കേരളത്തെ കടക്കെണിയിലേക്കു തള്ളിവിട്ടതിനു കേസെടുക്കണം: കുമ്മനം
കേരളത്തെ കടക്കെണിയിലേക്കു തള്ളിവിട്ടതിനു കേസെടുക്കണം: കുമ്മനം
Thursday, June 30, 2016 1:53 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തിനു 1.5 ലക്ഷം കോടിയുടെ പൊതുകടം ഉണ്ടായതിന്റെ ഉത്തരവാദിത്തം കേരളത്തെ മാറിമാറി ഭരിച്ച രണ്ടു മുന്നണികൾക്കുമാണെന്നും കരകയറാൻ പറ്റാത്ത അവസ്‌ഥയിലേക്കു കേരളത്തെ തള്ളിവിട്ട ഭരണാധികാരികൾക്കെതിരേ ക്രിമിനൽ കേസെടുക്കാൻ ശിപാർശചെയ്യണമെന്നും ബിജെപി സംസ്‌ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയ ഭരണാധികാരികൾ നാടുഭരിച്ചതിന്റെ ബാക്കി പത്രമാണു ജനിച്ചു വീഴാൻ പോകുന്ന കുഞ്ഞുങ്ങൾ പോലും കടക്കാരായി മാറിയതെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ദിവസം കൊണ്ടു മോശമായ സാമ്പത്തികാവസ്‌ഥയല്ല കേരളത്തിന്റേത്. ധവളപത്രം പുറത്തിറക്കി മേനി നടിക്കുന്ന മന്ത്രി ഡോ. തോമസ് ഐസക്കും ഇടതുമുന്നണിയും സംസ്‌ഥാനത്തിന്റെ ഇപ്പോഴത്തെ ബാധ്യതയ്ക്കു കാരണക്കാരാണ്. ഇതിനു മുമ്പുള്ള രണ്ട് യുഡിഎഫ് സർക്കാരുകൾ ധവളപത്രം പുറത്തിറിക്കിയിട്ടുണ്ട്. അതിനുശേഷവും സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതി മെച്ചമായില്ലെന്നാണു കണക്കുകൾ തെളിയിക്കുന്നത്.


കടക്കെണിയിൽ നിന്നു സംസ്‌ഥാനത്തെ രക്ഷിക്കാനുള്ള പദ്ധതികളാണു വേണ്ടത്. ഇക്കാര്യത്തിൽ ധവളപത്രം നിശബ്ദത പാലിക്കുകയാണ്. ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിച്ചു സംസ്‌ഥാനത്തെ കടക്കെണിയിൽ നിന്നു രക്ഷിക്കാനാണു ധനമന്ത്രി ശ്രമിക്കേണ്ടതെന്നും കുമ്മനം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.