Letters
സമ്പൂർണ മദ്യനിരോധനമാകണം ലക്ഷ്യം
Monday, January 9, 2017 4:13 PM IST
ഐശ്വര്യപൂർണമായ ഒരു സാമൂഹ്യജീവിതം ആർക്കും ലഭിക്കരുത് എന്നാഗ്രഹിക്കുന്നവർക്കും ചില നിക്ഷിപ്ത താത്പര്യങ്ങൾ വച്ചുപുലർത്തുന്നവർക്കും മാത്രമേ മദ്യനിരോധനത്തെ എതിർക്കാൻ കഴിയൂ. കുടുംബനാഥന്മാരുടെ മദ്യപാനം മൂലം കേരളത്തിൽ എത്രയോ കുടുംബങ്ങളാണു തകർന്നു തരിപ്പണമായത്! പ്രതികരിക്കാൻ പോലും പറ്റാത്ത കാലത്ത് മദ്യപാനികളായ ഭർത്താക്കന്മാരുടെ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങി എത്രയോ സ്ത്രീകൾ ജീവിച്ച് മരിച്ചുപോയി! കേരള സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ തൊണ്ണൂറു ശതമാനത്തിൽ കൂടുതലും മദ്യപാനം മൂലം ഉണ്ടാവുന്നതാണെന്നു ചില പഠനങ്ങൾ വ്യക്‌തമാക്കുന്നുണ്ട്.

എങ്കിൽപ്പിന്നെ എന്തുകൊണ്ട് ഭരണകൂടങ്ങൾ മദ്യനിരോധനത്തെ എതിർക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം, മദ്യ ഉപഭോഗവുമായി ബന്ധപ്പെട്ട് കോടികളുടെ വരുമാനം സർക്കാർ ഖജനാവിലേക്ക് ഒഴുകിയെത്തുന്നു എന്നതാണ്. എന്നാൽ, ഈ വരുമാനത്തിൻറെ ആയിരം മടങ്ങ് ഉപയോഗിച്ചാൽ പോലും ലഭിക്കാത്ത സാമൂഹ്യ, സാന്പത്തിക പുരോഗതി കാലക്രമേണ മദ്യനിരോധനം വഴി നാടിന് കൈവരിക്കാനാകും എന്ന വസ്തുത രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾ സൗകര്യപൂർവം മറക്കുകയാണ്. മദ്യനിരോധനമല്ല, മദ്യപാനത്തിനെതിരേ ബോധവത്കരണമാണ് വേണ്ടത് എന്നു വാദിക്കുന്നവർ, സുബോധമുള്ളവർ മദ്യപാനികളാകില്ല എന്നും അതില്ലാത്തവരെ ബോധവത്കരിക്കാനാകില്ല എന്നും മനസിലാക്കണം.

ശക്‌തമായ തീരുമാനങ്ങൾ എടുക്കാൻ ഭരണകൂടത്തിനു കഴിയുകയും അതു നടപ്പാക്കാൻ കരുത്തും ആത്മാർഥതയുമുള്ള ഉദ്യോഗസ്‌ഥരുണ്ടാവുകയും ചെയ്താൽ സമ്പൂർണ മദ്യനിരോധനം എളുപ്പത്തിൽ നടപ്പാക്കാൻ കഴിയും. അതുവഴി ഐശ്വര്യപൂർണമായ ഒരു സാമൂഹ്യവ്യവസ്‌ഥിതി സൃഷ്‌ടിച്ചെടുക്കാൻ സാധിക്കുകയും ചെയ്യും.

ബെന്നി സെബാസ്റ്റ്യൻ കുന്നത്തൂർ, ചിറ്റാരിക്കാൽ