Letters
കണ്ണൂരിൽ സമാധാനം പുനഃസ്‌ഥാപിക്കണം
Tuesday, October 18, 2016 4:40 PM IST
മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതക വാർത്തകളാണു കണ്ണൂരിൽനിന്നു കേട്ടുകൊണ്ടിരിക്കുന്നത്. പുതിയ ഭരണകൂടം അധികാരത്തിലേറിയശേഷം എട്ടു രാഷ്ട്രീയ കൊലപാതകങ്ങളാണ് ഉണ്ടായത്. ക്രമസമാധാനനില കൈവിട്ടുപോകുന്ന നിലയിലേക്കു കാര്യങ്ങൾ നീങ്ങുമ്പോൾ കേന്ദ്ര– സംസ്‌ഥാന ഭരണകൂടങ്ങൾ നോക്കുകുത്തിയായി നിൽക്കുന്നു. ഇരുവിഭാഗവും ആയുധം താഴെവയ്ക്കാൻ തയാറാവുകയാണു വേണ്ടത്. അല്ലാത്തപക്ഷം കൊന്നു കൊതിതീരാത്തവരെ പാക് അധിനിവേശ കാഷ്മീരിലെ ഭീകര ക്യാമ്പുകൾ അമർച്ച ചെയ്യുന്നതിന് അയയ്ക്കാൻ ഇരുപാർട്ടിയിലേയും നേതാക്കൾ തയാറാവണം. രാജ്യത്തിനെങ്കിലും ഗുണമുണ്ടാവുമല്ലോ? കണ്ണൂർ ജില്ലയിലെ സമാധാനം അടിയന്തരമായി പുനഃസ്‌ഥാപിക്കാൻ സംസ്‌ഥാന സർക്കാർ തയാറാവണം. കേരള പോലീസിനു പറ്റില്ലെങ്കിൽ അർധസൈനിക വിഭാഗങ്ങളെ വിന്യസിക്കുക. ജനങ്ങൾക്കു ജീവനും സ്വത്തിനും സംരക്ഷണവും സമാധാനവുമാണ് ആവശ്യം.

ജസ്റ്റിൻരാജ് ചക്കിട്ടപ്പാറ, കോഴിക്കോട്