"പശു' പ്രദർശനത്തിന്
Friday, September 8, 2017 11:34 PM IST
പശു കേന്ദ്ര കഥാപാത്രമാകുന്ന മലയാള സിനിമ "പശു' വിന്‍റെ ചിത്രീകരണം പൂർത്തിയായി. പ്രശസ്ത ഛായാഗ്രാഹകൻ എം.ഡി.സുകുമാരൻ സംവിധായനം ചെയ്യുന്ന ചിത്രം ആർ.എൽ.വി പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. ഒരു പശു മനുഷ്യനിലുണർത്തുന്ന കൊടുങ്കാറ്റാണ് ചിത്രത്തിന്‍റെ പ്രമേയം.

ലോക സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായാണ് പശു കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം വരുന്നതെന്നാണ് അണിയറക്കാരുടെ അവകാശവാദം. ഏബ്രഹാം മാത്യുവിന്‍റെ കഥയ്ക്ക് സംവിധായകനും കഥാകൃത്തും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കിയാണ് ചിത്രം റിലീസിന് തയാറെടുക്കുന്നത്.

പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്നേഹത്തിന്‍റെ ജീവൻ തുടിക്കുന്ന കഥ പറയുന്ന ചിത്രത്തിൽ നന്ദു, കലാശാല ബാബു, റോയ് മലമാക്കൽ, ഉണ്ണി ചിറ്റൂർ, അനിയപ്പൻ, രവീന്ദ്രൻ, പ്രീതി, നിഷ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. സാലു ജോർജ് ഛായാഗ്രാഹണവും പി.സി.മോഹനൻ എഡിറ്റിംഗും നിർവഹിക്കുന്നു.

കോട്ടയം ജില്ലയുടെ മലയോര മേഖലയായ മുണ്ടക്കയം, പുലിക്കുന്ന്, കൂട്ടിക്കൽ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. എൽ.ജെ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. പിആർഒ ഏബ്രഹാം ലിങ്കൺ.