Letters
ഗ്രേസ് മാർക്ക്: പുനർചിന്ത ആവശ്യം
Monday, January 9, 2017 4:13 PM IST
പഠനമൊഴികെയുള്ള എല്ലാ കാര്യത്തിനും ഇപ്പോൾ ഗ്രേസ് മാർക്ക് നൽകുന്നതിനാൽ 10, 11, 12 ക്ലാസുകളിലെ കുറേയേറെ കുട്ടികൾ പഠനത്തിന് ഒരു പ്രാധാന്യവും നൽകുന്നില്ല.

കലാകായിക മൽസരങ്ങൾക്കു പുറമേ എൻസിസി, എൻഎസ്എസ്, സ്കൗട്ട്, എസ്പിസി എന്നിവയടക്കമുള്ള സംവിധാനങ്ങൾക്കെല്ലാം ഗ്രേസ് മാർക്ക് വാരിക്കോരി നൽകുകയാണ്. ഈ മാർക്കുമാത്രം ലക്ഷ്യമിട്ട് ഇത്തരം സംഘടനകളിൽ ചേരുന്ന പലരും ഇവയോടും ആത്മാർഥത കാണിക്കുന്നില്ല എന്നതാണ് സത്യം. ഇവയൊക്കെയുള്ള സ്കൂളിൽ പഠിക്കാൻ പല കുട്ടികളും ശ്രമിക്കുന്നത്, ഇതൊന്നുമില്ലാത്ത സ്കൂളുകളെ ദോഷമായി ബാധിക്കുകയും ചെയ്യുന്നു.

വർഷാന്ത പരീക്ഷയുടെ മാർ ക്കിനൊപ്പം ഗ്രേസ് മാർക്ക് ചേർക്കുന്ന ഇപ്പോഴത്തെ രീതി ഒട്ടും ആശാസ്യമല്ല. ഓരോ പ്രായത്തിലും ക്ലാസിലും നേടേണ്ട കുറ ഞ്ഞ അറിവ് നേടാതെതന്നെ കുട്ടിക്ക് ഉയർന്ന മാർക്ക് ലഭിക്കുന്നു. പഠനത്തിൽ മാത്രം കൂടുതൽ ശ്രദ്ധ നൽകുന്ന കുട്ടികൾ പിന്നിലാവുകയും ചെയ്യുന്നു. ഗ്രേസ് മാർക്കിൻറെ മാത്രം മിടുക്കിൽ ചില സ്കൂളുകൾ, ’ഊതിവീർപ്പിച്ച’ അനർഹമായ വിജയം ഘോഷിക്കുന്നു.

കുട്ടികൾ പാഠങ്ങൾ പഠിച്ചു തന്നെ മാർക്കു വാങ്ങണം. മാർക്ക് ലിസ്റ്റിൽ ഗ്രേസ് മാർക്ക് ചേർക്കുന്നതിനു പകരം, പ്ലസ് ടുവിനോ ഡിഗ്രിക്കോ ചേരുന്പോൾ, കുട്ടിയുടെ പാഠ്യേതര നേട്ടത്തിന്, ആനുപാതികമായ ’വെയിറ്റേജ്’ നൽകട്ടെ. പഠിക്കുന്നവർക്കും പാഠ്യേതരക്കാർക്കും അതു പ്രയോജനം ചെയ്യും.

ജോഷി ബി. ജോൺ മണപ്പള്ളി, കൊല്ലം