കാലഹരണപ്പെട്ട കലകൾ പുനർജീവിപ്പിക്കും: മന്ത്രി എ.കെ. ബാലൻ
കാലഹരണപ്പെട്ട കലകൾ പുനർജീവിപ്പിക്കും: മന്ത്രി എ.കെ. ബാലൻ
Friday, July 22, 2016 1:37 PM IST
തിരുവനന്തപുരം: കാലഹരണപ്പെട്ട കേരളത്തിലെ തനതു കലകൾ സാംസ്കാരിക വകുപ്പ് മുൻകൈയെടുത്ത് പുനർജീവിപ്പിക്കുമെന്നു മന്ത്രി എ.കെ. ബാലൻ പറഞ്ഞു. 2014, 2015 വർഷങ്ങളിലെ സംസ്‌ഥാന ടെലിവിഷൻ അവാർഡ് വിതരണം വഴുതക്കാട് ടാഗോർ തിയറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര അക്കാഡമി, ഫിലിം സൊസൈറ്റികൾ തുടങ്ങി കലയുടെ കേന്ദ്രങ്ങളെല്ലാം സജീവമാക്കും. ബജറ്റിൽ പ്രഖ്യാപിച്ച ജില്ലകളിലെ സാംസ്കാരിക കേന്ദ്രങ്ങൾ കലകളുടെ സംഗമഭൂമിയാക്കും. കേരളത്തിന്റെ സാംസ്കാരിക മേഖലയെ സമ്പുഷ്‌ടമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. വി.എസ്. ശിവകുമാർ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സംസ്‌ഥാന ടെലിവിഷൻ അവാർഡുകൾ കാലതാമസം ഒഴിവാക്കി എല്ലാ വർഷവും കൃത്യമായി വിതരണം ചെയ്യുമെന്ന് ആമുഖ പ്രഭാഷണം നടത്തിയ സംസ്‌ഥാന ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ പറഞ്ഞു. 143 പുരസ്കാരങ്ങളാണ് ടെലിവിഷൻ രംഗത്തു നിന്ന് മൂന്നു വിഭാഗങ്ങളിലായി വിതരണം ചെയ്തത്. രണ്ടു വർഷത്തെ അവാർഡ് ജേതാക്കളുടെ വിവരങ്ങൾ അടങ്ങിയ പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. അവാർഡ് നിശയുടെ ഭാഗമായി സൂരജ് സന്തോഷ് നയിച്ച മ്യൂസിക്കൽ കൺസേർട്ടും നസീർ സംക്രാന്തിയും സംഘവും അവതരിപ്പിച്ച കോമഡി സ്കിറ്റും അരങ്ങേറി.


ഗവൺമെന്റ് വകുപ്പ് സെക്രട്ടറി റാണി ജോർജ്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ചലച്ചിത്രകാരൻ ശങ്കർ രാമകൃഷ്ണൻ, പുതുമുഖ നായിക രജീഷാ വിജയൻ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.ആർ. രാജമോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.