Letters
ട്രാഫിക് വാരാചരണം പ്രഹസനമാകരുത്
Wednesday, January 18, 2017 12:37 PM IST
കേരളത്തിൽ ട്രാഫിക് വാരാചരണം നടക്കുകയാണല്ലോ . സർക്കാരിൻറെ കുറേ ഫണ്ട് ഇങ്ങനെ ചെലവാക്കാം എന്നതിലുപരി യാതൊരു പ്രയോജനവും ഇതു കൊണ്ട് ഉണ്ടാകുന്നില്ല. കേരളത്തിലെ റോഡുകളിലെ ചില കാഴ്ചകൾ കാണുമ്പോൾ പൊതുജനത്തെയല്ല, പോലീസിനെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥരെയും ആണ് ബോധവത്കരിക്കേണ്ടത് എന്നു തോന്നിപ്പോകും. ബസുകളുടെ മത്സര ഓട്ടം , മൊബൈലിൽ സംസാരിച്ചു വാഹനം ഓടിക്കുക തുടങ്ങി ഒരു പ്രശ്നത്തിലും ഇവർ ഇടപെടുന്നില്ല . പകരം കുറെ ബൈക്ക് യാത്രക്കാരെയും കാർ, ഓട്ടോറിക്ഷ ഉടമസ്‌ഥരെയും എന്നും പീഡിപ്പിക്കും.

സ്വകാര്യ ബസുകളിൽ എട്ടും പത്തും സ്പീക്കർ വച്ച് പാട്ടു വയ്ക്കുന്നത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കു വലിയ ബുദ്ധിമുട്ട് ഉളവാക്കുന്നു. മറ്റു വാഹനങ്ങൾ ഹോൺ അടിച്ചാലും െരഡെവർ കേൾക്കുകയുമില്ല. മിക്ക വാഹനങ്ങളിലുംെരഡെവർ തന്നെയാണ് സ്റ്റീരിയോ പ്രവർത്തിപ്പിക്കുന്നത്. ഇതു അപകടത്തിനും കാരണമാകുന്നു.

എല്ലാ ബസുകളിലും മുൻവശത്തെ വാതിലിൽ റോഡിൽ നിന്നു തന്നെ ബെല്ല് അടിക്കത്തക്ക വിധം നീളമുള്ള ചരട് കെട്ടി ഇട്ടിരിക്കുന്നു. സ്ത്രീകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനു മുമ്പു കിളി ബെൽ അടിക്കുകയും യാത്രക്കാർ റോഡിൽ വീണു മരണം സംഭവിക്കുകയും ചെയ്യുന്നു. രണ്ടു ഡോറിലും കിളി ഉണ്ടായിട്ടും ഈ നിയമലംഘനം അധികാരികളുടെ അനാസ്‌ഥ കൊണ്ടു മാത്രമാണ്. കെഎസ് ആർടിസി ഈ കാര്യത്തിൽ മാതൃകയാണ്.

ടിപ്പർ ലോറികളുടെ സ്കൂൾ സമയത്തെ ഓട്ടം കർശനമായി നിരോധിച്ചിട്ടുള്ളതാണ്. എന്നാൽ, ഈ സമയത്തും അവയുടെ മരണപ്പാച്ചിൽ പലയിടത്തും കാണുന്നു. ടിപ്പർ ലോറികളുടെ ബോഡി ആൾട്ടറേഷൻ ആണ് അവയെ ഇത്രയും അപകടകാരികളാക്കുന്നത്. ടെസ്റ്റ് കഴിഞ്ഞിറങ്ങുന്ന ടിപ്പറിൻറെ രണ്ടുവശത്തും ഇരുമ്പു തകിടുകൾ വച്ച് ബോഡിയുടെ ഉയരം കൂട്ടുന്നു . ഇതുമൂലം ഇവ അനുവദനീയമായതിൽ ഇരട്ടി ഭാരം കയറ്റുന്നു . ഇതുമൂലം സഡൻ ബ്രേക്ക് ഉപയോഗിച്ചാലും ടിപ്പർ നിൽക്കുകയില്ല.

ട്രാഫിക് നിയമ ലംഘനത്തിന് ശിക്ഷയായി പണം ഈടാക്കുന്നതിന് പകരം വാഹനവും മൊബൈലും രണ്ടു ദിവസം പോലീസ് കസ്റ്റഡിയിൽ വച്ചാൽ മാറ്റം വന്നേക്കാം .

<ആ>ബെന്നി തോട്ടുപാട്ട് കോടിക്കുളം.