പ്രഫ. ആന്റണി ഐസക്ക് അന്തരിച്ചു
പ്രഫ. ആന്റണി ഐസക്ക്  അന്തരിച്ചു
Thursday, May 26, 2016 1:02 PM IST
കൊച്ചി: പ്രമുഖ കോൺഗ്രസ് നേതാവ് പ്രഫ. ആന്റണി ഐസക്ക്(73) അന്തരിച്ചു. അസുഖത്തെത്തുടർന്ന് ദീർഘനാളായി പൊതുപ്രവർത്തനരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഹൃദയാഘാതാമായിരുന്നു മരണകാരണം. സംസ്കാരം നാളെ രാവിലെ 11ന് മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് ദേവാലയത്തിൽ. മൃതദേഹം ഇന്നു രാവിലെ പത്തു മുതൽ 11 വരെ കളമശേരി സെന്റ് പോൾസ് കോളജിലും ഉച്ചയ്ക്ക് 12ന് അദ്ദേഹത്തിന്റെ ആലിൻചുവടിലെ വീട്ടിലും പൊതുദർശനത്തിനു വയ്ക്കും. നാളെ രാവിലെ ഒമ്പതിന് മാരാരിക്കുളത്തേക്ക് കൊണ്ടുപോകും. ഈരേശേരിൽ ഇ.പി. ഐസക്ക്–കാതറൈൻ ദമ്പതികളുടെ മകനായാണ് ജനനം. എറണാകുളം മഹാരാജാസ് കോളജിൽ കേരള സോഷ്യലിസ്റ്റ് പാർട്ടി സ്‌ഥാപകൻ മത്തായി മാഞ്ഞൂരാന്റെ ശിഷ്യനായി. മഹാരാജാസിൽ എ.കെ. ആന്റണി, വയലാർ രവി, വൈക്കം വിശ്വൻ, കെ. വാസുദേവപണിക്കർ തുടങ്ങിയവർ സമകാലികരായിരുന്നു.


കളമശേരി സെന്റ് പോൾസ് കോളജിൽ അധ്യാപകനായി സേവനം ആരംഭിച്ച ഇദ്ദേഹം പ്രിൻസിപ്പലായി വിരമിച്ചു. 1995ൽ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥിയായി മത്സരിച്ചു തോറ്റു. 2002 മുതൽ മൂന്നര വർഷം ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അഥോറിറ്റി(ജിസിഡിഎ) ചെയർമാനായി സേവനമനുഷ്ഠിച്ചു. ട്രേഡ് യൂണിയൻ രംഗത്ത് ശക്‌തമായ സാന്നിധ്യമായിരുന്നു. കെഎൽസിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ്, സംസ്‌ഥാന പ്രസിഡന്റ്, കെആർഎൽസി ട്രഷറർ, കേരള കത്തോലിക് ഫെഡറേഷന്റെ പ്രസിഡന്റ് എന്നീ സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ശോഭയാണ് ഭാര്യ. മക്കൾ: നിമ, നവീൻ(ബിസിനസ് എക്സിക്യൂട്ടീവ് സിംഗപ്പൂർ) മരുമക്കൾ: സെൻ,(ബിസിനസ്) അനിരൂപ (സിംഗപ്പൂർ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.