രാജ്യസുരക്ഷ പാർട്ടിവേദിയിലല്ല ചർച്ച ചെയ്യേണ്ടതെന്നു കെപിസിസി
രാജ്യസുരക്ഷ പാർട്ടിവേദിയിലല്ല  ചർച്ച ചെയ്യേണ്ടതെന്നു കെപിസിസി
Sunday, September 25, 2016 1:18 PM IST
തിരുവനന്തപുരം: രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ പ്രധാനമന്ത്രി ചർച്ചചെയ്യേണ്ടതു പാർട്ടി വേദിയിൽ അല്ലെന്നും അതു പാർലമെന്റിലാകണമെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. ഉറിയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു കോഴിക്കോട്ടു നടന്ന ബിജെപി ദേശീയ കൗൺസിലിൽ നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെക്കുറിച്ചു കെപിസിസി രാഷ്ട്രീയകാര്യ സമിതി ചർച്ച നടത്തിയതായും സുധീരൻ പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന പാർലമെന്റിലാണ് രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യേണ്ടത്. ഭീകരപ്രവർത്തനങ്ങൾക്കെതിരേ രാജ്യം ഒറ്റക്കെട്ടായി അണിചേരേണ്ട സന്ദർഭമാണിത്. ഈ അവസരത്തിൽ ബിജെപിയുടെ ദേശീയ സമ്മേളനം മാറ്റിവയ്ക്കണമായിരുന്നു.

രാജ്യസുരക്ഷയിലുണ്ടായ വലിയ വീഴ്ചയാണു ഭീകരാക്രമണം ചൂണ്ടിക്കാട്ടുന്നത്. പത്താൻകോട് ഭീകരാക്രമണത്തിൽനിന്നു പാഠങ്ങൾ പഠിച്ചു ശരിയായ നടപടികൾ സ്വീകരിക്കണമായിരുന്നു. കേന്ദ്രസർക്കാരിന്റെ പരാജയമാണ് ഇതു തെളിയിക്കുന്നത്.


കേരളത്തിൽ സർക്കാർ ഉണ്ടാക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനം മലർപ്പൊടിക്കാരെൻറ സ്വപ്നം മാത്രമാണ്. മുമ്പു പ്രധാനമന്ത്രി കേരളത്തിൽ വന്നപ്പോൾ റബർ കർഷകരെ രക്ഷിക്കുമെന്നു പ്രഖ്യാപിച്ചു. പാഴ്വാക്കായതല്ലാതെ ഒന്നും നടന്നില്ല. മത്സ്യത്തൊഴിലാളികൾക്കു വീടുവയ്ക്കാൻ തീരപരിപാലന നിയമത്തിൽ ഭേദഗതി ചെയ്യുമെന്നു പറഞ്ഞെങ്കിലും ഒന്നും ചെയ്തില്ല. കേരളത്തിൽ ബിജെപിയും സിപിഎമ്മും വർഗീയ ധ്രുവീകരണത്തിനു ശ്രമിക്കുകയാണ്. ഇതിനെതിരേ കോൺഗ്രസ് ശക്‌തമായ പ്രചാരണം നടത്തും: സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.