ഉണ്ണിക്കണ്ണന്മാരുമായി ബാലഗോകുലം; വർണക്കൊടികളുമായി സിപിഎം
ഉണ്ണിക്കണ്ണന്മാരുമായി ബാലഗോകുലം; വർണക്കൊടികളുമായി സിപിഎം
Wednesday, August 24, 2016 12:55 PM IST
കണ്ണൂർ: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ നടന്ന ബാലഗോകുലത്തിന്റെ ശോഭായാത്രയും സിപിഎം നേതൃത്വത്തിൽ ‘നമ്മളൊന്ന്’ എന്ന പേരിൽ നടന്ന സാംസ്കാരിക ഘോഷയാത്രയും കണ്ണൂർ ജില്ലയിലെ വീഥികളിൽ വർണക്കാഴ്ചയൊരുക്കി. ഉണ്ണിക്കണ്ണന്മാരും ബാലികമാരുമായി ബാലഗോകുലത്തിന്റെ ശോഭായാത്ര നഗരവീഥികളെ അമ്പാടിയാക്കിയപ്പോൾ നവോത്ഥാന നായകരായ ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണ ഗുരുവിന്റെയും മൺമറഞ്ഞുപോയ കമ്യൂണിസ്റ്റ് നേതാക്കളുടെയും ചിത്രങ്ങളും വിവിധ വർണങ്ങളിലുള്ള കൊടികളുമേന്തി വാദ്യമേളങ്ങളുടെയും കളരി, തെയ്യം തുടങ്ങിയ അനുഷ്ഠാന കലകളുടെയും അകമ്പടിയോടെയായിരുന്നു സിപിഎം ഘോഷയാത്ര നടത്തിയത്. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി എന്നിവരുടെ വേഷമണിഞ്ഞും പ്രവർത്തകരെത്തി. വാദ്യമേളങ്ങളും പുരാണകഥാപാത്രങ്ങളുടെ നിശ്ചലദൃശ്യങ്ങളും ബാലഗോകുലം ശോഭയാത്രയ്ക്കു മിഴിവേകിയപ്പോൾ ആർഎസ്എസിനെ പരിഹസിക്കുന്ന ടാബ്ലോകളുമായിട്ടായിരുന്നു സിപിഎമ്മിന്റെ മറുപടി.

സംഘർഷാവസ്‌ഥ മുൻനിർത്തി കനത്ത സുരക്ഷയാണ് എല്ലാ കേന്ദ്രങ്ങളിലും പോലീസ് ഒരുക്കിയത്. സിപിഎം നേതൃത്വത്തിൽ ജില്ലയിലെ 206 കേന്ദ്രങ്ങളിലും ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ 300 കേന്ദ്രങ്ങളിലുമായിരുന്നു ഘോഷയാത്ര സംഘടിപ്പിച്ചിരുന്നത്. സംഘർഷമൊഴിവാക്കുന്നതിന് ഇരുവിഭാഗങ്ങൾക്കും എല്ലാ കേന്ദ്രങ്ങളിലും പ്രത്യേക റൂട്ടും സമയവും പോലീസ് അനുവദിച്ചുനൽകിയിരുന്നു.


ഇരിട്ടിക്കടുത്ത് കാക്കയങ്ങാട് ശോഭായാത്രയ്ക്കു നേരേ സിപിഎം നടത്തിയ അക്രമത്തിൽ മുഴക്കുന്ന് പഞ്ചായത്തിലെ ബിജെപി മെംബറടക്കം മൂന്നു പേർക്കു പരിക്കേറ്റു. മുഴക്കുന്ന് പഞ്ചായത്തിലെ നാലാം വാർഡ് മെംബർ കെ. ഉമേശൻ, കാക്കയങ്ങാട് സ്വദേശികളായ ലിപിൻ, അരുൺ തുടങ്ങിയവർക്കാണു പരിക്കേറ്റത്. ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുൻകാലങ്ങളിൽ വൈകുന്നേരം ആറിനുശേഷമാണ് ബാലഗോകുലം ശോഭായാത്ര നടത്തിയിരുന്നെങ്കിൽ സുരക്ഷ കണക്കിലെടുത്ത് ഇപ്രാവശ്യം പോലീസിന്റെ തീരുമാനപ്രകാരം വൈകുന്നേരം അഞ്ചിനു നടത്തുകയായിരുന്നു. ഇതിനുശേഷം 5.30നാണ് സിപിഎം ഘോഷയാത്രയ്ക്ക് അനുവാദം നൽകിയിരുന്നത്. ബാലഗോകുലത്തിന്റെ ഘോഷയാത്ര മുക്കാൽ ഭാഗം ടൗണിൽനിന്നു കടന്നുപോയ ഉടൻ സിപിഎമ്മിന്റെ ഘോഷയാത്രയും ആരംഭിച്ചതാണു പ്രശ്നമായത്. ഘോഷയാത്രയുടെ മറവിൽ സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ ശോഭായാത്രയിൽ നുഴഞ്ഞുകയറി ബാലഗോകുലം പ്രവർത്തകരെ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപിനേതൃത്വം ആരോപിച്ചു. അക്രമത്തിൽ ശോഭായാത്രയിലുണ്ടായിരുന്ന പിക്കപ്പ് ലോറിയുടെ ഗ്ലാസും തകർന്നു.

ശോഭായാത്രയ്ക്കുനേരേ കരുതിക്കൂട്ടിയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ഇന്നു മുഴക്കുന്ന് പഞ്ചായത്തിൽ ഹർത്താലിന് ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ഹർത്താൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.