Letters
മമതാവിരോധം ഉപേക്ഷിക്കണം
Wednesday, January 11, 2017 9:23 PM IST
നോട്ടുപ്രശ്‌നത്തിലെ സംയുക്ത സമരത്തില്‍നിന്നു സിപിഎമ്മും ഇടതുപക്ഷവും വിട്ടുനില്‍ക്കുന്നത് ഈ സമരത്തിന്റെ വിജയത്തിനുതന്നെ വിഘാതമാകും എന്നുള്ളതില്‍ സംശയമില്ല. സിപിഎം നിലപാട് മറ്റ് ഇടതുപക്ഷ പാര്‍ട്ടികളും അംഗീകരിച്ചത് ഈ സമരത്തിനു വലിയ തടസമാണ്.

ഇടതുപക്ഷത്തിനു മാത്രമായോ അവരുടെ നേതൃത്വത്തില്‍ രൂപീകൃതമാകുന്ന സംയുക്ത സമരമുന്നണിക്കോ നിലവിലുള്ള കോണ്‍ഗ്രസിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള സംയുക്ത സമരസമിതിയേക്കാള്‍ മുന്‍തൂക്കം ലഭിക്കുക അസാധ്യമായ കാര്യവുമാണ്. വസ്തുതകള്‍ ഇതായിരിക്കെ അതിനുനേരെ മുഖം തിരിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അന്ധമായ മമത ബാനര്‍ജി വിരോധം തന്നെയാണു മുഖ്യകാരണം എന്നതു പകല്‍ പോലെ വ്യക്തമാണ്.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട സംസ്ഥാനമാണു ബംഗാള്‍. അവിടെ ബഹുജനങ്ങളെ അണിനിരത്തി ഒരു വലിയ പ്രക്ഷോഭം നടത്താന്‍പോലും കഴിയാത്ത സ്ഥിതിയിലേക്ക് ആ പാര്‍ട്ടി ചെന്നെത്തപ്പെട്ടിരിക്കുന്നു. ഈ സ്ഥിതിക്കു മാറ്റം വരുത്താന്‍ ആ പാര്‍ട്ടിക്കു കഴിയണം. അതിനുള്ള തന്ത്രങ്ങളും അടവുകളുമാണു പാര്‍ട്ടി കൈക്കൊള്ളേണ്ടത്.

മോദി സര്‍ക്കാര്‍ നയത്തിനെതിരായി പ്രക്ഷോഭണ രംഗത്ത് തങ്ങളോടൊപ്പം സഹകരിക്കാന്‍ തയാറാകണമെന്നുള്ള മമത ബാനര്‍ജിയുടെ അഭ്യര്‍ഥന മാനിക്കാന്‍ യഥാര്‍ഥത്തില്‍ സിപിഎം തയാറാവുകയാണ് വേണ്ടിയിരുന്നത്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും ശത്രുതയുമെല്ലാം വിസ്മരിച്ച് സിപിഎം തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയാറായാല്‍ പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ അതു വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.

തൃണമൂല്‍ കോണ്‍ഗ്രസിനെക്കാള്‍ നേട്ടം ഇതുകൊണ്ട് സിപിഎമ്മിനു തന്നെയായിരിക്കും ഉണ്ടാകുകയും ചെയ്യുക.

നോട്ടുപ്രതിസന്ധി പ്രശ്‌നത്തില്‍ യഥാര്‍ഥത്തില്‍ സിപിഎമ്മും ഇടതുപക്ഷവും ഇരുട്ടില്‍ തപ്പുകയാണ്. ഈ പ്രശ്‌നത്തിലെങ്കിലും മമത വിരോധം ഉപേക്ഷിക്കാന്‍ ഇടതുപക്ഷം തയാറാവുകയാണു വേണ്ടത്.

<ആ>ജി. സുഗുണന്‍, സിഎംപി പോളിറ്റ് ബ്യൂറോ മെംബര്‍, തിരുവനന്തപുരം