Letters
സരസ്വതീക്ഷേത്രങ്ങൾ കുരുതിക്കളങ്ങളായാൽ
Tuesday, October 18, 2016 4:40 PM IST
“ ഗു’ശബ്ദമന്ധകാരംതാൻ
രു’ശബ്ദംതന്നിരോധം

അജ്‌ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുന്നവനാണ് ഗുരു. ഗുരുവിനെ നീ എന്നു വിളിച്ചാൽ ഗുരുവിനെ വധിച്ചതിനു തുല്യം. അപ്പോൾ ഗുരുവിനെ കത്തികൊണ്ടു കുത്തിക്കൊല്ലുന്നവനെ നാം എന്തു പേരു വിളിക്കണം? ഡൽഹിയിലെ ഒരു വിദ്യാലയത്തിൽ അതു സംഭവിച്ചു.

മാതാ–പിതാ–ഗുരു ദൈവം എന്ന വാക്കുകൾ കേ ട്ടാണ് ഒരുകാലത്ത് നമ്മുടെ കുട്ടികൾ വളർന്നിരുന്നത്. എന്നാൽ, ഇന്ന് ആരെ കൊല്ലണം, ആരോടു പ്രതി കാരം തീർക്കണം എന്ന ചിന്തയിലാണു കുട്ടികൾ വളരുന്നത്. അതിന് സ്വന്തം ഗുരുവിനെത്തന്നെ വധിച്ച് അവൻ പ്രതികാരം തീർക്കുന്നു. നാളെയിലെ നല്ല പൗരന്മാരെ വാർത്തെടുക്കേണ്ട സരസ്വതീക്ഷേത്രങ്ങളിൽ എന്താണ് ഇന്നു നടക്കുന്നത്. ഇളംതലമു റയുടെ ജീവിതമാകുന്ന തോണി പ്രതികാരചിന്തയുടെ ചുഴിയിൽപ്പെട്ട് മുങ്ങിപ്പോകുന്നല്ലോ, കഷ്ടം! ഇതും പറഞ്ഞ് മൂക്കത്തു വിരൽവച്ച് അന്തിച്ചുനിൽക്കുന്ന കാഴ്ചയാണു നമുക്കു ചുറ്റും കാണുന്നത്.

ഒരു കുട്ടിയുടെ സ്വഭാവത്തിന്റെ അടിത്തറ പാകേണ്ട കുടുംബത്തിൽനിന്ന് അവന് ഇന്നു ലഭിക്കുന്നത് മാതാപിതാക്കൾ തമ്മിലും സുഹൃത്തുക്കളും ബന്ധുക്കളും തമ്മിലുമുള്ള വ്യക്‌തിവിദ്വേഷത്തിന്റെ ശേഷിപ്പുകളാണ്. നാം ഇവിടെ ആരെയാണു കുറ്റപ്പെടുത്തേണ്ടത്?

മാനസികപിരിമുറുക്കത്തിലാണ് ഇന്നത്തെ യുവതലമുറ വളരുന്നത്. സ്നേഹത്തിനു പകരം വിദ്വേഷമാണ് അവന്റെ മനസ് നിറയെ. അതിന്റെ ഫലമോ? തൂലിക എടുക്കേണ്ട കൈകളിൽ നിറതോക്കുകളും മൂർച്ചയേറിയ കത്തികളും.

ഭാരതീയ ഇതിഹാസങ്ങളിലേക്കു തിരിഞ്ഞുനോക്കിയാൽ ഗുരുവിന്റെ വീട്ടിൽ താമസിച്ച് ഗുരുമുഖത്തുനിന്നു വീഴുന്ന വിജ്‌ഞാനശകലത്തെ ഹൃദിസ്‌ഥമാക്കിയിരുന്ന, ഗുരുവിനെ ഈശ്വരതുല്യനായി കണ്ടിരുന്ന ഒരു കാലഘട്ടം പണ്ട് നമുക്കുണ്ടായിരുന്നു–ഗുരുകുലവിദ്യാഭ്യാസം. കാനനമധ്യത്തിലെ പർണശാലകളായിരുന്നു അന്നു വിദ്യാലയം. ഭഗവാൻ ശ്രീകൃഷ്ണന്റെയും ഭക്‌തകുചേലന്റെയും വിദ്യാഭ്യാസം ഇതിന് ഉത്തമോദാഹരണം. അന്നത്തെ വിദ്യാർഥികൾ ശസ്തശാസ്ത്രാദികളിൽ നിപുണരായിരുന്നു. അതു പഴങ്കഥ.

ഇന്നു പട്ടുമെത്തയുടെയും മണിമാളികയുടെയും എല്ലാവിധ ആഡംബരങ്ങളുടെയും ഇടയിൽ വളരുന്ന നമ്മുടെ കുട്ടികളോട് മാതാ–പിതാ–ഗുരു ദൈവം എന്നു പറഞ്ഞുകൊടുത്താൽ അവൻ എവിടെ കേൾക്കാനാണ്? ഗുരുത്വം അവന് എങ്ങനെ ഉണ്ടാകാനാണ്? അവന്റെ ലോകം മറ്റു പലതുമാണ്.

പണത്തിനും ആഡംബരത്തിനുംവേണ്ടി നെട്ടോട്ടമോടുന്ന കുട്ടികൾക്ക് അമിതസ്വാതന്ത്ര്യം കൊടുത്തു നിയന്ത്രണമില്ലാതെ വളർത്തുന്ന മാതാപിതാക്കളേ, നിങ്ങൾ ഒരുനിമിഷം നിങ്ങളുടെ കുട്ടികളെപ്പറ്റി ചിന്തിച്ചുനോക്കൂ. ഇതെല്ലാം ആർക്കുവേണ്ടി? എന്തിനുവേണ്ടി? ഇല്ലെങ്കിൽ ഇന്നു ഗുരുവിന്റെ നെഞ്ചിൽ കുത്തിയിറക്കിയ കത്തി ഒരുപക്ഷേ നാളെ നിങ്ങളുടെ നെഞ്ചിലായിരിക്കും ആഴ്ന്നിറങ്ങുന്നത്.

ഇന്നു വിദ്യാലയം കച്ചവടകേന്ദ്രമായി മാറിക്കൊ ണ്ടിരിക്കുകയാണ്. അധ്യാപക–വിദ്യാർഥി ബന്ധം ശിഥിലമായിക്കൊണ്ടിരിക്കുന്നു. അധ്യാപകരും കുട്ടികളും അവരുടേതായ ലോകത്തു വിരാജിക്കുന്നു.

കുട്ടികളുടെ വ്യക്‌തിത്വ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കേണ്ടവനാണ് അധ്യാപകൻ. ഒരു സുഹൃത്തിനെപ്പോലെ വഴികാട്ടിയായി ഓരോ കുട്ടിയെയും മുന്നോട്ടുനയിക്കേണ്ടവനാണ് അധ്യാപകൻ. ഗുരുവിൽനിന്നു ലഭിക്കേണ്ടതു ഗുരുവിൽനിന്നും കുടുംബത്തിൽനിന്നു ലഭിക്കേണ്ടത് കുടുംബത്തിൽനിന്നും ലഭിക്കണം. ഇതൊന്നും ഒരിടത്തുനിന്നും ലഭിക്കാതെവരുമ്പോൾ അവൻ സമൂഹത്തിന്റെ നേരേ പകച്ചുനോക്കുന്നു. വിദ്വേഷവും പകയും അവന്റെ മനസിലേക്ക് ആഴ്ന്നിറങ്ങുന്നു.

വിദ്യയുടെ ആലയമാണ് വിദ്യാലയം. എന്നാൽ, ഈ ആലയത്തിൽനിന്ന് ഇന്നു കുട്ടികൾക്കു ലഭിക്കുന്നത് വിദ്യയ്ക്കു പകരം മയക്കുമരുന്നും ലഹരിവസ് തുക്കളും മറ്റു പലതുമാണ്. കളികളിൽ എന്നതു പോലെ ചാറ്റിംഗുകളിലും മറ്റ് അനാശാസ്യ–നിയമവിരുദ്ധ പ്രവർത്തനങ്ങളിലും നിപുണരാണ് ഇന്നു നമ്മുടെ കുട്ടികൾ പലരും. ഇതിന്റെ ഫലമായി വി ദ്യാലയങ്ങൾ കുരുതിക്കളങ്ങായി മാറുന്ന കാഴ്ചയാണു കാണുന്നത്.

ഇതിനെതിരേ അധ്യാപക–രക്ഷാകർതൃ സംഘടന കളും മാനേജ്മെന്റും ഗവൺമെന്റും മുന്നിട്ടിറങ്ങണം. മാതാപിതാക്കളേ നിങ്ങൾ കുട്ടികളുടെ പുസ്തകസഞ്ചിയിൽനിന്നു കാമറ മൊബൈൽഫോണുകളും മറ്റ് അനാവശ്യ വസ്തുക്കളും എടുത്തുമാറ്റുക. അ വരുടെ ശ്രദ്ധ പഠനത്തിലേക്കു തിരിച്ചുവിടുക. അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ, പരിഹരിക്കാൻ അല്പസമയം നീക്കിവയ്ക്കുക. അങ്ങനെ സമൂഹത്തിനും കുടുംബത്തിനും ഉപകാരികളായ നല്ല മക്കൾക്കായി നിങ്ങൾ ജീവിക്കുക.

അധ്യാപകർ ഓരോ കുട്ടിയെയും വ്യക്‌തിപരമായും മാനസികമായും അടുത്തറിയുക. അവരുടെ അജ്‌ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുക. അങ്ങനെ ഗുരു–ശിഷ്യബന്ധത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കുക. കുട്ടികളേ, നിങ്ങൾ കുടും ബത്തിനും ഉപകാരികളായി നാളെയുടെ നല്ല പൗരന്മാരായി സരസ്വതീ ക്ഷേത്രങ്ങളിൽനിന്നു പുറത്തുവരിക. ഗുരുത്വം നിങ്ങളിൽ നിറഞ്ഞുതുളുമ്പട്ടെ. ഗു രുകുല വിദ്യാഭ്യാസത്തിന്റെ ആ പഴയ ചൈതന്യം നിങ്ങളിലോരോരുത്തരിലും കളിയാടട്ടെ.

എമിലിൻ ജോൺ