പോക്കിരി സൈമൺ: ഒരു കടുത്ത വിജയ് ആരാധകൻ
Thursday, September 21, 2017 12:18 AM IST
തമിഴ് സൂപ്പർസ്റ്റാർ വിജയ്‌യുടെ കടുത്ത ആരാധകനായ യുവാവിന്‍റെ കഥ പറയുന്ന ചിത്രമാണ് "പോക്കിരി സൈമണ്‍-ഒരു കടുത്ത ആരാധകൻ'. ഡാർവിന്‍റെ പരിണാമത്തിനു ശേഷം ജിജോ ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ സൈമണായി എത്തുന്നത് സണ്ണി വെയ്നാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആൻ മരിയ കലിപ്പിലാണ്, അലമാര എന്നീ ചിത്രങ്ങൾക്കു ശേഷം സണ്ണി വെയ്ൻ നായകനാകുന്ന ചിത്രമാണിത്.

വിജയ് ആരാധകനായ സൈമണിലൂടെയും അവന്‍റെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്‍റെ കഥ സഞ്ചരിക്കുന്നത്. മകൻ ഒരു സർക്കാർ ജോലിക്കാരനായി കാണാനാഗ്രഹിച്ചിരുന്ന സൈമണിന്‍റെ പിതാവ് കോണ്‍സ്റ്റബിൾ യേശുദാസിന്‍റെ സ്വപ്നങ്ങളെ പാടേ തകിടം മറിക്കുന്നതായിരുന്നു സൈമണിന്‍റെ വിജയ് ആരാധന. തന്‍റെ പ്രിയ താരത്തിന്‍റെ ആരാധികയെ മാത്രമേ തന്‍റെ ജീവിത സഖിയാക്കൂ എന്നു കരുതിയിരുന്ന സൈമണിന് അതിന് അനുസരിച്ചുള്ള ഒരു പെണ്‍കുട്ടിയെ കാണാനിടയായി. ദീപ എന്ന വിജയ് ആരാധികയായി ചിത്രത്തിലെത്തുന്ന പ്രയാഗ മാർട്ടിനാണ്.കെ.അന്പാടിയാണ് ചിത്രത്തിന്‍റെ രചന. ശ്രീവരി ഫിലിംസിന്‍റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമിക്കുന്ന ചിത്രം തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു. ശ്രീവരി ഫിലിംസ് ചിത്രം പ്രദർശനത്തിനെത്തിക്കും.

ഹാസ്യത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നെടുമുടി വേണു, സൈജു കുറുപ്പ്, ഗ്രിഗറി, ശരത്, ബിറ്റോ, അശോകൻ, ബൈജു, ഷമ്മി തിലകൻ, ദിലീഷ് പോത്തൻ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം പാപ്പിനുവും എഡിറ്റിംഗ് ലിജോ പോളും നിർവഹിക്കുന്നു. ഹരി നാരായണന്‍റെ ഗാനങ്ങൾക്ക് ഗോപി സുന്ദർ ഈണം പകരുന്നു.