Letters
വിദ്യാഭ്യാസബന്ദ് എന്ന അനീതി
Saturday, October 22, 2016 10:53 AM IST
സമൂഹത്തിൽ അനീതി നടക്കുകയും ആരും അതിനെതിരേ പ്രതിഷേധിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയും പ്രശ്നത്തിൽ ഇടപെട്ടു നീതി ഉറപ്പാക്കുകയും ചെയ്യാറുണ്ട്. വിദ്യാഭ്യാസബന്ദ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വിദ്യാർഥികളുടെ പഠിപ്പുമുടക്കിയുള്ള സമരം വിദ്യാഭ്യാസമേഖലയിൽ നിലനിൽക്കുന്ന ഒരു കടുത്ത അനീതിയും മനുഷ്യാവകാശലംഘന പ്രവർത്തനവുമാണ്. എന്നാൽ, എന്തിനും ഏതിനും പ്രതികരിക്കുന്ന ആരുംതന്നെ ഈ അനീതിക്കെതിരേ പ്രതിഷേധിച്ചു കാണുന്നുമില്ല.

ഒരു വിദ്യാർഥി സംഘടനയിലെ ഏതെങ്കിലും ഒരു നേതാവിനോ ഒരംഗത്തിനോ എവിടെനിന്നെങ്കിലും ഒരു തല്ലുകിട്ടിയാൽ ഉടൻ ആ സംഘടന വിദ്യാഭ്യാസബന്ദ് പ്രഖ്യാപിക്കുന്ന സാഹചര്യമാണ് ഇന്നു സംസ്‌ഥാനത്തു നിലനിൽക്കുന്നത്. അതുമൂലം പഠിക്കാനായി മാത്രമെത്തുന്ന ലക്ഷക്കണക്കിനു കുട്ടികൾക്കു പഠനം നഷ്‌ടപ്പെടുന്നു. ഏതു വിദ്യാർഥി സംഘടന പഠിപ്പുമുടക്കിയാലും പഠിക്കാനാഗ്രഹിക്കുന്ന ഒരു കുട്ടിക്കു പോലും പഠനം നഷ്‌ടമാവരുത് എന്ന ഹൈക്കോടതിയുടെ നിരീക്ഷണത്തെ കാറ്റിൽ പറത്തിയാണ് പഠിപ്പുമുടക്കു സമരങ്ങൾ അരങ്ങേറുന്നത്. സകല രാഷ്ട്രീയ പാർട്ടികളും ഈ അനീതിക്കെതിരേ കണ്ണടയ്ക്കുകയാണ്.

ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കാൽ