാൻ പോകുന്നത്. ആ ലക്ഷ്യത്തിലേക്കുള്ള തൈപ്പറന്പിൽ അശോകന്‍റെ യാത്രയാണ് യോദ്ധ.1992 ൽ ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു യോദ്ധ. മലയാളികൾക്കു പരിചിതമല്ലാത്ത ലാമയുടെ ജീവിതവും അവരുടെ അതിജീവനവുമൊക്കെയാണ് ചിത്രം പങ്കുവച്ചത്. പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു തികഞ്ഞ യോദ്ധാവായി ചിത്രത്തിൽ മോഹൻലാൽ എത്തുന്നു. ഒപ്പം ഹിറ്റ് കൂട്ടുകെട്ടായ ജഗതി ശ്രീകുമാർ, മധുബാല, മാസ്റ്റർ സിദ്ധാർഥ്, പുനീത് ഇസാർ, ഉർവശി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു.മലയാളി പ്രേക്ഷകർക്കു പരിചിതമല്ലാത്ത ഭൂമികയും കഥാ സന്ദർഭവും ജീവിതവുമാണ് കഥയുടെ പശ്ചാത്തലമെങ്കിലും അതിനെ ചിത്രത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നിടത്താണ് തിരക്കഥാകൃത്തിന്‍റെ മികവ് മനസിലാകുന്നത്. കേരളത്തിൽ ഒരു ഗ്രാമത്തിലെ രണ്ടു ക്ലബുകളിലെ പ്രധാന കളിക്കാരാണ് തൈപ്പറന്പിൽ അശോകനും അരശുമ്മൂട്ടിൽ അപ്പുക്കുട്ടനും. സഹോദരിമാരുടെ മക്കളായ ഇരുവരും എന്നും തമ്മിൽ മത്സരമാണ്. പക്ഷേ, ഓരോ മത്സരത്തിലും അപ്പുക്കുട്ടൻ അന്പേ പരാജയപ്പെട്ടിരുന്നു. ഇനിയും ഇരുവരും ഒരേ നാട്ടിൽ നിന്നാൽ അപമൃത്യു വരെ സംഭവിക്കാം എന്ന ജ്യോൽസ്യന്‍റെ പ്രവചന പ്രകാരമാണ് അശോകനെ നേപ്പാളിലെ കുട്ടിമാമയുടെ അ‌‌ടുത്തേയ്ക്ക് അയക്കുന്നത്. എന്നാൽ പാപി ചെല്ലുന്നിടം പാതാളം എന്ന പോലെ അവിടെയും അശോകനു പാരയായി അപ്പുക്കുട്ടൻ മുൻപേ എത്തുകയാണ്.മോഹൻലാൽ അശോകനായും ജഗതി ശ്രീകുമാർ അപ്പുക്കുട്ടനായും മത്സരിച്ച് അഭിനയിച്ച യോദ്ധയുടെ വിജയഘടകം ഇവർ തമ്മിലുള്ള കോന്പിനേഷൻ തന്നെയായിരുന്നു. നേപ്പാളിൽ അശോകനു കൂട്ടായി മാറുന്നത് മന്ത്രവാദികളുടെ കൈയിൽ നിന്നും രക്ഷപെട്ട് വരുന്ന റിംപോച്ചയാണ്. അശോകൻ അവനെ ഉണ്ണിക്കുട്ടൻ എന്ന പേരു വിളിച്ചു. കുട്ടിമാമയുടെ മുന്നിൽ സത്യം തെളിയിക്കാനായില്ലെങ്കിലും അശ്വതിയുടെ മനസിൽ ഇടംപിടിക്കാൻ അശോകനു സാധിച്ചു.

അശോകന്‍റെ ഒപ്പമുള്ള കുട്ടി റിംപോച്ചയാണെന്ന് അശ്വതി തിരിച്ചറിയുന്നതാണ് യോദ്ധയിലെ ട്വിസ്റ്റ്. ദുർമന്ത്രവാദികൾ അശോകന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തി റിംപോച്ചയെ തട്ടികൊണ്ടുപോയി. പിന്നീട് റിംപോച്ചയുടെ രക്ഷകനാവുകയാണ് അശോകൻ. കാഴ്ച നഷ്ടപ്പെട്ട അശോകൻ തികഞ്ഞ യോദ്ധവാകുന്ന രംഗങ്ങൾ മോഹൻലാൽ ചിത്രത്തിൽ അവിസ്മരണീയമാക്കി.സന്തോഷ് ശിവന്‍റെ കാമറ പുത്തൻ കാഴ്ചകൾ മലയാളത്തിനൊരുക്കിയ ഈ ചിത്രത്തിനു സംഗീതം ഒരുക്കിയത് എ.ആർ. റഹ്മാനും വരികളെഴുതിയത് ബിച്ചു തിരുമലയുമാണ്. സാഗ ഫിലിംസ് നിർമിച്ച യോദ്ധ മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദർശിപ്പിച്ചു. റിംപോച്ചയായി അഭിനയിച്ച മാസ്റ്റർ സിദ്ധാർഥ് ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരവും നേടി.

ഇന്ത്യൻ സിനിമയിൽ തന്നെ ശ്രദ്ധേയമായ യോദ്ധ ഇന്നും മിനിസ്ക്രീനിൽ മലയാളികളുടെ ഇഷ്ട ചിത്രമാണ്. മലയാളികളുടെ മനസിൽ ഇടംപിടിച്ച മോഹൻലാൽ-ജഗതി കോന്പിനേഷന്‍റെ മികച്ച ചിത്രങ്ങളിൽ ഒന്നായും യോദ്ധയെ വിശേഷിപ്പിക്കാം.