പോലീസ് അതിക്രമം: ഡിജിപിയോടു രോഷാകുലനായി വി.എസ്
പോലീസ് അതിക്രമം: ഡിജിപിയോടു  രോഷാകുലനായി വി.എസ്
Saturday, July 30, 2016 12:28 PM IST
തിരുവനന്തപുരം: കോഴിക്കോട്ട് മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും അകാരണമായി കസ്റ്റഡിയിലെടുക്കുകയും ചെയ്ത സംഭവത്തിൽ രോഷാകുലനായി വി.എസ്. അച്യുതാനന്ദൻ ഡിജിപിയോടു ഫോണിൽ സംസാരിച്ചു. പോലീസ് എന്താണു കാട്ടിക്കൂട്ടുന്നതെന്നു ചോദിച്ച വി.എസ്, പോലീസിനെ നിയന്ത്രിക്കാൻ ആരുമില്ലേ എന്നു ഡിജിപി ലോക്നാഥ് ബെഹ്റയോടു ചോദിച്ചു.

മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും തടയുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി എടുക്കണമെന്നും വി.എസ് ഡിജിപിയോടു പറഞ്ഞു. ആവശ്യമായ നടപടി സ്വീകരിച്ചു കഴിഞ്ഞതായി ഡിജിപി അറിയിക്കുകയുംചെയ്തു.

കോഴിക്കോട് സംഭവത്തിൽ കുറ്റക്കാരനായ എസ്ഐയെ സസ്പെൻഡ് ചെയ്ത ശേഷം മാധ്യമങ്ങളെ കണ്ട വി.എസ് സംസ്‌ഥാനത്തു മാധ്യമ അടിയന്തരാവസ്‌ഥ ഉണ്ടെന്നു കരുതുന്നില്ലെന്നു പ്രതികരിച്ചു. പ്രശ്നം സംബന്ധിച്ചു താൻ ഡിജിപിയെ വിളിച്ചിരുന്നെന്നും സീരിയസായിട്ടുള്ള നടപടികളാണു പോലീസ് എടുത്തുകൊണ്ടിരിക്കുന്നതെന്നും വി.എസ് പറഞ്ഞു. സംഭവം സംബന്ധിച്ചു പോലീസ് നടപടി എടുത്തു മുന്നോട്ടു പോവുകയാണെന്നും പ്രശ്നം വലിച്ചുനീട്ടിക്കൊണ്ടു പോകരുതെന്നും വി.എസ് കൂട്ടിച്ചേർത്തു.

<ആ>പോലീസ് നടപടി തെറ്റ്: സുധീരൻ


തിരുവനന്തപുരം: കോഴിക്കോട്ട് മാധ്യമ പ്രവർത്തകരെ കോടതിയിൽനിന്നു കസ്റ്റഡിയിലെടുത്ത പോലീസ് നടപടി ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. സംഭവത്തിൽ കേരളം ലജ്‌ജിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ യാതൊരു ന്യായീകരണവുമില്ല. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നും സുധീരൻ തിരുവനന്തപുരത്തു മാധ്യമങ്ങളോടു പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. മാധ്യമ പ്രവർത്തകർക്കുള്ള കോടതി വിലക്ക് മാറ്റാനുള്ള നടപടിയെടുക്കണം. വിലക്കു നീക്കാൻ ഹൈക്കോടതി മുൻകൈയെടുക്കണം. എത്രയും വേഗം തെറ്റു തിരുത്തിയില്ലെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകും. കോടതി പറഞ്ഞിട്ടാണ് ഇത്തരത്തിലൊരു നീക്കമെന്നാണു പറയുന്നത്. എന്നാൽ, അത്തരമൊരു നിർദേശം ഉണ്ടായിരുന്നോ എന്നു വ്യക്‌തമല്ലെന്നും കോടതികളുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഉണ്ടാകുമെന്നു കരുതുന്നില്ലെന്നും സുധീരൻ പറഞ്ഞു.


<ആ>ആക്രമണം ദുരൂഹം: ചെന്നിത്തല


തിരുവനന്തപുരം: മാധ്യമപ്രവർത്തകരെ ആക്രമിച്ച പോലീസ് നടപടി ദുരൂഹമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമപ്രവർത്തകർക്കെതിരായ കടന്നാക്രമണങ്ങൾ നടക്കുമ്പോൾ മുഖ്യമന്ത്രി കാഴ്ചക്കാരനാകാൻ പാടില്ല. സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിസംഗത ന്യായീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമ പ്രവർത്തകർക്കെതിരായ കടന്നാക്രമണങ്ങളിൽ നടപടിയുണ്ടാകണം. കാരണക്കാരായ ഉദ്യോഗസ്‌ഥരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണം. ഇത് ആവർത്തിക്കാതിരിക്കാൻ സർക്കാർ മുൻകൈയെടുക്കണം. മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങൾ സർക്കാരും അഡക്കേറ്റ് ജനറലും ചീഫ് ജസ്റ്റീസുമായി സംസാരിച്ചു പരിഹരിക്കണമെന്നും മാധ്യമസ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


<ആ>മുഖ്യമന്ത്രിയുടെ മൗനാനുവാദം: കുമ്മനം


തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കു നേരേ നടക്കുന്ന അതിക്രമങ്ങൾ മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണെന്നു ബിജെപി സംസ്‌ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവം അതാണു തെളിയിക്കുന്നത്.

അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലാണു തർക്കമെന്നായിരുന്നു ഇത്രനാളും മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാൽ, കോടതിയുടെയോ അഭിഭാഷകരുടെയോ ഭാഗത്തുനിന്ന് ആവശ്യമുണ്ടാകാതെ തന്നെ മാധ്യമപ്രവർത്തകരെ കോടതി പരിസരത്തുനിന്നു ബലമായി കസ്റ്റഡിയിലെടുത്തത് ആഭ്യന്തര വകുപ്പിന്റെ അറിവില്ലാതെയാണെന്നു വിശ്വസിക്കാൻ പ്രയാസമാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. അഭിഭാഷക–മാധ്യമ തർക്കത്തിനു പിന്നിൽ മറ്റാരുടെയോ അജൻഡ ഉണ്ടെന്നു നേരത്തേതന്നെ സംശയം ഉയർന്നിരുന്നു. കോഴിക്കോട് സംഭവത്തിനു ശേഷം ഇതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നു തെളിഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളെ കോടതിയിൽനിന്ന് ആട്ടിയോടിക്കണം എന്നതു പിണറായി വിജയൻ സർക്കാരിന്റെ രഹസ്യ അജൻഡയാണ്. കലക്കവെള്ളത്തിൽ മീൻ പിടിക്കാമെന്ന വ്യാമോഹമാണ് ഇതിനു പിന്നിൽ. ഇതിനെ എന്തുവില കൊടുത്തും ബിജെപി ചെറുക്കുമെന്നും കുമ്മനം കോട്ടയത്തു പറഞ്ഞു.


<ആ>പിന്നിൽ പ്രത്യേക ശക്‌തികൾ: ഇ.പി. ജയരാജൻ


കണ്ണൂർ: മാധ്യമപ്രവർത്തകർ കോടതിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങൾക്കു പിന്നിൽ പ്രത്യേക ശക്‌തികൾ പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജൻ.

കണ്ണൂർ ദീപിക ഓഫീസ് സന്ദർശിച്ചശേഷം കോഴിക്കോട് കോടതിയിൽ മാധ്യമപ്രവർത്തകരെ പോലീസ് തടഞ്ഞ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകരും അഭിഭാഷകരുമായുള്ള തർക്കത്തിനു പ്രത്യേക കാരണമൊന്നും കാണുന്നില്ല. പല സ്‌ഥലങ്ങളിലും പുതുതായി സംഘർഷം ഉണ്ടാകുന്നു. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആരോ ചിലർ ശ്രമിക്കുന്നുണ്ട്. എറണാകുളത്തു നടന്ന പ്രശ്നത്തിനു മാത്രമാണു പ്രത്യേകിച്ചു കാരണമുണ്ടായിരുന്നത്.


പിന്നീടു തിരുവനന്തപുരത്തും ഇപ്പോൾ കോഴിക്കോട്ടും നടന്ന പ്രശ്നങ്ങൾക്കു പ്രത്യേക കാരണമൊന്നും കാണുന്നില്ല. അസ്വസ്‌ഥതകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ഇതിനു പിന്നിൽ. ഈ ശക്‌തികളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെട്ടിരുന്നു. ഇരുകൂട്ടരും സഹകരിച്ചു പോകണമെന്ന നിർദേശമാണു മുഖ്യമന്ത്രി നൽകിയത്. ഇതുമായി അഭിഭാഷകരും മാധ്യമപ്രവർത്തകരും സഹകരിക്കണമെന്നും ജയരാജൻ പറഞ്ഞു.


<ആ>തടയാൻ അവകാശമില്ല: മന്ത്രി സുനിൽ കുമാർ


കൊച്ചി: നിയമപരമായ മാധ്യമപ്രവർത്തനത്തെ തടയാൻ ഒരു കോടതിക്കും അവകാശമില്ലെന്നും കേരളത്തിൽ മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിടേണ്ട സാഹചര്യം ഇല്ലെന്നും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ അനുവദിക്കില്ല. മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനങ്ങൾക്കു കൂച്ചുവിലങ്ങിടുകയെന്നത് സർക്കാരിന്റെ നയമല്ലെന്നും മന്ത്രി പറഞ്ഞു.


<ആ>കെയുഡബ്ല്യുജെ കക്ഷിചേർന്നു

കൊച്ചി: കേരള ഹൈക്കോടതിയിലും തിരുവനന്തപുരം ജില്ലാ കോടതിയിലും മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിൽ ഉണ്ടായ സംഘർഷത്തെത്തുടർന്ന് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സ്വമേധയാ എടുത്ത ഹർജിയിൽ കേരള പത്രപ്രവർത്തക യൂണിയൻ കക്ഷിചേർന്നു. അഡ്വക്കേറ്റ് ജനറൽ അധ്യക്ഷനായി രൂപീകരിക്കുന്ന സമിതി ഉടൻ ചേർന്ന് രമ്യമായ പരിഹാരം കാണണമെന്നും സംഘർഷത്തെത്തുടർന്നു നൽകപ്പെട്ട പരാതികൾ കോടതിയിലെത്തുന്ന സാഹചര്യം ഒഴിവാക്കി രമ്യമായി തീർക്കണമെന്നും ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ ഉത്തരവായി.<യൃ><യൃ><ആ>ഒന്നും അറിയില്ലെന്നു മന്ത്രി തോമസ് ഐസക്


കൊച്ചി: കോഴിക്കോട്ടു കോടതിവളപ്പിൽ മാധ്യമപ്രവർത്തകർക്കെതിരേ ഉണ്ടായ അതിക്രമങ്ങളെക്കുറിച്ചു തനിക്കൊന്നും അറിയില്ലെന്നു ധനമന്ത്രി തോമസ് ഐസക്. ഇന്നലെ ഉച്ചയ്ക്കു 12ന് നാളികേര കർഷക ഉത്പാദക കമ്പനികളുടെ കൺസോർഷ്യത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച കേരകർഷക സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതു സംബന്ധിച്ച ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ താൻ ഒന്നും പരിശോധിച്ചിട്ടില്ലെന്നും കൃത്യമായി ഒന്നും അറിയില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.


<ആ>മാധ്യമങ്ങളെ തടയാൻ ആർക്കും അവകാശമില്ല: മന്ത്രി


കോട്ടയം: മാധ്യമങ്ങളുടെ തൊഴിൽ തടയാൻ ആർക്കും അവകാശമില്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. പത്രക്കാർ മാന്യമായി തൊഴിൽ ചെയ്യുന്നവരാണ്. മാധ്യമപ്രവർത്തകരുടെ തൊഴിൽ തടയുന്ന സംഭവങ്ങൾ കേരളത്തിൽ ഉണ്ടാവരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മന്ത്രി കോട്ടയത്തു പറഞ്ഞു.


<ആ>സർക്കാരിന് ഇരട്ടത്താപ്പെന്നു കുമ്മനം രാജശേഖരൻ


കോട്ടയം: കോഴിക്കോട് മാധ്യമപ്രവർത്തകർക്കെതിരെയായ പോലീസ് നടപടിയിൽ സർക്കാരിനു ഇരട്ടത്താപ്പെന്നു ബിജെപി സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ.

കോട്ടയത്ത് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദേഹം. തൊഴിൽ ചെയ്യാനുളള അവകാശം തടയുന്നതു ശരിയല്ല. കോഴിക്കോടുണ്ടായ സംഭവം ജനാധപത്യധ്വംസനമാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു തടയിടുന്ന നടപടി ഒരുഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല. പോലീസ് നടപടി അടിയന്തിര അവസ്‌ഥയിലേക്കുള്ള തിരിച്ചുപോക്കാണോയെന്നു സംശയിക്കണം. രമ്യമായ പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കണം. തർക്കങ്ങൾക്കു പരിഹാരം കാണാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസും ഗവർണറും വിഷയത്തിൽ ഇടപെടണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.


<ആ>കോടതികളിലെ മാധ്യമവിലക്ക് പിൻവലിക്കണം: ഫ്രാൻസിസ് ജോർജ്


കോട്ടയം:കോഴിക്കോട് മാധ്യമപ്രവർത്തകരെ അറസ്റ്റുചെയ്ത നടപടി ന്യായീകരിക്കത്തക്കതല്ലെന്നും ഹൈക്കോടതി ഉൾപ്പെടെ കേരളത്തിലെ വിവിധ കോടതികളിൽ മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ വിലക്ക് അടിയന്തരമായി പിൻവലിക്കണമെന്നും ജനാധിപത്യ കേരളകോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രമ്യമായി പരിഹരിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും മാധ്യമസ്വാ തന്ത്ര്യം ഉറപ്പുവരുത്തണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.


<ആ>പോലീസ് നടപടി അപലപനീയം: കെഎൻഇഎഫ്


കോട്ടയം: കോഴിക്കോട് ജില്ലാ കോടതിയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുകയും സ്റ്റേഷനിൽ തടവിലാക്കുകയും ചെയ്ത പോലീസ് നടപടിയിൽ കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്‌ഥാന പ്രസിഡന്റ് ജയിസൺ മാത്യുവും ജനറൽ സെക്രട്ടറി ഗോപൻ നമ്പാട്ടും പ്രതിഷേധിച്ചു.. ജോലി തടസപ്പെടുത്തുന്നതു ഭരണഘടനാ ലംഘനമാണെന്നിരിക്കെ പോലീസ് തന്നെ അതിനു മുതിരുന്നത് അപലപനീയമാണ്. മാധ്യമപ്രവർത്തകർക്ക് നിർഭയം ജോലി ചെയ്യാനുള്ള സാഹചര്യം ജുഡീഷ്യറി തന്നെ ചെയ്തു കൊടുക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.