മലയാളി യുവതി ഐഎസിലെന്നു പോലീസ്
മലയാളി യുവതി ഐഎസിലെന്നു പോലീസ്
Monday, July 25, 2016 2:04 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: മലയാളിയുവതിയെ മതപരിവർത്തനം നടത്തി ഇസ്ലാമിക് സ്റ്റേറ്റിലേക്കു (ഐഎസ്) റിക്രൂട്ട് ചെയ്തെന്നു പോലീസ് കോടതിയിൽ വ്യക്‌തമാക്കി. മലയാളികളെ ഐഎസിലേക്കു റിക്രൂട്ട് ചെയ്തെന്ന കേസിൽ അറസ്റ്റിലായ പ്രതികളെ ഹാജരാക്കിയ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണു പോലീസ് ഇക്കാര്യം അറിയിച്ചത്.

മുംബൈയിൽനിന്ന് അറസ്റ്റിലായ ഒന്നാം പ്രതി ആർഷി ഖുറേഷി, മൂന്നാം പ്രതി റിസ്വാൻ ഖാൻ എന്നിവരെ കൂടുതൽ ചോദ്യം ചെയ്യലിനായി ജഡ്ജി എൻ. അനിൽകുമാർ 14 ദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടു.

രണ്ടാം പ്രതിയായ പാലക്കാട് യാക്കര സ്വദേശി ബെസ്റ്റിൻ വിൻസന്റ് എന്ന യഹിയയ്ക്കൊപ്പം ആർഷി ഖുറേഷിയും റിസ്വാൻ ഖാനും ചേർന്നു ഗൂഢാലോചന നടത്തി കൊച്ചി സ്വദേശിനി മെറിൻ ജേക്കബിനെ മതപരിവർത്തനം ചെയ്യിച്ച് തീവ്രവാദസംഘടനയായ ഐഎസിലേക്കു റിക്രൂട്ട് ചെയ്തെന്നാണു പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

യഹിയ പ്രണയം നടിച്ചാണു മെറിനെ മതം മാറ്റാൻ ശ്രമിച്ചതെന്നും പോലീസ് വ്യക്‌തമാക്കി. 2014 സെപ്റ്റംബറിൽ ഇസ്ലാം മതം സ്വീകരിച്ച മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണു പോലീസ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. മെറിൻ ജേക്കബിന്റെ (മറിയം) സഹോദരൻ എബിൻ ജേക്കബിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണു കേസെടുത്തത്.

പ്രതികൾ തന്നെയും മതംമാറ്റി ഐഎസിലേക്കു റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചതായി എബിൻ മൊഴി നൽകിയെന്നു പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഖുറേഷിയും യഹിയയും ചേർന്ന് അമുസ്ലിമുകളെ ഇല്ലായ്മ ചെയ്യാനും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇസ്ലാമികവത്കരണം നടത്താനുമുള്ള പ്രവർത്തനങ്ങൾക്ക് എബിനെ നിർബന്ധിച്ചു. പാലാരിവട്ടം പോലീസിൽ ഇതുസംബന്ധിച്ച കേസ് നിലവിലുണ്ടെന്നും അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.വി. വിജയൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയു ന്നു.


പ്രതികൾക്കെതിരേ ഗൂഢാലോചന, മതസ്പർധ ഉണ്ടാക്കൽ, മനുഷ്യക്കടത്ത്, യുഎപി എ നിയമത്തിലെ 13, 39 വകുപ്പുകൾ പ്രകാരമുള്ള കുറ്റ ങ്ങൾചുമത്തിയാണു കേസെടുത്തിട്ടുള്ളത്.

കേരളത്തിൽനിന്നു കാണാതായ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ നിലവിൽ പിടിയിലായവരെ ചോദ്യംചെയ്യേണ്ടതുണ്ടെന്നു കസ്റ്റഡി അപേക്ഷയിൽ പോലീസ് ചൂണ്ടിക്കാട്ടി. ഐഎസിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ടോ എന്നറിയാനും കൂടുതൽ പരിശോധന അനിവാര്യമാണ്.

ഒന്നാം പ്രതി ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിലെ ഗസ്റ്റ് റിലേഷൻസ് ഓഫീസറാണ്. ഈ സാഹചര്യത്തിൽ ഫൗണ്ടേഷനു കേസുമായി ബന്ധമുണ്ടോയെ ന്നും അന്വേഷിക്കേണ്ടതുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പ്രതികളുടെ മുഖം മറയ്ക്കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. പ്രതികളുടെ ജാമ്യാപേക്ഷ ഓഗസ്റ്റ് എട്ടിനു പരിഗണിക്കും. ഒന്നാം പ്രതി ആർഷി ഖുറേഷിയുടെ പാസ്പോർട്ടുകൾ, ബാങ്ക് അക്കൗണ്ട് രേഖകൾ, മൊബൈൽ ഫോണുകൾ എന്നിവ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.