ദിലീപിന്‍റെ രാമലീല
Monday, July 10, 2017 1:37 AM IST
ദിലീപ് വീണ്ടും രാഷ്ട്രീയക്കാരന്‍റെ കുപ്പായം അണിയുന്ന രാമലീല റിലീസിന് ഒരുങ്ങുന്നു. ജൂലൈ ആദ്യവാരം ചിത്രം തീയറ്ററുകളിൽ എത്തും. സൂപ്പർ ഹിറ്റുകളുടെ തിരക്കഥാകൃത്തായ സച്ചിയാണ് ചിത്രത്തിന്‍റെ രചന നിർവഹിക്കുന്നത്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയാകുന്നത് പ്രയാഗ മാർട്ടിനാണ്.പുലിമുരുകന്‍റെ ബ്രഹ്മാണ്ട വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് നിർമിക്കുന്ന ചിത്രം കൂടിയാണ് രാമലീല. പിതാവിന്‍റെ മരണത്തെ തുടർന്ന് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങേണ്ടി വരുന്ന മകന്‍റെ കഥയാണ് ചിത്രം പറയുന്നത്. പൊളിറ്റിക്കൽ ത്രില്ലറായാണ് ചിത്രമൊരുക്കുന്നത്. പഴയകാല നടി രാധിക ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിവരുന്ന ചിത്രം കൂടിയാണിത്. തമിഴ് നടൻ ശരത്കുമാറിന്‍റെ ഭാര്യയാണ് രാധിക. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപീ സുന്ദറാണ്.

രണ്‍ജി പണിക്കർ, ശ്രീനിവാസൻ, ഹരീശ്രീ അശോകൻ, രമേഷ് പിഷാരടി, ഹരീഷ് പേരടി, കലാഭവൻ ഷാജോണ്‍, സിദ്ധിഖ്, വിജയരാഘവൻ, മുകേഷ്, സലിംകുമാർ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് രാമലീല.

2006-ൽ ഉദയകൃഷ്ണ-സിബി കെ. തോമസ് ടീമിന്‍റെ രചനയിൽ ജോഷി ഒരുക്കിയ ലയണ്‍ എന്ന ചിത്രത്തിൽ ദിലീപ് കരുത്തനായ രാഷ്ട്രീയക്കാരന്‍റെ വേഷം അണിഞ്ഞിരുന്നു. സൂപ്പർ ഹിറ്റായിരുന്ന ചിത്രത്തിൽ കാവ്യ മാധവനായിരുന്നു നായിക. പിന്നീട് വിജി തന്പിയുടെ സംവിധാനത്തിൽ നാടേടിമന്നൻ എന്ന ചിത്രത്തിലും ദിലീപ് രാഷ്ട്രീയക്കുപ്പായം അണിഞ്ഞെങ്കിലും പ്രേക്ഷക പ്രീതി നേടാൻ കഴിഞ്ഞിരുന്നില്ല.