Letters
വീട്ടിൽ വിശ്രമിച്ചാലും നോക്കുകൂലി!
Thursday, January 5, 2017 1:14 PM IST
നോക്കുകൂലി എന്ന തട്ടിപ്പിനെതിരേ ഹൈക്കോടതിയുടെ ചില പരാമർശങ്ങൾ ദീപികയിൽ വായിച്ചു. തൊഴിൽ ചെയ്യാതെ നേടുന്ന പണം കൊണ്ടു ഭക്ഷണം കഴിക്കുന്നതു നീതിക്കു ചേരുന്നതല്ല എന്ന പരാമർശം വളരെ ശ്രദ്ധേയമാണ്.

അടുത്തയിടെ എൻറെ ഒരു സുഹൃത്ത് രണ്ട് ആഞ്ഞിലിമരം കുറച്ചു ദൂരെയുള്ള ഒരു തടി വ്യാപാരിക്കു വിറ്റു. തടി വെട്ടിയിട്ട ദിവസം മുതൽ തൊഴിലാളികൾ എപ്പോഴാണു തടി ലോഡ് ചെയ്യുകയെന്ന വിവരം അന്വേഷിച്ച് കയറിയിറങ്ങി. വേറെ സ്‌ഥലക്കാരനായതിനാൽ യൂണിയൻ നിയമങ്ങളും മറ്റുമറിയാതെ തടി കയറ്റാൻ ഒരു ക്രെയിനും സഹായത്തിനായി രണ്ടു തൊഴിലാളികളുമായി വന്നു. യൂണിയൻകാർ അറിയാതെ തടി മാറ്റാൻ കഴിയില്ല എന്നറിഞ്ഞതോടെ യൂണിയൻ ഓഫീസ് അന്വേഷിച്ച് കണ്ടുപിടിച്ചു. ഒരു ദിവസം മുമ്പു നോട്ടീസ് കൊടുത്താൽ മാത്രമേ യൂണിയൻറെ അനുമതി ലഭിക്കൂ എന്നാണ് അവിടെനിന്നു കിട്ടിയ മറുപടി. ക്രെയിനിനും മറ്റും വാടക നൽകേണ്ടിവരുന്നതു ചൂണ്ടിക്കാട്ടി യാചിച്ചപ്പോൾ 15000 രൂപ വാങ്ങി രസീത് തന്ന് തടി കയറ്റാൻ അനുമതി നൽകി.

15000 രൂപ വാങ്ങിയതല്ലാതെ തടി ലോഡ് ചെയ്യാനോ കയർ കെട്ടാനോ അങ്ങോട്ടേക്കു തിരിഞ്ഞു നോക്കാനോ യൂണിയൻകാർ ആരുമില്ലായിരുന്നു. ക്രെയിൻ ഉയർത്താനുള്ള കയർ കെട്ടിക്കൊടുക്കുക, ലോറിയിൽ കയറ്റിവച്ച തടി കയർകൊണ്ട് കെട്ടുക തുടങ്ങിയ എല്ലാ ജോലികളും തടിവ്യാപാരി കൊണ്ടുവന്നവർ തന്നെ ചെയ്തു.

വീട്ടിലിരുന്നു കയറ്റുകൂലിയുടെ വിഹിതം കൈപ്പറ്റുന്ന ഈ അനീതിക്കെതിരേ പോലീസ് സഹായം ആവശ്യപ്പെടാം എന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. തൊഴിലാളി നേതാക്കൾ ഭരിക്കുന്ന ഇവിടെ ഈ ഉത്തരവ് പ്രാബല്യത്തിൽ വരുമോ വസ്തു ഉടമയ്ക്കും വ്യാപാരിക്കുമൊക്കെ ഇങ്ങനെ പണം വെറുതേ നഷ്‌ടപ്പെടുന്നത് കാണുന്പോൾ ഈ കോടതി ഉത്തരവെങ്കിലും നടപ്പായെങ്കിലെന്ന് ആശിക്കുന്നു.

ടി. മണിമല