Letters
കാരുണ്യസഹായം നിർത്തരുത്
Wednesday, September 21, 2016 1:50 PM IST
അധ്വാനിക്കുന്ന കർഷകരുടെ നാടാണു കേരളമെന്നു നാം ഒരുകാലത്ത് ഊറ്റംകൊണ്ടിരുന്നതാണ്. എന്നാൽ, ഇന്നാകട്ടെ, തമിഴ്നാട്ടിൽനിന്നുള്ള പച്ചക്കറിയും മറ്റുവിഷവസ്തുക്കളും ഉപയോഗിച്ചു നമ്മുടെ നാട്ടിൽ മാരകരോഗികളുടെ എണ്ണം വർധിച്ചിരിക്കുന്നു. പനി, തലവേദന എന്നിവയും മാരകരോഗങ്ങളായ കാൻസർ, വൃക്കരോഗം, ശ്വാസകോശ രോഗങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയും സമൂഹത്തിൽ പടരുകയാണ്.

കഴിഞ്ഞ യുഡിഎഫ് ഗവൺമെന്റ് ഇതിനെതിരേ ചില നടപടികൾ സ്വീകരിച്ചിരുന്നു. അതിൽ പൊതുസമൂഹത്തിന്റെ മുക്‌തകണ്ഠം പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു കാരുണ്യ ലോട്ടറി. അതുവരെ ലോട്ടറിരംഗം മലീമസമായിരുന്നു. അതിന്റെ ശുദ്ധീകരണവും ലോട്ടറിയുടെ വരുമാനം ഫലപ്രദമായി വിനിയോഗിക്കാനാകുന്നുവെന്ന ധാരണയും സമൂഹത്തിലുണ്ടായി. കഴിഞ്ഞ യുഡിഎഫ് ഗവൺമെന്റ് അഴിമതി ആരോപണങ്ങളിൽ മുങ്ങി, ആ ഗവൺമെന്റ് ചെയ്ത നല്ലകാര്യങ്ങൾ ജനങ്ങൾ മറന്നുകളഞ്ഞുവെങ്കിലും കാരുണ്യ ലോട്ടറി ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതാണ് ഇപ്പോഴത്തെ എൽഡിഎഫ് ഗവൺമെന്റ് സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ നിർത്തൽ ചെയ്യാൻ പോകുന്നത്. ആ നടപടിയിൽനിന്നും ഈ ഗവൺമെന്റ് പിന്തിരിയണം.

‘കാരുണ്യ’യുടെ ആശയം മുൻ ധനമന്ത്രി കെ.എം. മാണിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതിന്റെ ചാരിതാർഥ്യം വൃക്കരോഗത്തിനു ഡയാലിസിസ് ചെയ്തുവരുന്ന എനിക്കുണ്ട്.

<ആ>അലക്സാണ്ടർ പ്രാവെട്ടം, പാലാ