Letters
കൊല്ലിപ്പിക്കുന്ന ബ്യൂറോക്രാറ്റുകളെ തീറ്റിപ്പോറ്റുന്ന ജനകീയ രാജാക്കന്മാർ
Wednesday, September 21, 2016 1:50 PM IST
കേരളത്തിൽ മദ്യവില്പന കുറഞ്ഞപ്പോൾ ടൂറിസം മേഖലയിൽ കുറവുവന്നെന്നു പറഞ്ഞു മന്ത്രിമാർ വിഷമിക്കുന്നു. ഈ മദ്യവില്പന ചെറിയ തോതിലെങ്കിലും കുറഞ്ഞപ്പോൾ നിരവധി വീടുകളിൽ സമാധാനം കളിയാടി. എങ്കിലും വേദന അനുഭവിക്കുന്നവർ ഏറെയാണ്.

പിതാവിന്റെ മദ്യപാനം മൂലം എന്നും തല്ലും വഴക്കും വാങ്ങി സമാധാനം അനുഭവിക്കാതെ വളരുന്ന കുട്ടികൾ ഏറെയാണ്. ഇങ്ങനെയുള്ള കുട്ടികൾ വഴിതെറ്റിപ്പോയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. അപ്പോൾ, നാളത്തെ തലമുറയെ ചീത്തയാക്കുന്നതു സർക്കാർ തന്നെയല്ലേ? എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങളിൽ വിഷമം വരാത്തത്?

ബിവറേജ് ഷോപ്പിന്റെ മുമ്പിലുള്ള ക്യൂവിനേക്കാൾ ഇരട്ടിനീളമാണ് സർക്കാർ സ്‌ഥാപനങ്ങളിലെ ക്യൂവിന്. തങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങൾ നടപ്പാക്കിക്കിട്ടാൻവേണ്ടി രാവിലെ മുതൽ വൈകിട്ടുവരെ ക്യൂ നിൽക്കുന്ന പാവം ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്നില്ലേ? കുടിയന്മാരുടെ ബുദ്ധിമുട്ട് അകറ്റാൻവേണ്ടി ഓൺലൈൻ മദ്യവില്പനയ്ക്ക് ആലോചിക്കുന്നവർ ഒന്നോർക്കണം ‘ഇവരും മനുഷ്യരാണ്’. ഈ സാധുജനങ്ങളോടു കരുണ കാട്ടണം. ഏതായാലും മദ്യപന്മാരേക്കാൾ ബുദ്ധിമുട്ട് അനുഭവിക്കുന്നതു സാധാരണ ജനങ്ങളാണെന്നു മന്ത്രി മറന്നുപോകരുത്.

<ആ>ബ്രിജിറ്റ് ജോസ്, സാൻജോ സിഎംഐ പബ്ലിക് സ്കൂൾ, കൊടുവേലി, തൊടുപുഴ