Letters
വരൾച്ചയെ നേരിടാൻ പ്രഖ്യാപനം മാത്രം മതിയോ
Thursday, December 8, 2016 4:52 PM IST
കേരളത്തിൻറെ ചരിത്രത്തിൽ ആദ്യമായി ഈ വർഷം ഒക്ടോബർ 31ന് സംസ്‌ഥാനത്തെ വരൾച്ചാ ബാധിതമായി ഗവൺമെൻറ് മുൻകൂട്ടി പ്രഖ്യാപിച്ചു. ഫെബ്രുവരി പകുതി മുതൽ മേയ് പകുതിവരെയുള്ള മൂന്നുമാസമാണ് കേരളത്തിൽ സാധാരണ വേനൽക്കാലം. എന്നാൽ, ഈവർഷം നവംബർ മുതൽ മേയ് വരെയുള്ള ആറുമാസം കൊടും വേനലായിരിക്കുമെന്നാണ് ശാസ്ത്രജ്‌ഞരും സർക്കാരും പറയുന്നത്. ഡാമുകളിൽ ശേഖരിക്കാൻ സാധിച്ച വെള്ളത്തിൻറെ അളവ് ഗണ്യമായി കുറഞ്ഞതും ഭൂഗർഭജലവിതാനം താണുപോയതും കണക്കിലെടുത്താണ് സംസ്‌ഥാന ദുരന്ത നിവാരണ അഥോറിറ്റി ഇങ്ങനെയൊരു ശിപാർശ ഗവൺമെൻറിന് നൽകിയത്.

നാമമാത്രമായ തുലാവർഷമാണ് ഇത്തവണ ലഭിച്ചത്. വേനൽമഴയിൽ മാത്രമാണ് ഇനി പ്രതീക്ഷ. കാർഷിക, വ്യവസായ മേഖലകൾ വലിയ പ്രതിസന്ധിയെ ആണ് നേരിടാൻ പോകുന്നത്. തീർച്ചയായും അതു സമസ്ത മേഖലകളെയും ബാധിക്കും.

44 നദികളും ദേശീയ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുന്നതുമായ കേരളത്തിന് ഈ ഗതി വരാൻ കാരണം നമ്മുടെ ആസൂത്രണമില്ലായ്മയും ഭാവിയെക്കുറിച്ചുള്ള കരുതലില്ലായ്മയുമാണ്. വരൾച്ചാബാധിത സംസ്‌ഥാനമായി പ്രഖ്യാപിച്ചിട്ട് ഒരുമാസം കഴിഞ്ഞു. വരൾച്ച നേരിടാൻ സർക്കാർ സ്വീകരിക്കാൻ പോകുന്ന നടപടികളെപ്പറ്റി ഇതുവരെ ഒന്നും കേട്ടില്ല. ഇതും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുമോ

സെബാസ്റ്റ്യൻ പാതാന്പുഴ തൊടുപുഴ