ലാവ്ലിൻ: ഹർജി അടുത്തമാസം പരിഗണിക്കാനായി മാറ്റി
ലാവ്ലിൻ: ഹർജി അടുത്തമാസം പരിഗണിക്കാനായി മാറ്റി
Thursday, May 26, 2016 1:02 PM IST
കൊച്ചി: എസ്എൻസി ലാവ്ലിൻ കേസിൽ സിബിഐ സമർപ്പിച്ച റിവിഷൻ ഹർജി ഉൾപ്പെടെയുള്ള ഹർജികൾ അടുത്തമാസം ഒൻപതിനു പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. ഹർജി വേഗം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ക്രൈം ചീഫ് എഡിറ്റർ ടി.പി നന്ദകുമാർ നൽകിയ ഉപഹർജിയിലാണ് ജസ്റ്റീസ് ബി. കെമാൽപാഷയുടെ ഉത്തരവ്. ഹർജി നിലനിൽക്കുമോയെന്നതും കക്ഷി ചേരുന്നതിനു മറ്റുള്ളവർക്ക് അനുമതി നൽകേണ്ടതുണ്ടോയെന്നതും അടുത്ത മാസം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കുകയായിരുന്നു.

ലാവ്ലിൻ കേസിൽ കക്ഷി ചേരുന്നതിനു ഹർജിക്കാരനെന്ത് അവകാശമാണുള്ളതെന്ന് അറിയിക്കണമെന്ന് ഇന്നലെ ഹർജി പരിഗണിക്കവെ കോടതി ആവശ്യപ്പെട്ടു. ഹർജി വേഗത്തിൽ പരിഗണിക്കണമെന്നാവശ്യപ്പെടുന്നതിന്റെ കാരണം വ്യക്‌തമാക്കണമെന്നും കോടതി പറഞ്ഞു. ഹർജിക്കാരന്റെ പരാതിയെത്തുടർന്നാണ് ലാവ്ലിൻ കേസിന്റെ അന്വേഷണം സിബിഐക്കു വിട്ടതെന്നും കേസിലെ പ്രതിയായ പിണറായി വിജയൻ മുഖ്യമന്ത്രിയായ സാഹചര്യത്തിൽ കേസിൽ ഇടപെടലുകൾ ഉണ്ടാവാതിരിക്കാൻ ഹർജി വേഗത്തിൽ വാദം കേൾക്കേണ്ടതുണ്ടെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ പറഞ്ഞു. 2013ൽ നൽകിയ റിവിഷൻ ഹർജിയാണെന്നും മുമ്പ് ഹർജി പരിഗണിക്കവെ രണ്ടു മാസത്തിനുള്ളിൽ പരിഗണിക്കാമെന്നു ഹൈക്കോടതി ഉറപ്പു നൽകിയിരുന്നുവെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.


2009–10 കാലഘട്ടത്തിൽ ഫയൽ ചെയ്ത ഹർജികളാണ് ഇപ്പോൾ പരിഗണിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. ഹർജി ഫയൽ ചെയ്തിട്ടു രണ്ടു വർഷമായി എന്നത് ഈ സാഹചര്യത്തിൽ കോടതിക്ക് കണക്കിലെടുക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.

കേസിലെ പ്രോസിക്യൂഷൻ ഏജൻസി സിബിഐയാണെന്നും മറ്റു ഹർജിക്കാരെ അനുവദിക്കാനാവില്ലെന്നും സിബിഐയുടെ അഭിഭാഷകൻ ചന്ദ്രശേഖരപിള്ള പറഞ്ഞു. എന്നാൽ, ഹർജി അനാവശ്യവും രാഷ്ട്രീയ പ്രേരിതവുമാണെന്നും ഹർജിയിലെ ആവശ്യം അനുവദിച്ചാൽ ഇത്തരം അനാവശ്യഹർജികൾ വർധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകൻ എം.കെ ദാമോദരൻ പറഞ്ഞു. ഈ സാഹചര്യത്തിൽ ഹർജിയിൽ വേഗത്തിൽ വാദം കേൾക്കേണ്ടതുണ്ടോയെന്നും നിലനിൽക്കുമോയെന്നതും അടുത്ത മാസം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കുകയായിരുന്നു. ലാവ്ലിൻ കേസിൽ പിണറായി വിജയനുൾപ്പെടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവിനെതിരേ നൽകിയ റിവിഷൻ ഹർജികൾ വേഗം പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ടി.പി. നന്ദകുമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.