Letters
മീനച്ചിൽ അക്കാദമി സ്‌ഥാപിക്കണം
Saturday, September 24, 2016 12:34 PM IST
മീനച്ചിൽ പ്രദേശത്തിനു കേരളത്തിലെ മറ്റൊരു പ്രദേശത്തിനും അവകാ ശപ്പെടാനാകാത്തവിധം സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുണ്ട്.‘കുചേലവൃത്തം’എന്ന ഒരേയൊരു കാവ്യംകൊണ്ട് അനശ്വര യശസു നേ ടിയ രാമപുരത്തു വാര്യർ, ഇന്ത്യൻ സാഹിത്യത്തിലെ ആദ്യ യാത്രാവിവര ണഗ്രന്ഥം ‘വർത്തമാനപ്പുസ്തകത്തിന്റെ രചയിതാവ് പാറേമ്മാക്കൽ ഗോവർണദോർ, ആദ്യ ബൈബിൾ മഹാകാവ്യ(ശ്രീയേശു വിജയം)വും ബൈബിൾ നാടക (യൂദജീവേശ്വരി)വും എഴുതിയ കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള, മലയാളത്തിലെ ആദ്യ വിജ്‌ഞാനകോശകാരനും ബാലസാഹിത്യത്തിന്റെ ആദ്യ പ്രചാരകനുമായിരുന്ന മാത്യു എം. കുഴിവേലി, അഞ്ചു മഹാകാവ്യങ്ങൾ എഴുതിയ പ്രവിത്താനം പി.എം. ദേവസ്യാ, മഹാപണ്ഡിതനും സാഹിത്യ മർമജ്‌ഞനുമായിരുന്ന ഫാ. ഏബ്രഹാം വടക്കേൽ, മഹാ കവി പാലാ നാരായണൻ നായർ, പ്രമുഖ നോവലിസ്റ്റ് വെട്ടൂർ രാമൻ നാ യർ, ഹാസ്യ സാഹിത്യകാരൻ തോമസ് പാലാ, സംസ്കൃത പണ്ഡിതന്മാരും കവികളുമായ മഠം ശ്രീധരൻ നമ്പൂതിരി, മഠം പരമേശ്വരൻ നമ്പൂതിരി എ ന്നീ പ്രതിഭാശാലികൾക്കു ജന്മം നൽകിയ നാടാണു മീനച്ചിൽ.

പ്രമുഖ കഥാകാരി ലളിതാംബിക അന്തർജനത്തിന്റെ കർമമണ്ഡലവും മീനച്ചിൽതന്നെ. മലയാളത്തിന്റെ മിസ്റ്റിക് കവി മേരി ബനീഞ്ഞയുടെ കാവ്യ ജീവിതത്തിനും മീനച്ചിൽ ബന്ധമുണ്ട്.

ഈ സാഹിത്യ പ്രതിഭകളിൽ മാത്യു എം. കുഴിവേലിക്കു മാത്രമാണു പാലായിൽ ഒരു സ്മാരകമുള്ളത്. അതാവട്ടെ, നിലവിലുണ്ടായിരുന്ന മു നിസിപ്പൽ ലൈബ്രറിക്ക് അദ്ദേഹത്തിന്റെ പേരു നൽകിയതു മാത്രവും.

സാഹിത്യത്തിന്റെ ഭിന്നമേഖലകളെ സമ്പന്നമാക്കിയ ഈ മഹാപ്രതി ഭകളെ വിശദമായി പഠിക്കാനും വിലയിരുത്താനും അവരുടെ സംഭാവനക ളുടെ മൂല്യം പിൻതലമുറകൾക്കു പരിചയപ്പെടുത്താനും ഉചിതമായ ഒരു സ്മാരകം നാളിതുവരെ ഉണ്ടായിട്ടില്ല എന്നതു ദുഃഖകരമാണ്.

ഇതിലേക്കു ‘മീനച്ചിൽ അക്കാദമി’ എന്ന പേരിൽ ഒരു പഠന ഗവേഷണ സ്‌ഥാപനം പാലാ ആസ്‌ഥാനമായി സ്‌ഥാപിക്കാവുന്നതാണ്. സമഗ്ര രാഷ്ട്രവികസനത്തിലെ ഒരു നിർണായക ഘടകം സാംസ്കാരിക വികസനമാണെന്ന വസ്തുത നമ്മൾ മറക്കരുത്. സംസ്‌ഥാന ഗവൺമെന്റിന്റെയും പാലാ മുനിസിപ്പാലിറ്റിയുടെയും ഒപ്പം രാഷ്ട്രീയ നേതൃത്വത്തിന്റെയും ശ്രദ്ധ ഇക്കാര്യത്തിൽ പതിയേണ്ടിയിരിക്കുന്നു.

ഡോ. കുര്യാസ് കുമ്പളക്കുഴി (മുൻ വിവരാവകാശ കമ്മീഷണർ)