യുവാക്കളുടെ "ചങ്ക്സ്'
Friday, July 21, 2017 5:37 AM IST
ഒമർ ലുലു സംവിധാനം ചെയ്യുന്ന "ചങ്ക്സ്' എന്ന ചിത്രം യുവപ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായി കഴിഞ്ഞു. "ഹാപ്പി വെഡ്ഡിംഗ്' എന്ന ചെറിയ ചിത്രത്തിലൂടെ വൻ വിജയം നേടിയ ഒമർ ഒരുക്കുന്ന ചിത്രമെന്ന നിലയിലാണ് ചിത്രം ശ്രദ്ധേയമാകുന്നത്.

എൻജിനീയറിംഗ് കോളജിന്‍റെ പശ്ചാത്തലത്തിലൂടെ അരങ്ങേറുന്ന ഒരു കാന്പസ് ചിത്രമാണ് ചങ്ക്സ്. കാന്പസിന്‍റെ നർമവും പ്രണയവും ത്രില്ലിംഗും ഒക്കെ കോർത്തിണക്കി എല്ലാ വിഭാഗം പ്രേക്ഷകരെയും ആകർഷിക്കും വിധമാണ് ചിത്രം ഒരുങ്ങുന്നത്.

റൊമാരിയോ, യൂദാസ്, റിയാസ്, ആത്മാറാം എന്നീ സുഹൃത്തുക്കളുടെ ഇടയിലേക്ക് ബംഗളൂരുവിൽ നിന്നും റിയ എന്ന പെൺകുട്ടി എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചങ്ക്സ് ദൃശ്യവത്കരിക്കുന്നത്. ചിത്രത്തിൽ റിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഹണി റോസാണ്. ബാലു വർഗീസ്, വിശാഖ്, ഗണപതി, ധർമ്മജൻ ബോൾഗാട്ടി എന്നിവരാണ് നാല് സുഹൃത്തുക്കളുടെ കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. ലാൽ, സിദ്ദിഖ് എന്നിവരും സുപ്രധാന വേഷത്തിലെത്തുന്നു. ഹരീഷ് കണാരൻ, കൈലേഷ്, ഷമ്മി തിലകൻ, റീനാ ബഷീർ, ബിന്ദു അനീഷ്, അഞ്ജലി നായർ, ശരണ്യ, രമ്യാ പണിക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

വൈശാഖാ സിനിമയുടെ ബാനറിൽ വൈശാഖാ രാജനാണ് ചിത്രം നിർമിക്കുന്നത്. ആൽബി ഛായാഗ്രഹണവും ദിലീപ് ഡെന്നീസ് എഡിറ്റിംഗും നിർവഹിക്കുന്നു.