കുന്നരുവിൽ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടുമുറ്റത്തു നിർത്തിയിട്ട ഓട്ടോ കത്തിച്ചു
Tuesday, August 23, 2016 4:31 PM IST
പയ്യന്നൂർ: കുന്നരുവിലെ ആർഎസ്എസ് പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഭാര്യാപിതാവിന്റെ ഓട്ടോറിക്ഷയ്ക്കു തീവച്ചു. കുന്നരു ഓണപ്പറമ്പ് പത്തുസെന്റിലെ ലോഡിംഗ് തൊഴിലാളി കൊയ്യോടൻ ചന്ദ്രന്റെ (52) ഓട്ടോറിക്ഷയ്ക്കാണു തീവച്ചത്.

തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. വീടിനു സമീപത്ത് താമസിക്കുന്ന മകളുടെ ഭർത്താവും ആർഎസ്എസ് പ്രവർത്തകനുമായ ശിവാസിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കെഎൽ 13 എഫ് 5473 ബജാജ് ഓട്ടോറിക്ഷയാണു കത്തിച്ചത്. അയൽവാസികളാണു തീ കത്തുന്നതു കണ്ടു വിവരമറിയിച്ചത്. ഉടൻതന്നെ വെള്ളം കോരിയൊഴിച്ചു തീയണച്ചെങ്കിലും ഓട്ടോറിക്ഷയുടെ മുക്കാൽ ഭാഗത്തോളം കത്തിനശിച്ചിരുന്നു. ഓട്ടോ നിർത്തിയിടുന്നതിനായി പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയുണ്ടാക്കിയ ഷെഡും കത്തിനശിച്ചു. എട്ടിക്കുന്ന് മൊട്ടക്കുന്നിലെ ആർഎസ്എസ് പ്രവർത്തകനാണു ശിവാസ്.


കുന്നരുവിലെ സിപിഎം പ്രവർത്തകനായ ധനരാജിന്റെ വധത്തെത്തുടർന്ന് ശിവാസിനെ പോലീസ് ചോദ്യംചെയ്തു വിട്ടയച്ചിരുന്നു. ശിവാസ് പോലീസ് കസ്റ്റഡിയിലുള്ളപ്പോൾത്തന്നെ ഇയാളുടെ വീടിന്റെ വാതിൽ തകർത്ത് അകത്തുകയറിയ അക്രമികൾ വീടിനകത്ത് പെട്രോളൊഴിച്ചു തീയിട്ട സംഭവവുമുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.