പൃഥ്വിയുടെ "ആദം ജോൺ' വരുന്നു
Monday, August 28, 2017 2:10 AM IST
പൃഥ്വിരാജിനെ നായകനാക്കി കുടുംബകഥയുടെ മനോഹരമായ പശ്ചാത്തലത്തിൽ ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആദം ജോൺ റിലീസിനൊരുങ്ങി. മലയോര പ്രദേശമായ മുണ്ടക്കയം സ്വദേശിയായ ആദം ജോണ്‍ പോത്തൻ എന്ന പ്ലാന്‍ററുടെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഭാവന, മിസ്റ്റി ചക്രവർത്തി എന്നിവരാണ് നായികമാർ. മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് എന്നീ ചിത്രങ്ങൾക്ക് രചന നിർവഹിച്ച ജിനു എബ്രഹാം ആദ്യമായി സംവിധായക വേഷമണിയുന്ന ചിത്രം കൂടിയാണിത്.പേരുപോലെ തന്നെ പുതുമ നിറഞ്ഞതാണ് ചിത്രത്തിന്‍റെ പ്രമേയവും. ആദം ജോണിന്‍റെ ജീവിതവുമായി ഇഴ ചേർന്നാണ് ചിത്രത്തിന്‍റെ കഥ പറയുന്നത്. കൃഷിയോടുള്ള താല്പര്യത്തിനിടയിൽ കല്യാണം പോലും കഴിക്കാൻ മറന്നുപോകുന്ന ആദം ജോണ്‍ എമ്മി എന്ന പെണ്‍കുട്ടിയെ പ്രണയിക്കുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ സുപരിചിതയായ മിസ്റ്റിയുടെ ആദ്യ മലയാള ചിത്രമാണിത്. എമ്മി എന്ന കഥാപാത്രത്തെയാണ് മിസ്റ്റി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മറ്റൊരു പ്രധാനം വേഷം ചെയ്യുന്നത് ഭാവനയാണ്. നരേൻ, രാഹുൽ മാധവ്, സിദ്ധാർത്ഥ് ശിവ, മണിയൻപിള്ള രാജു, ജെയ്സ്, ലെന, ജയമേനോൻ തുടങ്ങിയ നീണ്ടതാരനിയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.കൈതപ്രം ദാമോദരൻ നന്പൂതിരി, റഫീഖ് അഹമ്മദ്, സന്തോഷ് വർമ, ഹരി നാരായണൻ എന്നിവരുടെ നാല് ഗാനങ്ങൾക്ക് സംഗീതം നൽകുന്നത് ദീപക് ദേവാണ്. കൊച്ചി, മുണ്ടക്കയം, തിരുവല്ല, സ്കോട്‌ലൻഡ് എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്നത്. ജിത്തു ദാമോദരൻ ഛായാഗ്രഹണവും മനോജ് എഡിറ്റിംഗും നിർവഹിക്കുന്നു.ജയരാജ് മോഷൻ പിക്ചേഴ്സും ബി സിനിമാസും ചേർന്ന് നിർമിക്കുന്ന ചിത്രം രഞ്ജി പണിക്കർ എന്‍റർടെയ്ന്‍റ്മെന്‍റ്സ് 31ന് തിയറ്ററുകളിലെത്തിക്കും. നിർമാണ-വിതരണ രംഗത്ത് സജീവമാകുന്ന രഞ്ജി പണിക്കർ എന്‍റർടെയ്ന്‍റ്മെന്‍റ്സിന്‍റെ ആദ്യമലയാള ചിത്രമാണ് ആദം ജോണ്‍.