Letters
ബസ് മിനിമം ചാർജ് കൂട്ടി യാത്രക്കാരെ കൊള്ളയടിക്കരുത്
Friday, January 13, 2017 4:40 PM IST
എല്ലാം ശരിയാക്കാൻ പ്രതിജ്‌ഞയെടുത്ത് അധികാരത്തിലേറിയ ഇടതു സർക്കാരും സ്വകാര്യ ബസുടമകളും ബസ് യാത്രാ നിരക്കു വർധിപ്പിക്കാൻ അണിയറനീക്കങ്ങൾ തുടങ്ങി. ഇവരാരും തമിഴ്നാട്ടിലെയോ കർണാടകയിലേയോ ലാഭത്തിലോടുന്ന ബസ് യാത്രാ വ്യവസായം മാതൃകയാക്കാത്തതാണ് അദ്ഭുതം. സമീപ സംസ്‌ഥാനങ്ങളിലെ ഓഡിനറി ബസ് യാത്ര മിനിമം ചാർജ് ഇപ്പോഴും മൂന്നര മുതൽ അഞ്ചു വരെ രൂപയാണ്. എന്നാൽ, ഇവി ടത്തെ ഇപ്പോഴത്തെ ഏഴു രൂപ മിനിമം ചാർജിനു നാലു കിലോ മീറ്റർ ദൂരം അഥവാ രണ്ടു ഫെയർ സ്റ്റേജ് ദൂരം വരെ സഞ്ചരിക്കാം. കിലോമീറ്ററിന് സർക്കാർ അനുവദിക്കുന്ന ബസ് യാത്രക്കൂലി 70 പൈസയാവുമ്പോൾ ഇന്നത്തെ രണ്ടു ഫെയർ സ്റ്റേജ് ദൂരത്തിന് അർഹതപ്പെട്ട മിനിമം യാത്രക്കൂലി മൂന്നു രൂപയ്ക്കു പകരം ഏഴു രൂപ വാങ്ങി സർക്കാരും ബസുടമകളും യാത്രക്കാരൻറെ പോക്കറ്റടിക്കുന്നു. സർക്കാരനുവദിക്കുന്ന കിലോമീറ്റർ യാത്രാ നിരക്കിന് അനുപാതമായേ മിനിമം ബസ് യാത്രക്കൂലി നിശ്ചയിക്കാവൂ.

എല്ലാം ശരിയാക്കാൻ വന്ന സർക്കാർ പാവം യാത്രക്കാരെ ചൂഷണം ചെയ്യാൻ സംഘടിതരായ സ്വകാര്യ ബസുടമകളുമായി കൂട്ടുകുടരുതെന്ന് അഭ്യർഥിക്കുന്നു.

ഇ.കെ. വർഗീസ്, ഒരുമനയൂർ