റോൾ മോഡൽസ് തീയറ്ററുകളിൽ
Saturday, June 24, 2017 4:49 AM IST
കാന്പസ് ജീവിതം കഴിഞ്ഞു കാലം കുറെയായിട്ടും ആ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഏതാനും ചെറുപ്പക്കാരുടെ കഥ ഏറെ രസകരമായി പറയുന്ന ചിത്രമാണ് "റോൾ മോഡൽസ്'. റാഫി തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ രാജനാണ്.

പുതുതലമുറയുടെ കാഴ്ചപ്പാടുകളിലൂടെയും അവരുടെ വർണ്ണപ്പൊലിമയിലൂടെയുമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിലാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനയ് ഫോർട്ട്, വിനായകൻ, ഷറഫുദ്ദീൻ എന്നിവരും സുപ്രധാന വേഷത്തിലെത്തുന്നു. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. സ്രിന്ദ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒരു കാന്പസ് കൂട്ടായ്മയിലെ ആറ് അംഗങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം കഥപറയുന്നത്. ഇതിൽ ഒരാളെ തേടിയുള്ള അഞ്ചംഗ സംഘത്തിന്‍റെ യാത്രയാണ് പ്രമേയം. രഞ്ജി പണിക്കർ, സീത, സിദ്ധിഖ്, റാഫി, ബിപിൻ കെ. ജോർജ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ഹരിനാരായണന്‍റെ ഗാനങ്ങൾക്ക് ഗോപിസുന്ദർ ഈണം പകർന്നിരിക്കുന്നു. ശ്യാംദത്ത് ഛായാഗ്രഹണവും വി. സാജൻ എഡിറ്റിംഗും നിർവഹിക്കുന്നു. വൈശാഖ റിലീസ് റംസാന് ചിത്രം തീയറ്ററുകളിൽ എത്തിച്ചു.