Letters
ജനങ്ങളുടെ പ്രശ്നങ്ങൾ ഭരണാധികാരികൾ മനസിലാക്കണം
Thursday, January 5, 2017 1:14 PM IST
പിണറായി വിജയൻ മുഖ്യമന്ത്രിസ്‌ഥാനം ഏറ്റെടുത്തു കേരളത്തിൻറെ ഭരണം കൈകാര്യം ചെയ്തു തുടങ്ങിയിട്ട് ഏതാണ്ട് ഒരു വർഷം കഴിഞ്ഞിരിക്കെ അതിൻറെ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നു തോന്നുന്നു. രാഷ്ട്രീയത്തിൽ പ്രവർത്തിച്ചു രാജ്യത്തിൻറെ ഭരണം കിട്ടിയാൽ പാർട്ടി നോക്കാതെ രാജ്യപുരോഗതിയും ജനങ്ങളുടെ പൊതുനന്മ യും ലക്ഷ്യമാക്കി പ്രവർത്തിച്ചാൽ അതൊരു വലിയ നേട്ടം ആയിരിക്കും. ജനങ്ങളാണു വിലയിരുത്തുന്നത്. ഇന്നു കേരളവും കേരളജനതയും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ ചിലതു മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.

കേരളത്തിലെ റബർകൃഷിക്കാരുടെ സങ്കടങ്ങൾ കേന്ദ്രഗവൺമെൻറിനു ശ്രദ്ധിക്കാൻ സമയമില്ല. അപ്പോൾ അതിനെ നേരിടേണ്ടതു സംസ്‌ഥാന ഗവൺമെൻറ് തന്നെയാണ്. കേരളത്തിൽ നല്ലനിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റബർ കർഷകരും റബർ വ്യാപാരികളും ഇത്തരത്തിൽ അധഃപതിക്കാൻ കാരണം പി. ചിദംബരം കേന്ദ്രത്തിൽ ധനമന്ത്രി ആയിരുന്നപ്പോൾ ടയർ കമ്പനികളെ സഹായിക്കാനായി ഇറക്കുമതിനയം വ്യത്യാസപ്പെടുത്തിയതാണ്. റബർവിലയിലണ്ടായ ഇടിവ് കേരളത്തിൻറെ സാമ്പത്തികസ്‌ഥിതിയിൽ വിടവുണ്ടാക്കിയിട്ടുണ്ട്. അതേപ്പറ്റി പഠിച്ച് കേരളത്തിലെ റബർ കർഷകരെയും റബർ കച്ചവടക്കാരെയും സംരക്ഷിച്ച് ജനത്തിൻറെ കഷ്‌ടപ്പാടുകൾ ഇല്ലാതാക്കാൻ അടിയന്തരമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. റബറിന് കിലോയ്ക്ക് 200 രൂപയെങ്കിലും കിട്ടിയാലേ കൃഷിക്കാർ രക്ഷപ്പെടൂ.

മദ്യവിൽപ്പനയും ഉപയോഗവും കേരളത്തിൽ നിയമം കൊണ്ടുവന്ന് ഇല്ലാതാക്കണം. ഗവൺമെൻറിൻറെ വരുമാനം ഇല്ലാതാകും എന്നു പറയുന്നു. ഈ ഇല്ലാതാകുന്ന വരുമാനം വേറെ മാർഗത്തിൽ ഉണ്ടാക്കാം. ഇന്നു പണക്കാരും പാവപ്പെട്ടവർ എന്നു പറയപ്പെടുന്ന കൂലിപ്പണിക്കാരും മദ്യത്തിനുവേണ്ടി പണം ചെലവാക്കി ആരോഗ്യം നശിപ്പിക്കുകയും കുടുംബഭദ്രത ഇല്ലാതാക്കുകയുമാണ് ചെയ്യുന്നത്. അവരെ മദ്യാസക്‌തിയിൽനിന്നു മോചിപ്പിച്ചു ജീവിതവ്യതിയാനം ഉണ്ടാകാൻ നിർബന്ധിതരായാൽ അവരുടെ ആരോഗ്യവും കുടുംബഭദ്രതയും മെച്ചപ്പെടും. ആ വഴിക്കു സർക്കാർ അവർക്കുവേണ്ടി ചെലവാക്കുന്ന ബാധ്യത ഇല്ലാതാകുകയും അതു ഗവൺമെൻറിനു വേറെ മാർഗത്തിൽ വരുമാനമാകുകയും ചെയ്യുന്നതാണ്.

കേരളത്തിലെ സാധാരണക്കാർക്കുവേണ്ടി നല്ല നിലയിൽ പ്രവർത്തിച്ചുപോകുന്ന സഹകരണ ബാങ്കുകളെ തകർക്കുന്നതിനുവേണ്ടി നോട്ടുമാറ്റങ്ങളുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാർ കൊണ്ടുവന്ന നടപടികളെ സംസ്‌ഥാനസർക്കാർ ധീരമായിത്തന്നെ നേരിടണം. സഹകരണ ബാങ്കുകൾ റിസർവ് ബാങ്കിൻറെയും നബാർഡിൻറെയും നിർദേശങ്ങൾക്ക് വിധേയമായിട്ടാണോ പ്രവർത്തിച്ചുപോരുന്നത് എന്നു നിരീക്ഷിച്ചാൽ മാത്രം മതി. സഹകരണ ബാങ്കുകളെ ഇല്ലാതാക്കിയാൽ അത് സാധാരണ ജനത്തെയാണ് ബാധിക്കുന്നത്.

രാഷ്ട്രീയക്കാരെയും ഗവൺമെൻറ് ഉദ്യോഗസ്‌ഥരെയും അഴിമതിയിലേക്കു നയിക്കുന്നതു ജനങ്ങൾതന്നെയാണ്. കാരണം അർഹതയില്ലാത്ത കാര്യങ്ങൾ സാധിച്ചുകിട്ടാൻ രാഷ്ട്രീയക്കാരനെയും സ്വാധീനിച്ച് അയാൾക്കും എന്തെങ്കിലും കൊടുത്ത് കാര്യം സാധിച്ചെടുക്കുന്നു.

കുര്യാക്കോസ് മുണ്ടയ്ക്കൽ, മുതലക്കോടം