Letters
സർവ നിക്ഷേപ മേഖലകളും വിശ്വാസ്യത ആർജിക്കണം
Friday, January 6, 2017 2:56 PM IST
നോട്ട് പിൻവലിക്കൽ നിലവിൽവന്നിട്ടു രണ്ടു മാസമാകുന്നു. രാജ്യത്തെ ആകെ ബാധിച്ച ഈ ദുരിതം കേരളത്തിലെ സമഗ്ര മേഖലകളെയും സാരമായി ബാധിച്ചു. ഈ നടപടിയെത്തുടർന്നു വിവാഹം മാറ്റിവച്ചവർ, ചികിത്സ കിട്ടാതെ പോയവർ, വിദ്യാഭ്യാസ ആവശ്യങ്ങൾ മുടങ്ങിയവർ തുടങ്ങി, ദൈനംദിന ചെലവുകൾ പോലും മാറ്റിവച്ച ഒരുപാടു പേരുണ്ട്.

കള്ളപ്പണത്തിനെതിരേയുള്ള നീക്കമെന്ന നിലയിൽ നോട്ടുപിൻവലിക്കലിനെ ആദ്യം മിക്കവരും അനുകൂലിച്ചിരുന്നു. എന്നാൽ, പുതിയ നോട്ടുകളുടെ കള്ളപ്പണവുമായി പിടിക്കപ്പെട്ടവരിലേറെയും ബിജെപി നേതാക്കളും ഉയർന്ന സർക്കാർ ജീവനക്കാരും ആർബിഐ ഉദ്യോഗസ്‌ഥരും ആണെന്നു കേൾക്കുന്പോൾ സർക്കാരിൻറെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. നിക്ഷേപങ്ങളെക്കുറിച്ചും നിക്ഷേപസാധ്യതകളെക്കുറിച്ചും ജനങ്ങൾ ഇന്ന് ഉത്കണ്ഠാകുലരാണ്. ഇതുവരെ സഹരണ ബാങ്കുകളിൽ നിക്ഷേപങ്ങൾ ഉണ്ടായിരുന്നവർ മറ്റു ബാങ്കുകളെപ്പറ്റി ചിന്തിച്ചുതുടങ്ങി. നോട്ട് പിൻവലിക്കൽ കാരണം കൂടുതൽ ദുരിതം അനുഭവിച്ചതു സഹകരണ മേഖലയാണ്. മുന്പു സ്വർണവും റിയൽ എസ്റ്റേറ്റും വിശ്വസിച്ചു നിക്ഷേപം നടത്താൻ പറ്റുന്ന മേഖലകളായിരുന്നു. എന്നാൽ, ഇപ്പോഴത്തെ അവസ്‌ഥ വ്യത്യസ്തമാണ്.

വെനസ്വേലയിലെ നോട്ട് പിൻവലിക്കലിനെ അവിടത്തെ ജനങ്ങൾ തെരുവിൽ യുദ്ധം ചെയ്തും മാർക്കറ്റ് കൊള്ളയടിച്ചുമാണ് നേരിട്ടത്. ഇന്ത്യയിലെ ജനങ്ങൾ ഇതിനെ ക്ഷമയോടെ നേരിട്ടത് ക്ഷമയോടെ നിലകൊള്ളുന്ന ഇന്ത്യൻ ജനതയുടെ വിജയമാണ്.

നോട്ട് പിൻവലിക്കാനുള്ള തീരുമാനം ശരിയായിരിക്കാം. അതു നടപ്പിലാക്കിയ രീതിയാണു തെറ്റ്. ആവശ്യത്തിനു പുതിയ നോട്ട് അച്ചടിച്ചിരുന്നില്ല എന്നതു വലിയൊരു പാളിച്ചയായി. ഓൺലൈൻ ഇടപാടുകളെക്കുറിച്ച് അറിയാത്ത വലിയൊരു വിഭാഗം ജനങ്ങൾ കേരളത്തിലും ഇന്ത്യയിലും ഉണ്ട്.

ഓൺലൈൻ രീതിയിലേക്കു മാറാൻ ആദ്യം വേണ്ടിയിരുന്നത് ഡിജിറ്റൽ ഇന്ത്യാ പദ്ധതിയിലൂടെ ഇത് എല്ലാ തട്ടുകളിലെയും ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു. ഇതു വേണ്ട രീതിയിൽ നടപ്പിലാക്കാതെ എല്ലാവരും പെട്ടൊന്നൊരു ദിവസം ഹൈടെക് ആകാൻ പറയുന്നതിൽ അർഥമില്ല. നഗരങ്ങളിൽ പോലും ജനങ്ങൾ ഇപ്പോഴും കൂടുതലായി ആശ്രയിക്കുന്നത് ബാങ്കിൽ നേരിട്ടെത്തിയുള്ള പണമിടപാടുകളെയാണ്.

പൊതുമേഖലാ ബാങ്കുകളിലും പൊതുമേഖലാ സംവിധാനങ്ങളിലും മാത്രമായി ജനങ്ങളുടെ വിശ്വാസം ഒതുങ്ങുന്നത് മറ്റു നിക്ഷേപ മേഖലകൾക്കു തിരിച്ചടിയാകുമെന്നതിൽ സംശയമില്ല.

റോബിൻ റോയി, എസ്ബി കോളേജ് ചങ്ങനാശേരി